ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് മരിച്ചത് 470 പേരെന്ന് അണ്ണാ ഡിഎംകെ

ചെന്നൈ: ജയലളിത രോഗബാധിതയായി ചികിത്സയില്‍ കഴിഞ്ഞ നാളുകളിലും മരണശേഷവും മനംനൊന്ത് മരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ജയലളിതയുടെ വിയോഗത്തില്‍ മനംനൊന്ത് മരിച്ചവരുടെ എണ്ണം 470 ആണെന്ന് അണ്ണാ ഡിഎംകെ ഇന്നു വ്യക്തമാക്കി. മരിച്ച 203 പേരുടെ പട്ടിക ഇന്നലെ പാര്‍ട്ടി പുറത്തുവിട്ടിരുന്നു ചെന്നൈ, വെല്ലൂര്‍, തിരുവല്ലൂര്‍, തിരുന്നാമാലൈ, കുഡല്ലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്നായിരുന്നു വിശദീകരണം.

‘അമ്മ’യുടെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ വീതം നല്‍കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം സഹായധനം നല്‍കും.

നേരത്തെ, ജയയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് മരിച്ച 77 പേരുടെ മറ്റൊരു പട്ടികയും അണ്ണാ ഡിഎംകെ പുറത്തുവിട്ടിരുന്നു. സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈമാസം നാലിന് ഹൃദയാഘാതം ഉണ്ടായതിനെതുടര്‍ന്ന് പിറ്റേന്ന് ജയലളിത അന്തരിച്ചു.

You must be logged in to post a comment Login