ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്: അറസ്റ്റ് നടക്കാത്തത് കുറ്റാരോപിതരും പൊലീസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ മൂലം: ജസ്റ്റിസ് കെമാല്‍ പാഷ

 

കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ജസ്റ്റിസ് കെമാല്‍ പാഷ. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ അറസ്റ്റ് നടക്കാത്തത് കുറ്റാരോപിതനും പൊലീസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടാണെന്ന് കെമാല്‍ പാഷ ആരോപിച്ചു. ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കാത്തത് ഇതിനു തെളിവാണ്. ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാത്തതു പൊലീസിന്റെ അറിവോടെയാണ്. ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നും വൈദ്യപരിശോധനയ്ക്കു വിധേയനാക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സമരപ്പന്തലിലെത്തിയ ശേഷം കെമാല്‍ പാഷ ആവശ്യപ്പെട്ടു.

ബിഷപ്പും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സന്യാസിനികള്‍ തിരുവസ്ത്രം ധരിച്ചാല്‍ പ്രതികരണ ശേഷിയുണ്ടാവില്ല എന്നാണ് ചില നരാധമന്‍മാര്‍ കരുതുന്നത്. അവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തു കൂട്ടുന്നത്. അതിന് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനില്‍ക്കുകയാണ്. ഇത്തരം വൃത്തികെട്ട കേസ് തന്റെ ന്യായാധിപ ജീവിതത്തില്‍ കേട്ടിട്ടില്ല. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു.

അതിനിടെ കേസ് അട്ടിമറിക്കാനുളള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീയുടെ കുടുംബം വ്യക്തമാക്കി. എന്നാല്‍ കേസ് ക്രൈംബ്രാഞ്ചിനു വിടില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് രണ്ടാംഘട്ട അന്വേഷണത്തിനു ശേഷവും കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയുടെ നിലപാട്. കന്യാസ്ത്രീയുടെ മൊഴിയെ സാധൂകരിക്കുന്ന കുടുതല്‍ തെളിവുകള്‍ രണ്ടാംഘട്ടത്തില്‍ പൊലീസിനു ലഭിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴികള്‍ പച്ചക്കള്ളമാണെന്നും കണ്ടെത്തി. വര്‍ഷങ്ങളായി തനിക്കു കീഴില്‍ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീയെ അറിയില്ലെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴി.

You must be logged in to post a comment Login