ജലം ജീവാമൃതം

  • വി. കെ. ശ്രീധരന്‍

3500 ദശലക്ഷം വര്‍ഷം മുമ്പ് ജീവന്‍ ആവിര്‍ഭവിച്ചത് സമുദ്രത്തില്‍. ജലമില്ലെങ്കില്‍ ജീവനില്ല. വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടുമാത്രം നീലഗ്രഹമായ ഭൂമി അധിവാസയോഗ്യം. ജലത്തിന്റെ 97. 6 ശതമാനവും കടലില്‍. 1.9 ശതമാനം മഞ്ഞുപാളികളില്‍. ബാക്കിയുള്ള ഒരു ശതമാനത്തില്‍ താഴെ വരുന്ന ജലം മാത്രമാണ് ഭൂഗര്‍ഭത്തിലും മറ്റു ജലസ്രോതസ്സുകളിലും. അതിനാല്‍ ജലസംരക്ഷണം അതിപ്രധാനം.. നദി സംസ്‌കൃതിയുടെ പിള്ളത്തൊട്ടില്‍. പുഴ നശിക്കുമ്പോള്‍ ഇല്ലാതാകുന്നത് സാംസ്‌കാരിക പ്രവാഹം. ഡാമുകളും വെള്ളപ്പൊക്കത്തിന്റെ ഒഴുക്ക് തടയപ്പെടലും ജല നിര്‍ഗമന വഴികള്‍ അടുത്തുപോകുന്നതും കാരണങ്ങള്‍. കേരളത്തില്‍ കടലും കാടും വളരെ അടഞ്ഞുകിടക്കുന്നതുകൊണ്ടും ചെരിഞ്ഞ ഭൂപ്രകൃതി ആയതിനാലും മഴ പെയ്ത് 48 മണിക്കൂറിനുള്ളില്‍ വെളളം സമുദ്രത്തിലെത്തുന്നു. പുഴയുടെ ഒഴുക്ക് കുറയുമ്പോള്‍ സാഗരത്തില്‍ നിന്നും കയറി വരുന്നത് ഓരുജലം. ഭൂഗര്‍ഭജലനിരപ്പ് കുറഞ്ഞാലും കിണറുകൡലും കുളങ്ങളിലുമെല്ലാം വ്യാപിക്കുന്നതും ഉപ്പുവെള്ളം. വെള്ളത്തിന്റെ നഷ്ടം ബാഷ്പീകരണം മൂലം 18 ശതമാനം ഉപരിതലത്തിലെ ഒഴക്കിലൂടെ ഇരുപത്തിയൊന്‍പത് ശതമാനം 53 ശതമാനം മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നു. ഇന്ത്യയില്‍ പെയ്തിറങ്ങുന്നതും പാക്കിസ്ഥാന്‍, നേപ്പാള്‍, തിബറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നും ഒലിച്ചുവരുന്നതുമായി നമുക്ക് ലഭിക്കുന്ന 4,20, 000 കോടി ഘനമീറ്റര്‍ ജലത്തില്‍ സമുദ്രത്തിലെത്തുന്നത് 22 ശതമാനം.

