ജയലളിത പൂര്‍ണ ആരോഗ്യവതി; ഉടന്‍ തന്നെ തിരികെ വരുമെന്ന് എഐഎഡിഎംകെ

jayalalithaa

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പൂര്‍ണ ആരോഗ്യവതിയെന്ന് എഐഎഡിഎംകെ. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലായ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇപ്പോള്‍ ആരോഗ്യവതിയാണെന്നും ഉടന്‍ തന്നെ വീട്ടിലേക്ക് തിരികെ വരുമെന്നും എഐഎഡിഎംകെ വ്യക്തമാക്കി.

ആപ്പോള ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ അമ്മ ആരോഗ്യവതിയാണെന്ന് വ്യക്തമായതായും ഉടന്‍ വീട്ടിലേക്ക് തിരികെ വരുമെന്നും എഐഎഡിഎംകെ വക്താവ് സി ആര്‍ സരസ്വതി മാധ്യമങ്ങളോട് പറഞ്ഞു. പൊതു സേവനത്തിനായി ജീവിതം നീക്കി വെച്ച ജയലളിത, ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമം എടുക്കുകയായിരുന്നുവെന്ന് സരസ്വതി പറഞ്ഞു.

ജയലളിത സര്‍ക്കാര്‍ പുറത്തിറക്കിയ ജനസേവന പരിപാടികളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കായി ഇനിയും ഒട്ടനവധി ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും സമീപ ഭാവിയില്‍ തന്നെ അവ പ്രഖ്യാപിക്കുമെന്നും സരസ്വതി അറിയിച്ചു. കടുത്ത പനിയും നിര്‍ജലീകരണവും കാരണം സെപ്തംബര്‍ 22 നായിരുന്നു ജയലളിതയെ അപ്പോള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ദില്ലി എയിംസില്‍ നിന്നുള്ള മൂന്നംഗ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് ഒപ്പം, ലണ്ടനില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടറും ജയലളിതയുടെ ചികിത്സയ്ക്കായി എത്തിയിരുന്നു.

അതേസമയം, എഐഎഡിഎംകെ മന്ത്രിയും ബിജെപി നേതാവുമായ എച്ച് വി ഹാന്‍ഡെയും ജയലളിത സുഖം പ്രാപിച്ച് വരികയാണെന്നും ഒരാഴ്ച ആല്ലെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ ജയലളിത ആശുപത്രി വിടുമെന്നും വ്യക്തമാക്കി. ജയലളിതയുടെ തിരിച്ച് വരവിനായി തമിഴ്‌നാട്ടിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അമ്പലങ്ങളിലും, പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തി വരികയാണ്.

You must be logged in to post a comment Login