ജിഷ്ണുവിനെ മാനസിക, ശാരീരിക പീഡനത്തിനു വിധേയമാക്കിയതിന് സാഹചര്യത്തെളിവുകള്‍ ഉണ്ടെന്ന് പൊലീസ്


കൊച്ചി: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ ട്രസ്റ്റ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ അറിവോടെ ബോര്‍ഡ് റൂമില്‍ കൊണ്ടുപോയി മാനസിക, ശാരീരിക പീഡനത്തിനു വിധേയമാക്കിയതിനു സാഹചര്യത്തെളിവുകളുണ്ടെന്നു പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. നിരപരാധിയായ വിദ്യാര്‍ഥിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട്, കോളജ് അധികൃതര്‍ പരീക്ഷയ്ക്കിടെ വ്യാജ ക്രമക്കേടാരോപണം ഉന്നയിച്ചു. തെറ്റു ചെയ്യാത്ത ജിഷ്ണുവിനെ മൂന്നു സെമസ്റ്ററിലേക്കു ഡീബാര്‍ ചെയ്തു. മനസ്സു തകര്‍ന്ന വിദ്യാര്‍ഥി അന്നു വൈകിട്ട് ജീവനൊടുക്കുകയായിരുന്നുവെന്ന് ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്‍ അറിയിച്ചു.

കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണു കോടതിയിലുള്ളത്. 2016ല്‍ എന്‍ആര്‍ഐ ക്വോട്ടയില്‍ എന്‍ജിനീയറിങ് പ്രവേശനം നേടിയ ജിഷ്ണു സര്‍വകലാശാലയുടെ പരീക്ഷാ റീ ഷെഡ്യൂളിങ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ പ്രതികരിക്കുകയും വിദ്യാര്‍ഥകളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടില്‍ എസ്എഫ്‌ഐ പ്രവര്‍ത്തനമുണ്ടായിരുന്നു. ജിഷ്ണു തങ്ങള്‍ക്കു തടസ്സമാകുമെന്നു കണ്ടു പ്രതികള്‍ ഗൂഢാലോചന നടത്തി. ജനുവരി ആറിനു പരീക്ഷാ ക്രമക്കേടെന്ന വ്യാജ ആരോപണമുന്നയിച്ചു. പരീക്ഷ തീരുന്നതിനു 30 മിനിറ്റ് മുന്‍പ് ഉത്തരക്കടലാസ് തട്ടിപ്പറിച്ചു.

പരീക്ഷാഹാളില്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍വച്ചു ഭീഷണിപ്പെടുത്തി, ഉത്തരങ്ങളെല്ലാം വെട്ടിക്കളയാന്‍ നിര്‍ബന്ധിച്ചു. ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റും പിടിച്ചുവാങ്ങി. പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുപോയി ഒരു മണിക്കൂര്‍ നിര്‍ത്തി. വെള്ളക്കടലാസില്‍ ഒപ്പിടീപ്പിച്ചു. കടുത്ത നടപടി പാടില്ലെന്ന പ്രിന്‍സിപ്പലിന്റെ നിലപാടു മറികടന്ന്, തെളിവില്ലാതിരുന്നിട്ടും മൂന്നു സെമസ്റ്ററിലേക്കു ഡീബാര്‍ ചെയ്തു. ഇതെല്ലാം ചെയര്‍മാന്റെ അറിവോടെയാണു നടന്നത്. വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കൃഷ്ണദാസ്, കെ.വി. സന്‍ജിത്, ശക്തിവേല്‍, സി.പി. പ്രവീണ്‍, ദിപിന്‍ എന്നിവരാണ് ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍.

സംഭവശേഷം പ്രതികള്‍ തെളിവു നശിപ്പിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ നീക്കംചെയ്തു. അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സിസി ടിവി, വിഡിയോ റെക്കോര്‍ഡിങ് ഹാര്‍ഡ് ഡിസ്‌ക് തകര്‍ത്തു. ഇതിലൊക്കെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ക്കു നേരിട്ടു പങ്കുണ്ട്. പ്രതികള്‍ ചേര്‍ന്ന് ക്രൈം സീന്‍ മാറ്റിമറിച്ചു. ബോര്‍ഡ് റൂമിന്റെ ഭിത്തിയില്‍ നിന്നു രക്തക്കറ കഴുകിക്കളഞ്ഞു. ജിഷ്ണു എഴുതിയതെന്നു പറ!ഞ്ഞ് വ്യാജരേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി.

സാങ്കേതിക സര്‍വകലാശാലാ ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിച്ചു. രേഖകള്‍ ജിഷ്ണുവിന്റെതല്ലെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായി. നെഹ്‌റു ഗ്രൂപ്പ് കോളജുകളിലെ അച്ചടക്കനടപടികള്‍ കൈകാര്യം ചെയ്യുന്നതു കൃഷ്ണദാസ് ആണ്. വിദ്യാര്‍ഥികളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയുമാണ് ‘അച്ചടക്കം’ നടപ്പാക്കുന്നത്. നോട്ടമിടുന്ന വിദ്യാര്‍ഥികളെ ബോര്‍ഡ് റൂം എന്നറിയപ്പെടുന്ന ഇടിമുറിയിലെത്തിച്ചാണു ശാരീരിക, മാനസിക പീഡനത്തിനു വിധേയമാക്കുന്നത്. കുറ്റസമ്മതരേഖയുണ്ടാക്കാന്‍ കുട്ടികളെ നിര്‍ബന്ധിച്ചു വെള്ളക്കടലാസില്‍ ഒപ്പിടീപ്പിക്കുന്നതും കോളജ് അധികൃതര്‍ക്കെതിരെ പരാതിപ്പെട്ടാല്‍ അതുപയോഗിച്ചു വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതുമാണു രീതി.

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് തരില്ലെന്നും പരീക്ഷയില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മറ്റും പറഞ്ഞാണു ഭീഷണി. പകപോക്കലും ക്രൂരതയും മൂലം ക്യാംപസില്‍ ഭീകരാന്തരീക്ഷമാണ്. സംഘടനാ പ്രവര്‍ത്തനത്തിനു മുതിരുന്നവരെ നേരിടുന്നതു ഹാജരും ഇന്റേണല്‍ മാര്‍ക്കും കുറച്ചും റാഗിങ്ങിനെക്കുറിച്ചു വ്യാജ ആരോപണം ഉന്നയിച്ചുമൊക്കെയാണ്. അധ്യയനവര്‍ഷവും സാമ്പത്തിക നഷ്ടവും വരുത്തുന്ന ശിക്ഷാനടപടികളാണുണ്ടാകുകയെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. കൃഷ്ണദാസ് നേടിയ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

You must be logged in to post a comment Login