ജിയോയുടെ 4ജി ഫോണ്‍: സാംസംങിന് തിരിച്ചടിയായേക്കും

മുംബൈ: റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ വരുന്നതോടെ ഏറ്റവും തിരിച്ചടിയാകുക സാംസംങിനായിരിക്കും. ഈ മേഖലയില്‍ മികച്ച വിപണി വിഹിതമുള്ള മൈക്രോമാക്‌സ്, ഇന്‍ഡക്‌സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികള്‍ക്കും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ജിയോ സൗജന്യമായാണ് ഫോണ്‍ നല്‍കുന്നത്. മൂന്ന് വര്‍ഷത്തിനുശേഷം തിരിച്ചുകൊടുത്താല്‍ ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റായ 1500 രൂപമാത്രമാണ് ഈടാക്കുക. പ്രതിമാസം 153 രൂപയ്ക്ക് കോളുകളും ഡേറ്റയും എസ്എംഎസും പരിധിയില്ലാതെ ഉപയോഗിക്കാം.

ജിയോയുടെ ഓഫര്‍ വന്നതോടെ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സമാനമായ വിലക്കിഴിവുകളുമായി കമ്പനികള്‍ രംഗത്തുവന്നേക്കാം. ടെലികോം കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ ഓഫര്‍ പ്രഖ്യാപിക്കുക.

ജിയോ പുറത്തിറക്കുന്ന ഫോണില്‍ ഒരു സിം മാത്രമായിരിക്കും ഉപയോഗിക്കാന്‍ കഴിയുക. സിം മാറ്റാന്‍ കഴിയാത്ത തരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുക. അതിനാല്‍ തന്നെ മറ്റ് കമ്പനികളിലേയ്ക്ക് മാറാന്‍ കഴിയുകയുമില്ല.

You must be logged in to post a comment Login