ജസ്റ്റിസ് വി.കെ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മേഘാലയയിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. മുതിർന്ന ജഡ്ജി വിനീത് കോത്താരിയെ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു.

അടുത്ത കൊല്ലം ഒക്ടോബർ വരെ കാലാവധിയുണ്ടായിരുന്ന താഹിൽ രമണി, സുപ്രിംകോടതി കൊളീജിയത്തിന്റെ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിവച്ചത്. സീനിയോറിറ്റിയിൽ മുന്നിൽ നിൽക്കുന്ന താഹിൽ രമണിയെ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയതിനുള്ള കാരണവും സുപ്രിം കോടതി കൊളീജിയം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, യുക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റമെന്ന് ചൂണ്ടിക്കാട്ടി കൊളീജിയം വാർത്താകുറിപ്പിറക്കി.

താഹിൽ രമണി രാജിക്കത്ത് നൽകിയതിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയിൽ വൻപ്രതിഷേധമാണ് അഭിഭാഷകർ ഉയർത്തിയത്. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനു എന്ന യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയ കേസിലെ പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് നൽകിയത് തഹിൽ രമണി അധ്യക്ഷയായ ബെഞ്ചായിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേയായിരുന്നു ഉത്തരവ്.

You must be logged in to post a comment Login