ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി; എല്ലാ ദിവസവും കേസ് പരിഗണിച്ചാല്‍ നടപടി എടുക്കേണ്ടി വരും

ന്യൂഡൽഹി: ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി. മാപ്പ് പറയാന്‍ തയ്യാറാണെന്ന കാര്യം അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് കോടതിയുടെ പ്രതികരണം.

കോടതിയലക്ഷ്യ കേസിൽ ആറു മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്   നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കർണനെ അറസ്‌റ്റ് ചെയ്യാനുള്ള ഉത്തരവ് ഉടൻ നടപ്പാക്കണമെന്നും കോടതി ആവർത്തിച്ചു.

കോടതിയലക്ഷ്യക്കേസിൽ ജസ്റ്റിസ് കർണൻ മാപ്പ് പറഞ്ഞിട്ടില്ല. വിധി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണു സമർപ്പിച്ചിട്ടുള്ളതെന്നായിരുന്നു കർണന്റെ അഭിഭാഷകൻ മാത്യൂസ് നെടുമ്പാറ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

ഏഴംഗ ബെഞ്ചിനു മാത്രമേ കർണന്റെ ഹർജി പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ആദ്യം ഹർജി ഫയൽ ചെയ്യാൻ പറഞ്ഞ ചീഫ് ജസ്റ്റിസ്, അതിനുശേഷം വേണം കാര്യങ്ങൾ പറയാനെന്നും കൂട്ടിച്ചേർത്തു. കോടതിയുടെ വിലയേറിയ സമയം കളയാൻ നിൽക്കരുത്. അല്ലെങ്കിൽ കോടതിക്ക് കോടതിയുടെ അധികാരമുപയോഗിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കു കത്തയച്ചതിനാണു കർണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. കേസ് പരിഗണിച്ച കോടതി, കോടതിയലക്ഷ്യത്തിന് ആറുമാസത്തെ തടവുശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തിരുന്നു.

അന്നു മദ്രാസ് ഹൈക്കോടതിയിൽനിന്നു കൊൽക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീംകോടതി നടപടി കർണൻ സ്വയം സ്റ്റേ ചെയ്തെങ്കിലും പിന്നീട് കൊൽക്കത്തയിലെത്തുകയായിരുന്നു.

You must be logged in to post a comment Login