ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്തുകേസില്‍ ഇന്ന് വിധി പറയും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ അനധികൃത സ്വത്തുകേസില്‍ ബംഗളുരുവിലെ  പ്രത്യേക കോടതി ഇന്ന്്് വിധി പറയും. ജഡ്ജി ജോണ്‍ മിഖായേല്‍ ആണ് വിധി പ്രസ്താവിക്കുക. 18 വര്‍ഷത്തെ വിചാരണയ്‌ക്കൊടുവില്‍ എത്തുന്ന വിധി കേള്‍ക്കുന്നതിനായി ജയലളിതക്കൊപ്പം സംസ്ഥാന മന്ത്രിമാരടക്കം വലിയൊരു സംഘം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ടു തന്നെ ബംഗളുരുവിലെത്തിയിരുന്നു.28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍, 10,500 സാരികള്‍ എന്നിവയടക്കം 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് ജയലളിത, തോഴി ശശികല, ദത്തു പുത്രനായിരുന്ന വി.എന്‍.സുധാകരന്‍, ശശികലയുടെ സഹോദര ഭാര്യ ഇളവരശി എന്നിവര്‍ക്കെതിരായ ആരോപണം. 1991 മുതല്‍ 96 വരെ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നാണ് പരാതി.  ഡിഎംകെ പ്രവര്‍ത്തകന്റെ പരാതിയെത്തുടര്‍ന്നു 1996ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, 2001ല്‍ കുറച്ചു ദിവസം ജയില്‍വാസവും അനു‘വിച്ചിട്ടുണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി.
ജയലളിത മുഖ്യമന്ത്രിയായിരിക്കെ ചെന്നൈ കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ സ്വാധീനിക്കപ്പെടുമെന്ന ഡിഎംകെ നേതാവ് അന്‍പഴകന്റെ പരാതിയെ തുടര്‍ന്നാണ്, കേസ് ബംഗളുരുവിലേക്ക് മാറ്റിയത്. വിധിയെന്തായാലും തമിഴ്‌നാട്ടില്‍ ഇതുണ്ടാക്കുന്ന അലയൊലികള്‍ ചെറുതായിരിക്കില്ലെന്നുറപ്പാണ്. വിധി പ്രതികൂലമായാല്‍ ജയലളിതയുടെ രാഷ്ട്രീയ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടും. കുറ്റക്കാരിയെന്നു കണ്ടെത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും. ജയലളിത മാറി നിന്നാല്‍ അണ്ണാ ഡിഎംകെയുടെ ഭാവിയും തുലാസിലാകും. എന്നാല്‍ വിധി അനുകൂലമായാല്‍ ജയലളിതയ്്ക്കും അണ്ണാ ഡിഎംകെക്കും അടുത്ത കാലത്തെങ്ങും തമിഴകത്തൊരു എതിരാളിയുണ്ടാകില്ല. ഒപ്പം സുപ്രീംകോടതിയില്‍ നടക്കുന്ന പിറന്നാള്‍ സമ്മാന കേസിനെ ആത്മവിശ്വാസത്തോടെ നേരിടാനും ജയലളിതയ്ക്കാകും.

You must be logged in to post a comment Login