ജിവിതം പഠിപ്പിക്കുന്ന ശാസ്ത്രജ്ഞന്‍

  • ശേഖരന്‍ ചെമ്മണ്ണൂര്‍

? ക്യാമ്പില്‍ പങ്കെടുത്തുന്ന യുവതലമുറ തെങ്ങുകയറ്റത്തിനും കവുങ്ങിലൂടെ ചാടി നടക്കാനും കല്‍പണിക്കും തയ്യാറാകുമോ?

എല്ലാ ക്യാമ്പുകളിലും ഇതൊന്നും പതിവില്ല. എന്താണോ അപ്പോ തോന്നുന്നത് അതാണ് പതിവ്. പങ്കെടുക്കുന്നവരാണ് എന്തൊക്കെ വേണം എന്ന് തീരുമാനിക്കുന്നത്. പലപ്പോഴായി ചെയ്തതൊക്കെ കണ്ടും കേട്ടും അറിഞ്ഞും കൂടാതെ സ്വയം എന്താണോ തോന്നുന്നത് അതൊക്കെയാണ് നടക്കുക. കൂട്ടായ്മയില്‍ ചിലരെങ്കിലും താല്‍പര്യം ഇല്ലാത്തതിലും പങ്കെടുക്കുകയും പഠിക്കുകയും പതിവാണ്.

? ക്യാമ്പിന്റെ ലക്ഷ്യം

പ്രധാന ലക്ഷ്യം ഇക്കാലമൊക്കെ ഞാന്‍ നേടിയ അറിവാര്‍ക്കെങ്കിലും പകര്‍ന്നുകൊടുക്കുക എന്നത് തന്നെ. ജീവിക്കാനും, ജീവിതം ആസ്വദിക്കാനും വേണ്ടതൊക്കെ നേടാനുള്ള കഴിവ് ഉണ്ടാക്കിക്കൊടുക്കുക. സ്വയം പ്രാപ്തിയും ഉന്നതവിജയവും എന്തും നേടി എടുക്കാന്‍ കഴിവുള്ള കുറച്ച് പേരെയെങ്കിലും സ്വന്തമായി സമൂഹത്തിന് നല്‍കുക. പലരില്‍ നിന്നും പലയാത്രയിലും ഇടപെടലുകളിലും ജോലിയിലും നേടിയ അനുഭവവും, കിട്ടിയ അറിവും സംയോജിപ്പിച്ച് സ്വയം രൂപപ്പെടുത്തിയ പഠനക്രമം ഉണ്ടാക്കിയെടുത്ത് പ്രചരിപ്പിക്കുക കുറച്ച് പേരുടെയെങ്കിലും ജീവിതത്തിന് നല്ല മാറ്റങ്ങള്‍ക്ക് കാരണക്കാരനാവുക.

? ശാസ്ത്രലോകത്തിന് അങ്ങ് നല്‍കിയ സംഭാവന (കണ്ടുപിടുത്തം) ഒരു വിവരിക്കാമോ

സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒന്നും ഒരാളായിട്ട് ചെയ്യാറില്ല. കൂട്ടായ്മയാണ് ശാസ്ത്രലോകത്തിന്റെ മുഖമുദ്ര. റിമോട്ട് സ്റ്റെന്‍സിങ് ക്യാമറകള്‍ ഉപഗ്രഹങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ പതിവായി എടുത്ത് ഹൈദ്രാബാദിലെ എന്‍ ആര്‍ എസ് സിയില്‍ എത്തിക്കും. അത് ഉപയോഗിച്ച് ഇന്ത്യന്‍ പ്രതിരോധ വകുപ്പിന് എന്തൊക്കെ ഉപയോഗം ഉണ്ടാവും അതൊക്കെയാണ് ഞാനുള്‍പ്പെട്ടവരുടെ ജോലി. അതില്‍ വീരപ്പനെ പിടിക്കുന്നതിനും കാര്‍ഗില്‍ യുദ്ധത്തിലും ഉപയോഗപ്രദമായ ചില സംഭാവനകള്‍ ചെയ്തു. രണ്ടു ക്യാമറകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ 3 ഡി ഉണ്ടാക്കാന്‍ ഉപയുക്തമാകുന്ന പദ്ധതി ഉണ്ടാക്കാനും അത് ഫലപ്രദമായി പ്രായോഗിക തലത്തില്‍ പ്രതിരോധ മേഖലയില്‍ എത്തിക്കാനും സാധിച്ചു. പ്രതിരോധമേഖലയ്ക്ക് അതൊരു മുതല്‍ക്കൂട്ടായിരുന്നു.

