ജിയോ സമ്മര്‍ സര്‍പ്രൈസ് പ്ലാനിന് പകരം ‘ജിയോ ധന്‍ ധനാ ധന്‍’

ന്യൂഡല്‍ഹി: ‘ട്രായ്’യുടെ നിര്‍ദേശ പ്രകാരം റിലയന്‍സ് ജിയോ സമ്മര്‍ സര്‍പ്രൈസ് പ്ലാന്‍ പൂര്‍ണമായും പിന്‍വലിച്ചു. പകരം ജിയോയുടെ പ്രൈം അംഗങ്ങള്‍ക്ക് ‘ജിയോ ധന്‍ ധനാ ധന്‍’ എന്ന പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍ ആണ് നല്‍കുന്നത്. സൗജന്യമായി സേവനങ്ങള്‍ നല്‍കുന്നതിനെതിരെ മറ്റ് കമ്പനികള്‍ ട്രായിയെ സമീപിച്ചതോടെയാണ് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നിര്‍ത്തലാക്കേണ്ടി വന്നത്.

ജിയോ പ്രൈമില്‍ ചേര്‍ന്നവര്‍ പുതിയ പ്ലാന്‍ പ്രകാരം 309 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ദിവസേന 1 ജിബി വീതം 4ജി ഡേറ്റയും പരിധികളില്ലാതെ മെസേജുകളും കോളുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. മൂന്നു മാസത്തേക്കാണ് ഈ സേവനം ലഭിക്കുക. പുതിയ ഓഫര്‍ പ്രകാരം 509 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ദിവസേന 2 ജിബി വീതം 4ജി ഡേറ്റയും മറ്റു സേവനങ്ങള്‍ പരിധിയില്ലാതെ സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു.

ഇതുവരെ പ്രൈം അംഗത്വം എടുക്കാത്തവര്‍ക്കും പുതുതായി കണക്ഷന്‍ എടുക്കുന്നവര്‍ക്കും 408 രൂപയുടെ ആദ്യ റീചാര്‍ജ് ചെയ്താല്‍ 84 ദിവസത്തേക്ക് സൗജന്യ സേവനം ലഭിക്കും. രണ്ട് ജിബി ഡേറ്റ വേണമെങ്കില്‍ പുതിയ ഉപഭോക്താക്കള്‍ 608 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. ഈ പ്ലാന്‍ ഇന്നു മുതല്‍ നിലവില്‍ വരും. നിലവിലുള്ള ജിയോ ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 15 വരെ സമയമുണ്ടെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. പുതുതായി ടെലികോം മേഖലയില്‍ എത്തിയ ജിയോയ്ക്ക് 100 മില്യണ്‍ ഉപഭോക്താക്കളാണുള്ളത്.

You must be logged in to post a comment Login