ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധം; കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് കോടതിയെ സമീപിക്കുന്നത്. കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നാണ് ആരോപണം. അതേസമയം, അറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ കൊച്ചിയില്‍ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്.

സമരത്തിന് പിന്തുണയുമായി കൂടുതല്‍ കന്യാസ്ത്രീകളും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും എത്തുന്നുണ്ട്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മിഷണറീസ് ഓഫ് ജീസസ് രംഗത്ത് എത്തിയിരുന്നു.

ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു. അതേസമയം, കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതിയില്‍ പൊലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്ന് കോടതി പൊലീസിനോട് ചോദിച്ചു. കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തു എന്നാണ് കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം.

സ്വീകരിച്ച നടപടി അറിയിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

You must be logged in to post a comment Login