? കേരളത്തിലെ അങ്ങയുടെ പരിശീലക ക്യാമ്പിന് ‘ജീവനം’ എന്നും ഹൈദ്രാബാദിലെ ക്യാമ്പിന് ‘ശിക്ഷ’ എന്നുമാണല്ലോ നാമകരണം ചെയ്തിരിക്കുന്നത്

ശിക്ഷ എന്ന ട്രസ്റ്റ് ഹൈദ്രാബാദില്‍ 2009 ല്‍ രജിസ്റ്റര്‍ ചെയ്തു. ശിക്ഷ -ഹോളിഡേ എന്ന പേരില്‍ ക്ലാസുകളും പല ചെറിയ ട്രിപ്പുകളോടുകൂടിയ യാത്രാ പഠനവും നടത്തിപോന്നു. ശിക്ഷ എന്ന വാക്ക് ഹിന്ദിയില്‍ – പഠിക്കുക, പഠിപ്പിക്കുക എന്ന അര്‍ത്ഥത്തിലാണ് വന്നത്. കേരളത്തില്‍ 2013 ഓടെയാണ് തറവാട് വീട് പുതുക്കി പണികഴിഞ്ഞപ്പോള്‍ ജ്ഞാനം എന്ന പേരില്‍ നാമകരണം ചെയ്തത്. ഈ രണ്ടിടത്തും കുട്ടികളേയും വരുന്ന മറ്റു പലരേയും പഠിപ്പിച്ചത് ജീവിതത്തിന്റെ പന്ഥാവുകളാണ്. അതിനാല്‍ രണ്ടും ജീവിത-ജീവനശാസ്ത്ര-കലാ സംബന്ധികളും ആണ്.
ചേര്‍ന്നുപോകുന്ന രണ്ടു വരികളുടെ യോജനമാണ് ശിക്ഷ-ജ്ഞാനം എന്ന ഈ ഉണ്ടാക്കി എടുക്കല്‍. രണ്ടിടത്തുമായി കഴിഞ്ഞ 5-8 വര്‍ഷമായി ആയിരത്തില്‍ പരം പേര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിലുള്ളവരും ഭാഷ-ജാതി-പ്രായ ഭേദങ്ങള്‍ മറന്ന് വന്നു താമസിച്ചു. യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് രാ്ജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഏറെയും.

? ഡോക്ടര്‍ അബ്ദുള്‍ കലാമിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ദിനങ്ങളെക്കുറിച്ച്

1989 ല്‍ ഞാന്‍ സ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുമ്പോഴേക്കും ഡോ. അബ്ദുള്‍ കലാം വളരെ ഉയര്‍ന്ന നിലയില്‍ ഡിആര്‍ഡിഒ(ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്) ആയിരുന്നു. യാത്രയിലും താമസത്തിലും പരിപാടികളിലും ചിലയിടത്തൊക്കെ കാണാനിടയായതൊഴിച്ചാല്‍ കൂടെ ജോലി ചെയ്തിരുന്നില്ല. ഞങ്ങളുടെ ജോലിയിലെ വിഷയവും വെറെയായിരുന്നു. വായനയിലൂടെയും അടുത്തിടപെട്ട ചിലരുടെ കൂട്ടും എന്നെ അദ്ദേഹത്തിന്റെ മരണാനന്തരം ഗഅഘഅങ ഠഒഋ ങഅഘഅഗ എന്ന പേരില്‍ എഴുതാന്‍ പ്രേരിപ്പിച്ചു.

? ഒരു ശാസ്ത്രജ്ഞനെന്ന നിലയ്ക്ക് ശാസ്ത്രസാങ്കേതിക വിഷയങ്ങളില്‍ യുവതലമുറയുടെ കഴിവിനെ വിലയിരുത്താമോ?

