ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സായുധ പൊലീസിനെ വിന്യസിച്ചു; റോഡിന്റെ ഇരുഭാഗവും ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുന്നു

ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ സായുധ പൊലീസിനെ വിന്യസിച്ചു. ബിഷപ്പ് ഹൗസിന് മുന്നിലെ റോഡിന്റെ ഇരുഭാഗവും ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുന്നു. ബിഷപ്പ് ഹൗസിന് ചുറ്റും പഞ്ചാബ് പൊലീസിനെയാണ് വിന്യസിച്ചത്. ജലന്ധര്‍ ബിഷപ്പിനെതിരെ കേസെടുത്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

രാവിലെ മുതല്‍ വാഹനങ്ങളില്‍ വിശ്വാസികള്‍ കൂട്ടത്തോടെ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പള്ളിക്ക് മുന്നില്‍ വടം കെട്ടി തിരിച്ചിരിക്കുകയാണ്. റോഡിന് ഇരുവശവും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ വിശ്വാസികള്‍ ഇവിടേക്ക് എത്തുന്നത് ഒഴിവാക്കുന്നതിനാണ് നടപടി. കേരളത്തില്‍ നിന്നെത്തിയ അന്വേഷണ സംഘം ബിഷപ്പ് ഹൗസിലേക്ക് ഉടന്‍ എത്തുമെന്നാണ് വിവരം.

ഇതിനിടെ, പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിനായുള്ള നീക്കം നടന്നുവരികയാണെന്നുള്ള സൂചനയുണ്ട്. കേരള ഹൈക്കോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍, ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള ശ്രമം.

ബിഷപ്പിനെ ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നും അതിന് ശേഷം അറസറ്റുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.

കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ആദ്യ സംഭവം നടന്നത് 2014ലാണ്. അതിനാല്‍ തന്നെ പ്രാഥമികാന്വേഷണത്തിന് ശേഷമേ തുടര്‍നടപടികളിലേക്ക് പോകാനാകൂ.തെളിവുകളുടെ അടിസ്ഥാനത്തിലേ അറസ്റ്റ് ചെയ്യാനാകൂ.കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

അതേസമയം ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘത്തലവന്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജലന്ധര്‍ രൂപതക്ക് കീഴിലുള്ള അമൃസറില്‍ സേവനം അനുഷ്ഠിക്കുന്ന രണ്ടു വൈദികരുടെ മൊഴികള്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു വൈദികന്‍ പീഡനത്തിന് ബിഷപ്പിനെതിരെ പരാതി നല്‍കിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ സഹോദരനാണ്. ഈ വൈദികനെ ബിഷപ്പിന്റെ ദൂതന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും പണം ഓഫര്‍ ചെ്തിരുന്നതായും മൊഴി നല്‍കിയതായാണ് അറിയുന്നത്. സഹോദരി ബിഷപ്പിന്റെ വഴിവിട്ട പൊരുമാറ്റത്തെക്കുറിച്ച് തന്നോട് സൂചിപ്പിച്ചിരുന്നതായും മൊഴി നല്‍കിയതായി സൂചനയുണ്ട്.

You must be logged in to post a comment Login