ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റു; മുഖ്യമന്ത്രിയാകുന്നത് ആറാം തവണ

jayalalitha
ചെന്നൈ: തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ജയലളിത മുഖ്യമന്ത്രിയായി അധികാരമേറ്റത്. ജയലളിതയ്‌ക്കൊപ്പം 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് യൂണിവേഴ്‌സിറ്റി ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ കെ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്രമന്ത്രിമാര്‍, സിനിമാസാസംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാമരാജിനും എംജിആറിനും ശേഷം ഭരണത്തുടര്‍ച്ച നേടുന്ന ആദ്യ തമിഴ്‌നാട് മുഖ്യമന്ത്രിയാണ് ജയലളിത. ഇത് ആറാം തവണയാണ് ജയലളിത തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുന്നത്. 29 അംഗ മന്ത്രിസഭയില്‍ 13 പേര്‍ പുതുമുഖങ്ങള്‍ ആണ്. ജയലളിതയുള്‍പ്പെടെ നാല് സ്ത്രീകള്‍ പുതിയ മന്ത്രിസഭയില്‍ ഉണ്ട്. മുന്‍മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായ ഒ.പനീര്‍ശെല്‍വം ആണ് ധനമന്ത്രി. തമിഴ്‌നാടിന്റെ പതിനെട്ടാം മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 234 അംഗ നിയമസഭയില്‍ 126 സീറ്റുകളാണ് ജയലളിതയുടെ എഐഎഡിഎംകെ നേടിയത്. ഡിഎംകെകോണ്‍ഗ്രസ് സഖ്യത്തിന് 104 സീറ്റുകള്‍ ലഭിച്ചു. വിജയപ്രതീക്ഷയിലായിരുന്ന വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് ഒറ്റ സീറ്റും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

എക്‌സിറ്റ്‌പോളുകളില്‍ കരുണാനിധിയുടെ ഡിഎംകെയായിരുന്നു മുന്നില്‍. എന്നാല്‍ അഭിപ്രായ സര്‍വെകള്‍ ഒന്നടങ്കം പ്രവചിച്ചത് എഐഎഡിഎംകെയുടെ വിജയമായിരുന്നു.

You must be logged in to post a comment Login