ജയലളിതയെ അധികാരത്തില്‍ നിന്ന് നീക്കി മുഖ്യമന്ത്രിപദം തട്ടിയെടുക്കാന്‍ ദിനകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു; ആരോപണവുമായി പനീര്‍സെല്‍വം

ചെന്നൈ: ജയലളിത ജീവിച്ചിരുന്ന കാലത്തുതന്നെ ചതിയിലൂടെ മുഖ്യമന്ത്രിപദത്തിലെത്താന്‍ ശ്രമിച്ചയാളാണ് ടി.ടി.വി.ദിനകരനെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. ഇതു മുന്നില്‍ക്കണ്ടാണു ജയലളിത ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്നും പനീര്‍സെല്‍വം പറഞ്ഞു. മന്നാര്‍ഗുഡിയില്‍ സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഒപിഎസിന്റെ പരാമര്‍ശം.

‘കക്ഷിയിലും ഭരണത്തിലും മന്നാര്‍ഗുഡി കുടുംബം അനാവശ്യ ഇടപെടലുകള്‍ നടത്തിയിരുന്നു. ജയലളിതയെ അധികാരത്തില്‍നിന്നു നീക്കി മുഖ്യമന്ത്രിപദം തട്ടിയെടുക്കാന്‍ ദിനകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു. അതിനാലാണ് അവര്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടത്.’പനീര്‍സെല്‍വം പറഞ്ഞു.

ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ശശികലയുടെ സഹോദരന്‍ ദിവാകരന്‍ തന്നെ നിര്‍ബന്ധിച്ചതായും, മന്നാര്‍ഗുഡി കുടുംബത്തെ അറിയാവുന്നതുകൊണ്ടു താന്‍ ആദ്യം അതു നിരസിച്ചെങ്കിലും പാര്‍ട്ടിയുടെ ഭാവി മുന്‍നിര്‍ത്തി മുഖ്യമന്ത്രി ആവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശശികല ജയിലില്‍ പോയതിനു പിന്നാലെ മുഖ്യമന്ത്രിയാവാന്‍ ദിനകരന്‍ ശ്രമിച്ചെങ്കിലും തന്റെ ധര്‍മയുദ്ധം അതു തടഞ്ഞതായും പനീര്‍സെല്‍വം പറഞ്ഞു.

You must be logged in to post a comment Login