ജിങ്കനായി കോടികള്‍ വാഗ്ദാനം ചെയ്ത് എടികെ; പോയി പണി നോക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ജിങ്കനെ സ്വന്തമാക്കാനായി ഐഎസ്എല്‍ ക്ലബായ എടികെ കൊല്‍ക്കത്ത ശ്രമിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് ന്നിരുന്നു. എന്നാല്‍ എടികെയുടെ ശ്രമം പരാജയപ്പെട്ടതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനെ ലഭിക്കുന്നതിനായി എടികെ കോടികള്‍ വാഗ്ദാനം ചെയ്തുവെങ്കിലും ജിങ്കനെ വിട്ടു നല്‍കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറായില്ല. ഈ ജനുവരി ട്രാന്‍സ്ഫറില്‍ ജിങ്കനെ സ്വന്തമാക്കുക ആയിരുന്നു എടികെയുടെ ലക്ഷ്യം.

ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ഡിഫന്‍സില്‍ അത്ഭുതകരമായ പ്രകടനം തന്നെ ജിങ്കന്‍ നടത്തിയിരുന്നു. ജിങ്കന്റെ പ്രകടനങ്ങള്‍ ഖത്തറില്‍ നിന്ന് വരെ അദ്ദേഹത്തിനെ തേടി ക്ലബുകള്‍ എത്താനും കാരണമായിട്ടുണ്ട്. ഖത്തര്‍ സ്‌പോര്‍ട്‌സ് ന്യൂസ് ചാനലായ അല്‍ കാസാണ് ഖത്തര്‍ സ്റ്റാര്‍ ലീഗ് ക്ലബായ അല്‍ ഗറാഫ ജിങ്കനെ ട്രിയല്‍സിന് ക്ഷണിച്ചിട്ടുണ്ട് എന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഇന്ത്യന്‍ ആരാധകരും മാധ്യമങ്ങളും ഒരുപോലെ ആഘോഷിച്ച ഈ വാര്‍ത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വന്‍ തോതില്‍ പ്രചോദനം ഏകുന്നതാണ്.

ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ ഭാഗമായി നടന്ന സ്‌കൗട്ടില്‍ ഏഷ്യന്‍ ക്വൊട്ടയുടെ അടിസ്ഥാനത്തില്‍ ആണ് ജിങ്കനെ വാങ്ങാന്‍ അല്‍ ഗറാഫ നീക്കം നടത്തുന്നത്. വെസ്ലി സ്‌നെയ്ഡര്‍ പോലുള്ള ലോകോത്തര താരങ്ങള്‍ ഉള്ള സ്‌ക്വാഡില്‍ ഇടം പിടിക്കുക എന്നത് ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തെ സംബന്ധിച്ചിടത്തോളം സ്വപ്ന തുല്യമായ ഒരു അവസ്ഥയാണ് പക്ഷേ ഇതില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു അപകടം നാം എല്ലാവരും ശ്രദ്ധിക്കാതെ പോയിരിക്കുന്നു. അത് എന്താണന്നാല്‍, ഖത്തര്‍ സ്റ്റാര്‍ ലീഗിലെ നിയമ പ്രകാരം ഓരോ മത്സരങ്ങളിലും ഖത്തര്‍ സ്വദേശികള്‍ കൂടാതെ ഒരു ഏഷ്യന്‍ താരത്തിന് മാത്രമേ കളിക്കുവാന്‍ സാധിക്കുകയുള്ളു, നിലവില്‍ ഉജ്ജ്വല ഫോമില്‍ ഉള്ള ഇറാനിയന്‍ സ്‌ട്രൈക്കര്‍ മെഹ്ദി തറേമി ആ സ്‌ക്വാഡിലെ സ്ഥിര സാന്നിധ്യമാണ് അതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ മാത്രമേ നിലവിലുള്ള ഡിഫെന്‍ഡേഴ്‌സിന് പകരം ജിങ്കന് കളത്തില്‍ ഇറങ്ങുവാന്‍ സാധിക്കുകയുള്ളു. ഇതുപോലുള്ള അവസരങ്ങള്‍ കിട്ടാന്‍ സാധ്യത കുറവായതിനാല്‍ ഈ ക്ലബ്ബിന്റെ ഓഫര്‍ ജിങ്കന്‍ സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ കരിയറിനെ തന്നെ ബാധിച്ചേക്കും. ക്ലബ്ബിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്റെ തീരുമാനം എന്നും കേള്‍ക്കുന്നു.

You must be logged in to post a comment Login