ചെരിഞ്ഞ ഭൂപ്രകൃതിയാലും വീതി കുറവായതിനാലും കേരളത്തില്‍ പെയ്യുന്ന മഴയുടെ 50 ശതമാനവും പാരാവാരത്തിലേക്ക്. മരങ്ങളുണ്ടെങ്കില്‍, കാടുണ്ടെങ്കില്‍, മണ്ണ് പശിമയുള്ളതും ജലാഗിരണശേഷിയുള്ളതും പുതയിട്ടതോ പുല്ലിന്റെ മേലാപ്പുള്ളതോ ആണെങ്കില്‍, ചെരിഞ്ഞ ഭൂമികളില്‍ അതിനനുസരിച്ച് കൃഷിരീതികളുണ്ടെങ്കില്‍ ഒലിച്ചുപോക്ക് തുലോം കുറവ്. മഴയുടെ 7.2 ശതമാനം വൃക്ഷങ്ങളുടെ തടിയിലൂടെയും 38.2 ശതമാനം ഇലകളില്‍ തട്ടിയും മണ്ണിലെത്തുന്നു. നേരിട്ട് പതിക്കുന്നത് 54. 6 ശതമാനം മാത്രം. കാടും കാവും പരിപാലിച്ചും മരങ്ങള്‍ നട്ടും ജലം സംരക്ഷിക്കുകയും അന്തരീക്ഷ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യാം. ഒരു ഹെക്ടര്‍ വനംപിടിച്ചു നിര്‍ത്തുന്നത് 30,000 ഘന മീറ്റര്‍ ജലം, കുളം, കിണര്‍, വയലേലകള്‍, തോടുകള്‍, പുഴകള്‍, കായലുകള്‍ എന്നിവ സംരക്ഷിച്ചും ജലനിരപ്പുയര്‍ത്താം. ഇങ്ങിനെ തടയാനാകുന്നത് കുടിവെള്ളക്ഷാമവും വിശനാശവും. മഴ പെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ നിന്നും ഒഴുകുമ്പോള്‍ മണ്ണിലെ മാലിന്യങ്ങള്‍ കലര്‍ന്നും ഖര- ദ്രവ മാലിന്യം ഒലിച്ചിറങ്ങിയും ഗാര്‍ഹിക/ വ്യാവസായിക മാലിന്യങ്ങളിലൂടെയും വെളളം കേടാകുന്നു. ജലാശയങ്ങളില്‍ കന്നുകാലികളെ കുളിപ്പിച്ചും വാഹനങ്ങള്‍ കഴുകിയും മാലിന്യങ്ങള്‍ നിക്ഷേപിച്ചും വെള്ളം അശുദ്ധമാക്കുന്നു. തെറ്റായ കൃഷിയും വികസന പദ്ധതികളും നഗരവത്ക്കരണവും ജനസംഖ്യവര്‍ദ്ധനവും കയ്യേറ്റങ്ങളും വനനശീകരണവും മണ്ണ്/മണല്‍ ഖനനവും ഭൂഗര്‍ഭജല ചൂഷണവും കുന്നുകള്‍ ഇടിച്ചുനിരത്തുന്നതും വയലും കായലും ചതുപ്പുകളും നികത്തുന്നതും ധൂര്‍ത്തും ദുരൂപയോഗവും ഏറ്റവും വലിയ വിപത്ത്.

കുടിക്കാന്‍ , ഭക്ഷണം പാകം ചെയ്യാന്‍, കുളിക്കാന്‍, ശുചീകരണത്തിനും ജലസേവനത്തിനും വൈദ്യുതിക്കും സസ്യങ്ങള്‍ക്ക് വളര്‍ച്ചക്കും പ്രത്യുത്പാദനത്തിനും മണ്ണും ജൈവസമ്പത്തും ക്രമപ്പെടുത്താന്‍ ജലം അനിവാര്യം. ഭക്ഷണമില്ലാതെ മനുഷ്യന് നൂറുദിവസം ജീവിക്കാം.എന്നാല്‍ വെള്ളമില്ലാതെ നമുക്ക് കഴിയാനാകുന്നത് 86 മണിക്കൂറുകള്‍ മാത്രം. ശരീരത്തിലെ വെള്ളത്തിന്റെ അളവ് അറുപതു ശതമാനം. വെള്ളമില്ലാതെ കൃഷി നശിച്ച് പട്ടിണിയിലായ ചരിത്രമാണ് സോമാലിയയുടേയും എത്യോപ്യയുടേയും. എവിടെ ദുര്യോഗമുണ്ടായാലും അത് നമ്മെ ബാധിക്കുമെന്നതിന് തെളിവ് സോമാലിയന്‍ കടല്‍കൊള്ള. വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനായിരിക്കും. അത് സാരമായി ബാധിക്കുന്നത് ധാന്യവിപണിയേയും ജനജീവിതത്തേയും. ജലം സാര്‍വ്വലൗകീക സ്വത്ത്. അതുകൊണ്ട്് കരുതലോടെ ഉപയോഗിക്കുക.

 

You must be logged in to post a comment Login