ജസ്വന്ത് സിങ് ഇന്ന് ബി.ജെ.പി.യില്‍ നിന്നും രാജിവച്ചേക്കും

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബാഡ്‌മേര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ് ബി.ജെ.പി.യില്‍ ഉയര്‍ത്തിയ വെല്ലുവിളി ശനിയാഴ്ചയും പരിഹരിക്കപ്പെട്ടില്ല.

ബാഡ്‌മേറില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് ജസ്വന്ത് ജോധ്പുരില്‍ പറഞ്ഞു. അദ്ദേഹം ഞായറാഴ്ച പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുമെന്നാണ് സൂചന.

ജസ്വന്ത് സിങ് ബാഡ്‌മേര്‍ സീറ്റ് ആവശ്യപ്പെട്ടിട്ടും, കോണ്‍ഗ്രസ്സില്‍ നിന്ന് കൂറുമാറി എത്തിയ സോനാറാം ചൗധരിയെയാണ് ബി.ജെ.പി. ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. മുഖ്യമന്ത്രി വസുന്ധരരാജെയുടെ കടുംപിടിത്തത്തെത്തുടര്‍ന്നായിരുന്നു ഇത്. പാര്‍ട്ടി തന്നോട് മുമ്പ് രണ്ടുതവണ ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും ജസ്വന്ത് പരാതിപ്പെട്ടു. പ്രത്യയശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാതെ കടന്നുകയറുന്നവര്‍ക്ക് പാര്‍ട്ടി സ്ഥാനം നല്‍കുകയാണ്. ബി.ജെ.പി. ഇപ്പോള്‍ രണ്ടായിരിക്കുകയാണ്‌യഥാര്‍ഥപാര്‍ട്ടിയും യഥാര്‍ഥമല്ലാത്തതും. പാര്‍ട്ടിയില്‍ പുതുതായി ചേക്കേറിയവര്‍ക്ക് തീവണ്ടിടിക്കറ്റിനേക്കാള്‍ എളുപ്പത്തില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതായും ജസ്വന്ത് പരിഹസിച്ചു.

യു.പി.യില്‍ കോണ്‍ഗ്രസ്സില്‍നിന്ന് ബി.ജെ.പി.യിലേക്കുവന്ന ജഗദംബിക പാലിനും സോനാറാമിനെപ്പോലെ ബി.ജെ. പി.ടിക്കറ്റ് ലഭിച്ചിരുന്നു.

ഞായറാഴ്ച താന്‍ ബാഡ്‌മേറിലെത്തുമെന്ന് ജസ്വന്ത് സിങ് പറഞ്ഞു. അവിടെ അനുയായികളുമായി ചര്‍ച്ചചെയ്തശേഷമേ തുടര്‍നടപടികള്‍ നിശ്ചയിക്കുകയുള്ളൂ. പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്.

ബാഡ്‌മേറാണ് ജസ്വന്തിന്റെ ജന്മസ്ഥലം. അതേസമയം മുമ്പ് ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം ഇവിടെനിന്ന് മത്സരിച്ചിട്ടില്ല. 15ാം ലോക്‌സഭയില്‍ പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നിന്നുള്ള അംഗമായിരുന്നു. അതിനുമുമ്പ് രാജസ്ഥാനിലെ ജോധ്പുരില്‍നിന്നും ചിത്തോര്‍ഗഢില്‍നിന്നുമാണ് ജസ്വന്ത് വിജയിച്ചത്.

തന്റെ അവസാനമത്സരമാണിതെന്നും അതിനാല്‍ ജന്മനാട്ടില്‍ത്തന്നെ സീറ്റുവേണമെന്നുമാണ് 76കാരനായ അദ്ദേഹം പറയുന്നത്. എന്നാല്‍, പാര്‍ട്ടി കേന്ദ്രനേതൃത്വം വഴങ്ങുന്ന സൂചന ഇതുവരെയില്ല. ജസ്വന്ത് മുതിര്‍ന്ന നേതാവാണെന്ന് അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കഴിവുകള്‍ ഉചിതമായ രീതിയില്‍ പ്രയോജനപ്പെടുത്തുമെന്നാണ് പാര്‍ട്ടിപ്രസിഡന്റ് രാജ്‌നാഥ്‌സിങ്ങും അരുണ്‍ ജെയ്റ്റ്‌ലിയും പറഞ്ഞത്. ഈ നിലപാട് തനിക്ക് സ്വീകാര്യമല്ലെന്ന് ജസ്വന്തും പറയുന്നു.

You must be logged in to post a comment Login