ജയിലുകളില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്ന തടവുകാരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തടവുകാരുടെ ദുരൂഹമരണങ്ങളില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. 2012 മുതല്‍ ഇത്തരത്തില്‍ മരിച്ചവരുടെ കുടുംബത്തെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസുമാരോട് കോടതി ഉത്തരവിട്ടു. രാജ്യത്തെ 1382 ജയിലുകളുടെ ശോചനീയാവസ്ഥ വിവരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍സി ലഹോട്ടി 2013ല്‍ അയച്ച കത്തിന്മേലാണ് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ സുപ്രധാന വിധി.

ചില്‍ഡ്രന്‍സ് ഹോമുകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ജയിലുകളില്‍ അസാധാരണ സാഹചര്യങ്ങളില്‍ മരിക്കുന്ന തടവുകാരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗുരുതരമായ വീഴ്ചയാണ് നടത്തുന്നത്. നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്രസംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളുടെ ഉത്തരവുകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഹൈക്കോടതികള്‍ നേരിട്ട് ഇടപെടണമെന്ന് വിധിയില്‍ പറയുന്നു.

2012 മുതല്‍ ഇത്തരത്തില്‍ മരിച്ച തടവുകാരുടെ കുടുംബത്തെ കണ്ടെത്തുന്നതിന് സ്വമേധയ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് കോടതി ഉത്തരവിട്ടു. കുറ്റവാളികളാണ് എന്ന കാരണത്താല്‍ തടവുകാരുടെ കുടുംബത്തിന് നീതി നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോമുകളിലും, പൊലീസ് കസ്റ്റഡികളിലും മരിച്ച കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവത്തെയും വിധി വിമര്‍ശിക്കുന്നു. ഇങ്ങനെ മരിക്കുന്ന കുട്ടികളെ ശബ്ദമില്ലാത്തവരെന്നാണ് കോടതി വിശേഷിപ്പിക്കുന്നത്. ഡിസംബര്‍ 31നകം തടവറകളില്‍ മരിച്ച കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് സമര്‍പ്പിക്കണമെന്നും കേന്ദ്ര ശിശു ക്ഷേമ മന്ത്രാലയത്തോട് കോടത ഉത്തരവിട്ടു.

You must be logged in to post a comment Login