കഴിവുള്ളവര്‍ മുന്നേ ഉണ്ടായിരുന്നതിനേക്കാള്‍ ഏറെ ഉണ്ട് ഇന്ന്. എന്നാല്‍ ചെറുപ്രായത്തില്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ നിലവാരം പൊതുവേ കുറവായതും-കുട്ടികള്‍ ഉന്നതപഠനത്തിനുള്ള അഡ്മിഷനാനുള്ള പരക്കം പാച്ചിലിലും പെട്ടുപോകുന്നതിനാല്‍ വേണ്ടത്ര സമയം ചെറുപ്രായത്തില്‍ കാതലറിഞ്ഞ് പഠിക്കാന്‍ സാധിക്കാതെയാകുന്നു. ആശാവഹമാണ് കുതിപ്പെങ്കിലും ഇനിയും കുറേ പേരുടെ ഉത്സാഹത്തിനായി ഇവിടത്തെ സ്ഥാപനങ്ങളും അധ്യാപകരും ശാസ്ത്രജ്ഞരും ശ്രദ്ധചെലുത്തണമെന്നാണഭിപ്രായം.

? സാഹിത്യവും തന്റെ കൈകള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചിരുന്നവല്ലോ, അടുത്ത പുസ്തകം

ചില കവിതകളും ലേഖനങ്ങളും വാക്കുകളും ചില ചിന്തകളുടെ സൃഷ്ടിക്കായും ഞാന്‍ ഉപയോഗിച്ചു. എഴുതാനിഷ്ടമാണ്. കഴിവുണ്ടായിട്ടല്ല, ആഗ്രഹം കൊണ്ട് മാത്രം. കൂട്ടുകാര്‍ക്കും ഇഷ്ടപ്പെടുന്ന ചിലര്‍ക്കും കൊടുക്കാനായി പുസ്തക രൂപത്തില്‍ കുറച്ച് ഉണ്ടാക്കിയെടുത്തു. ഇഷ്ടപ്പെട്ട ചിലരൊക്കെ പ്രോത്സാഹിപ്പിച്ചതിനാല്‍ പത്തിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ ചിലതൊക്കെ കുറേ എഡീഷനുകളായി. 5 ലക്ഷത്തിലേറെ കോപ്പികള്‍. RHYTHM OF LIFE Â 100 POEMS ഉടന്‍ ഇറങ്ങും, REFLECTION OF LIFE, LIFE IS TO LIVE എന്നിവയൊക്കെ ഇറക്കണം. പണിതീര്‍ന്ന ചിലതൊക്കെ ഇങ്ങിനെ ബാക്കികിടക്കുന്നു.

? അങ്ങയുടെ കുടുംബം

ഭാര്യ ഡോ. രാധാദേവി. ഇരിങ്ങാലക്കുട സ്വദേശിനി. ബഹിരാകാശ ശാസ്ത്രജ്ഞയായി ഉന്നതപദവിയില്‍ ഹൈദ്രാബാദില്‍ ജോലി ചെയ്യുന്നു. മൂത്തമകന്‍ ഹരികൃഷ്ണന്‍ രണ്ടു വിഷയങ്ങളില്‍ പി.ജി കഴിഞ്ഞ് ഡബ്ലിനില്‍ കേരള രാഷ്ട്രീയം എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്യുന്നു. ഇളയ മകന്‍ യദുകൃഷ്ണന്‍ ബിടെക് കഴിഞ്ഞു. ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ ന്യൂക്ലിയര്‍ സയന്‍സില്‍ ഗവേഷണം നടത്തുന്നു.

ഡോക്ടര്‍ ശശികുമാറിനോടൊപ്പം ഏതാനും മണിക്കൂറുകള്‍ ചിലവിട്ട് മുറിവിട്ടിറങ്ങുമ്പോള്‍ ഒരു ശാസ്ത്രജ്ഞന്‍ എന്നതിനേക്കാള്‍ പ്രകൃതി സ്‌നേഹിയും യുവതലമുറയിലൂടെ നല്ലൊരു നാളെയെ സ്വപ്നം കണ്ടുകഴിയുന്ന രാജ്യസ്‌നേഹിയായ നല്ലൊരു അധ്യാപകന്റെ മുഖമായിരുന്നു നരച്ച താടി രോമങ്ങള്‍ക്കിടയിലൂടെ ദര്‍ശിക്കാന്‍ കഴിഞ്ഞത്.

 

You must be logged in to post a comment Login