ജയലളിതയ്ക്ക് വേണ്ടി പ്രത്യേക പൂജ

പ്രധാനമന്ത്രി പദത്തിലേക്കുയരാന്‍ പ്രാര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ പ്രത്യേക പൂജയും അന്നദാനവും. പാലക്കാട്ട് പല്ലശ്ശേനക്കാവിലാണ് 21 ബ്രാഹ്മണരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മൃത്ൃഞ്ജയഹോമം ഉള്‍പ്പടെയുള്ള പൂജകള്‍ നടന്നത്. പാലക്കാട് പല്ലശ്ശേന ദേവീക്ഷേത്രത്തിന്റെ പരിസരത്തെത്തിയാല്‍ തമിഴ്‌നാട്ടിലെത്തിയപോലെ. എവിടെനോക്കിയാലും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആശംസയര്‍പ്പിച്ച് തോരണങ്ങളും ഹോര്‍ഡിങ്ങുകളും. അഭീഷ്ടവരദായിനിയായ പല്ലശ്ശേന ദേവിയുടെ മുന്നിലാണ് ജയലളിതയ്ക്ക് രാഷ്ട്രീയ ഉന്നമനത്തിനായുള്ള പൂജകളും അന്നദാനവും നടന്നത്. ആയുസൂക്ത പുഷ്പാഞ്ജലി, മഹാഗണപതിഹോമം തൊട്ട് സുദര്‍ശനഹോമവും മഹാമൃത്യുഞ്ജയഹോമവും വരെയാണ് ജയലളിതയുടെ പേരില്‍ വഴിപാട് നടത്തിയിരിക്കുന്നത്. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 21 ബ്രാഹ്മണരാണ് പൂജയ്ക്ക് കാര്‍മ്മികത്വം വഹിച്ചത്.


5 ലക്ഷം രൂപയാണ് പൂജയ്ക്കും അന്നദാനത്തിനുമായി ചിലവായത്. ജയലളിത പ്രധാനമന്ത്രിയായാലും ഇല്ലെങ്കിലും നാട്ടുകാരൊക്കെ ചടങ്ങില്‍ സംബന്ധിച്ചു. പൂജയുടെ പ്രസാദവും പായസവും അന്നദാനം നല്‍കിയ വെജിറ്റബിള്‍ ബിരിയാണിയും വാങ്ങിക്കഴിച്ചാണ് ജനങ്ങള്‍ പിരിഞ്ഞത്. ജയലളിതയുടെ ജന്മനാളായ ഫെബ്രുവരി 24ന് കേരളത്തിലെ 66 ദേവീ ക്ഷേത്രങ്ങളിലാണ് സമാനമായ പൂജയും വഴിപാടും നടത്തുന്നത്.

You must be logged in to post a comment Login