ജിയോ ഹോം ടി.വി: 400 രൂപയ്ക്ക് എച്ച്.ഡി ചാനലുകള്‍ നല്‍കാന്‍ ഒരുങ്ങുന്നതായി സൂചന

ടെലികോം മേഖലയിലെ വിപ്ലവകരമായ വിജയത്തിനുശേഷം റിലയന്‍സ് ജിയോ, ടെലിവിഷന്‍, ബ്രോഡ് ബാന്‍ഡ് രംഗത്തേക്ക് കൂടി പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി ജിയോ ഹോം ടി.വി സേവനങ്ങള്‍ക്ക് കീഴില്‍ ജിയോ ഡി.ടി.എച്ച് സെറ്റ് അപ്പ് ബോക്‌സുകളും ഐ.പി.ടി.വി സേവനങ്ങളുമാണ് പുറത്തിറക്കുന്നത്.

ടെലിക്കോം ടോക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 400 രൂപ മുതല്‍ക്ക് 200 എസ്.ഡി, എച്ച്.ഡി ചാനലുകളാണ് ജിയോ ഹോം ടി.വി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. ജിയോ ഹോം ടി.വിയുടെ പദ്ധതികള്‍ മൈ ജിയോ ആപ്പില്‍ ലഭ്യമാണ്. ജിയോ ഹോം ടി.വി സേവനങ്ങള്‍ ഡി.ടി.എച്ച് സേവനങ്ങള്‍ക്ക് ബദലായി വര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബി.ജി.ആര്‍ ഇന്ത്യ വ്യക്തമാക്കി.

മള്‍ട്ടിമീഡിയ ബ്രോഡ് കാസ്റ്റ്, മള്‍ട്ടികാസ്റ്റ് സേവനങ്ങളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയായിരിക്കും ജിയോ ഹോം ടി.വി നിലക്കൊള്ളുക എന്നതാണ് ലഭിച്ച വിവരം. ജിയോ എല്‍.ടി.ഇ ബ്രോഡ് ടെസ്റ്റ് സേവനങ്ങളിലൂടെ ഉയര്‍ന്ന നിലവാരമുള്ള സ്ട്രീമിങ്ങ് ലഭ്യമാക്കുന്ന ജിയോ ബ്രോഡ്കാസ്റ്റ് ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായിരുന്നു.

ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ജിയോ ബ്രോഡ്കാസ്റ്റിങ് തല്‍സമയ സംപ്രേഷണങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുകയും, ജിയോ ഹോം ടി.വിയിലൂടെ ജിയോ ബ്രോഡ്കാസ്റ്റിങ് സേവനങ്ങളെ മെച്ചപ്പെടുത്താനുമാണ് ജിയോയുടെ തീരുമാനം.

You must be logged in to post a comment Login