ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്

 

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. ഏഷ്യന്‍ ഗെയിംസ് 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ താരമാണ് ജിന്‍സണ്‍. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ജിന്‍സണ്‍.

അടുത്തിടെ നടന്ന മുഴുവന്‍ ചാംപ്യന്‍ഷിപ്പുകളിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഈ ഇരുപത്തിയേഴുകാരന്‍ നടത്തിയത്. ചക്കിട്ടപാറയിലെ മണ്‍പാതയിലൂടെയാണ് ജിന്‍സണ്‍ ഓടി തുടങ്ങിയത്. ചക്കിട്ടപാറ ഗ്രാമീണ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ കെ.എം. പീറ്ററായിരുന്നു ആദ്യകാല പരിശീലകന്‍. കുളത്തുവയല്‍ സെന്റ്‌സം ജോര്‍ജ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ കായിക മേളകളില്‍ തിളങ്ങിയ ജിന്‍സണ്‍ കണ്ണൂര്‍ സ്വദേശി മഹുമ്മദ് കുഞ്ഞിയുടെ കീഴില്‍ ആര്‍മിയില്‍ നിന്ന് രാജ്യാന്തര താരമായി ഉയരുകയായിരുന്നു.

വിവിധ ഏഷ്യന്‍ ഗ്രാന്റ് പ്രീകളില്‍ സ്വര്‍ണം നേടിയ ജിന്‍സണ്‍ 2015ല്‍ ചെനൈയിലെ വുഹാനില്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെള്ളിയണിഞ്ഞിരുന്നു. റിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ (ഹൈദരാബാദ്) ജൂനിയര്‍ കമീഷന്റ് ഓഫീസറായ ജിന്‍സണ്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്യാംപില്‍ ആര്‍.എസ്. ഭാട്യയുടെ കീഴിലാണ് പരിശീലനം. ജോണ്‍സനാണ് അച്ഛന്‍. ശൈലജയാണ് ജിന്‍സന്റെ അമ്മ. സഹോദരി ജി. താര കുടുംബത്തോടൊപ്പം ചെന്നൈയില്‍ താമസമാണ്

You must be logged in to post a comment Login