ജയലളിതയുടെ മരണാനന്തര ചടങ്ങുകള്‍ വീണ്ടും നടത്തി

മാണ്ഡ്യ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് മോക്ഷം ലഭിക്കാന്‍ അവരുടെ ബന്ധുക്കള്‍ സംസ്‌കാരചടങ്ങുകള്‍ വീണ്ടും നടത്തി. കര്‍ണാടകയില്‍ ശ്രീരംഗപട്ടനത്തിനടുത്ത് പശ്ചിമവാഹിനി എന്ന സ്ഥലത്ത് വച്ചാണ് ജയലളിതയുടെ അര്‍ധസഹോദരന്‍ വരദരാജുവിന്റെ നേതൃത്വത്തില്‍ അയ്യങ്കാര്‍ രീതിയിലുള്ള മരണാനന്തരചടങ്ങുകള്‍ വീണ്ടും നടത്തിയത്.

ജയലളിതയുടെ ഭൗതികദേഹമെന്ന സങ്കല്‍പത്തില്‍ ഒരു മനുഷ്യരൂപം വച്ചാണ് പ്രധാനപൂജാരി രംഗനാഥ് അയ്യങ്കാരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നത്. മൃതദേഹം ദഹിപ്പിച്ചാല്‍ മാത്രമേ ജയലളിതയ്ക്ക് മോക്ഷം ലഭിക്കൂവെന്നും അതിനു വേണ്ടിയാണ് ഇങ്ങനെ ചടങ്ങുകള്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മരണാനന്തരം നടത്തേണ്ട ചില ചടങ്ങുകള്‍ അടുത്ത അഞ്ച് ദിവസങ്ങളിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

അയ്യങ്കാര്‍ രീതിയിലുള്ള ശവസംസ്‌കാര ചടങ്ങുകള്‍ നടത്താതെ ജയലളിതയുടെ ഭൗതികദേഹം മറവു ചെയ്തതില്‍ കര്‍ണാടകയിലുള്ള അവരുടെ ബന്ധുക്കള്‍ അതൃപ്തരാണ്. മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്താത്തതില്‍ കടുത്ത രോഷമാണ് ജയലളിതയുടെ സഹോദരന്‍ വരദരാജന്‍ പ്രകടിപ്പിച്ചത്.

”എന്റെ സഹോദരി ഒരു യുക്തിവാദിയായിരുന്നുവോ…? അവര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാത്ത ആളായിരുന്നുവോ…… അവര്‍ ഹൈന്ദവാചാരം പാലിക്കാത്ത ആളായിരുന്നോ…. എന്ത് കൊണ്ട് അവളെ ഇങ്ങനെ സംസ്‌കരിക്കാന്‍ അവരുടെ പാര്‍ട്ടി തീരുമാനിച്ചത്. എന്തിനാണ് സംസ്‌കാര ചടങ്ങുകളില്‍ നിന്ന് ഞങ്ങളെ അകറ്റി നിര്‍ത്തിയത്…..” അദ്ദേഹം ചോദിക്കുന്നു.

അതിനിടെ ജയലളിതയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരു സന്നദ്ധസംഘടന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

അപ്പോളോയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലത്തെ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തണം. ആസ്പത്രിയില്‍ നിന്ന് അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണാതായിട്ടുണ്ടെന്നും അത് വീണ്ടെടുക്കണമെന്നും പറയുന്ന ഹര്‍ജിയില്‍ ജയലളിതയുടെ മരണകാരണം പുറത്തു കൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.

You must be logged in to post a comment Login