ജിയോ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ടെലികോം രംഗത്തെ തരംഗമാക്കിമാറ്റിയ റിലയന്‍സ് ജിയോയുടെ സേവന സംവിധാനങ്ങള്‍ സുരക്ഷിതമല്ലെന്ന പ്രചരണവുമായി വെബ്‌സൈറ്റ്. ജിയോയുടെ ലക്ഷക്കണക്കിനു വരുന്ന ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചായിരുന്നു പ്രചരണം. എന്നാല്‍, വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും സുരക്ഷിതമല്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്നും റിലയന്‍സ് ജിയോ പ്രതികരിച്ചു.

ജിയോ ഉപയോക്താക്കളുടെ ഇമെയില്‍ ഐഡി, ആധാര്‍ നമ്പര്‍, പേര് തുടങ്ങിയവയാണ് http://www.magicapk.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് ഈ സൈറ്റ് ലഭ്യമല്ലാതായി. റിലയന്‍സ് ജിയോ വരിക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അതീവ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും വെബ്‌സൈറ്റിനെതിരെ പരാതി നല്‍കുമെന്നും ജിയോ അധികൃതര്‍ അറിയിച്ചു.

എന്നാല്‍, ഈ സംഭവത്തിന്റെ പിന്നില്‍ ആരാണെന്ന് തിരിച്ചറിയാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഐപി അഡ്രസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വിവരങ്ങള്‍ പുറത്തുവിട്ടത് മുംബൈയില്‍നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിവരങ്ങള്‍ പുറത്തുവിട്ട വെബ്‌സൈറ്റ് മൊബൈല്‍ റീച്ചാര്‍ജിംങുമായി ബന്ധപ്പെട്ടതായേക്കാമെന്ന സംശയത്തിലാണ് ജിയോ. ഈ വെബ്‌സൈറ്റ് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി അന്വേഷിച്ചു വരികയാണെന്നും തെറ്റായ വിവരങ്ങളാണ് വെബ്‌സൈറ്റില്‍ പ്രചരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ജിയോയുടെ വക്താവ് അറിയിച്ചു.

You must be logged in to post a comment Login