ജാഗ്വറിന്റെ കുഞ്ഞന്‍ എസ്.യു.വി ഉടന്‍

ജാഗ്വര്‍ നിരയിലെ ഏറ്റവും ചെറിയ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമാണ് ഇ-പേസ്. ജാഗ്വര്‍ എഫ്‌-പേസിനും ഐ -പേസിനും ശേഷം എസ്.യു.വി കുടുംബത്തില്‍ പിറവിയെടുത്ത ഇ-പേസ് കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇ-പേസ് ആഗോളതലത്തില്‍ പുറത്തിറക്കും. അടുത്ത വര്‍ഷം തുടക്കത്തില്‍ ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇ-പേസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയുണ്ട്.

പെര്‍ഫോമെന്‍സ് എസ്.യു.വി എഫ് -പേസുമായി ചേര്‍ന്നുനില്‍ക്കുന്ന രൂപമാണ് ഈ കുഞ്ഞന്‍ എസ്.യു.വിക്കുള്ളത്. സ്‌പോര്‍ട്‌സ് കാറുകളോട് കിടപിടിക്കുന്ന എക്സ്റ്റീരിയര്‍ ഡിസൈന്‍ വാഹനത്തിന് അവകാശപ്പെടാം. മുന്‍ഭാഗത്തിന് പതിവ് ജാഗ്വര്‍ കാറുകളെക്കാള്‍ നീളം കുറവാണ്. ഇരുവശങ്ങളുടെ രൂപം ഐക്കണിക് ജാഗ്വര്‍ ഡിസൈന്‍ അതേപടി പിന്തുടര്‍ന്നു. കരുത്തന്‍ പരിവേഷമുള്ളതാണ് ഗ്രില്‍. എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ് എഫ്‌-സ്പേസില്‍നിന്ന് കടമെടുത്തതാണ്. പിന്നിലേക്ക് തള്ളിനില്‍ക്കുന്ന രൂപമാണ് റിയര്‍സൈഡില്‍. ആഢംബരം ഒട്ടും കുറവല്ല ഉള്‍വശത്ത്. പരമ്പരാഗത ജാഗ്വര്‍ മുഖഛായ അകത്തളത്തും പ്രകടമാണ്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവ പ്രൗഢി വിളിച്ചോതും.

രണ്ട് പെട്രോള്‍ എന്‍ജിനിലും മൂന്ന് ഡീസല്‍ എന്‍ജിനിലും ഇ-പേസ് ലഭ്യമാകും. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് എല്ലാ വകഭേദങ്ങള്‍ക്കും കരുത്തേകുക. 250 പിഎസ്, 300 പിഎസ് കരുത്താണ് പെട്രോള്‍ എന്‍ജിനില്‍ ലഭിക്കുക. ഡീസല്‍ പതിപ്പ് 150 പിഎസ്, 180 പിഎസ്, 240 പിഎസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എന്‍ജിന്‍ ട്യൂണില്‍ ലഭ്യമാകും. 9 സ്പീഡ് ZF ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 300 പിഎസ് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ടോപ് പെട്രോള്‍ വേരിയന്റിന് 6.4 സെക്കന്‍ഡില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 243 കിലോമീറ്ററാണ് പരമാവധി വേഗത.

ആറ് എയര്‍ബാഗ്, ബ്ലൈന്റ് സ്‌പോട്ട് അസിസ്റ്റം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ഫോര്‍വേര്‍ഡ് ട്രാഫിക് മോണിറ്റര്‍, പാര്‍ക്ക് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്കിങ്, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റോള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ട്രെയിലര്‍ സ്‌റ്റെബിലിറ്റി അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, എബിഎസ്, കോര്‍ണര്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

You must be logged in to post a comment Login