ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നാല് തവണ കണ്ണൂര്‍ മഠത്തില്‍ എത്തി; എന്നാല്‍ താമസിച്ചതായി രേഖകളില്ല

കണ്ണൂര്‍: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന. അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമായിരിക്കും അറസ്റ്റ് എന്ന് വൈക്കം ഡിവൈഎസ്പി പറഞ്ഞു.ബിഷപ്പ് കാരണം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചുവെന്ന ആരോപണത്തില്‍ തെളിവൊന്നും കിട്ടിയില്ലെന്ന് വൈക്കം ഡിവൈഎസ്പി പറഞ്ഞു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നാല് തവണ കണ്ണൂര്‍ മഠത്തില്‍ പോയിട്ടുണ്ട്. എന്നാല്‍ താമസിച്ചതായി രേഖകളില്ല. ഈ കാലയളവ് താമസിച്ച കന്യാസ്ത്രീകളുടെ മൊഴിയെടുക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു. കണ്ണൂര്‍ പരിയാരത്തെ മഠത്തിലെ പരിശോധനയില്‍ ലഭിച്ച രേഖകളെല്ലാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജലന്ധറിലേക്ക് പോകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് സന്യാസി മഠം രംഗത്തെത്തി. ബിഷപ്പിനെതിരെ നിലപാട് എടുക്കാനാകില്ലെന്നും ബിഷപ്പിന്റെ അധീനതയിലാണ് മഠം എന്നും മദര്‍ ജനറല്‍ പറഞ്ഞു. കന്യാസ്ത്രീയുടെ സഹോദരിയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  സന്യാസിനി മഠത്തിന്റെ നിലനില്‍പ്പിന് ബിഷപ്പിന്റെ പിന്തുണ ആവശ്യമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ സ്വഭാവഹത്യ നടത്തുന്നുവെന്ന് ജലന്ധര്‍ രൂപതയിലെ വൈദികന്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് മുന്‍പും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരനായ വൈദികന്‍ പറഞ്ഞു. തെറ്റുകള്‍ മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും വൈദികന്‍ പറഞ്ഞു. കന്യാസ്ത്രീയുമായി മുന്‍പ് പ്രശ്‌നങ്ങളില്ലായിരുന്നെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം തെറ്റാണെന്നും വൈദികന്‍ ചൂണ്ടിക്കാട്ടി. ആരോപണമുന്നയിച്ച കന്യാസ്ത്രീയടക്കം മൂന്ന് പേര്‍ക്കെതിരെ ബിഷപ്പ് പരാതി നല്‍കിയിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കുന്നെന്നായിരുന്നു 2017 നവംബറില്‍ ബിഷപ്പ് നല്‍കിയ പരാതി. 2018ലും വധഭീഷണിയുണ്ടെന്ന് കാണിച്ച് കന്യാസ്ത്രീക്ക് എതിരെ ബിഷപ്പ് പരാതി നല്‍കിയിരുന്നുവെന്ന് വൈദികന്‍ പറഞ്ഞു.

ഇതിനിടെ പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതല്‍ 16 വരെയുള്ള കാലഘട്ടത്തില്‍ കന്യാസ്ത്രീ തനിക്കൊപ്പം പല പരിപാടികളിലും പങ്കെടുത്തിരുന്നുവെന്ന് ബിഷപ്പ് പറയുന്നു. തന്റെ 25ാമത് പൗരോഹിത്യ ജൂബിലിയിലും, 2016 നവംബറില്‍ എന്റെ അമ്മ മരിച്ചപ്പോഴും കന്യാസ്ത്രീ പങ്കെടുത്തിരുന്നു. ആരോപണത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അവര്‍ ഈ പരിപാടികളില്‍ പങ്കെടുക്കുമായിരുന്നോയെന്ന് ബിഷപ്പ് ചോദിച്ചു.

You must be logged in to post a comment Login