ജിഷ വധം: പ്രതി അമീറുലിനെ ജിഷയുടെ അയല്‍വാസി തിരിച്ചറിഞ്ഞു; ആറു പ്രധാന സാക്ഷികള്‍

jisha
കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ അയല്‍വാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മജിസ്‌ട്രേട്ട് ഷിബു ഡാനിയേലിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. അമീറുല്‍ ഇസ്‌ലാമിനൊപ്പം രൂപസാദൃശ്യമുള്ളവരെയാണ് പരേഡില്‍ നിര്‍ത്തിയത്.

അമീറുലിനെ തിരിച്ചറിയാന്‍ ഒരു സാക്ഷിയെ മാത്രമാണ് പൊലീസ് എത്തിച്ചിരുന്നത്. ജിഷയുടെ അയല്‍വാസിയായ സ്ത്രീയാണിത്. ജിഷയുടെ വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നതു കണ്ടുവെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ആറു പ്രധാന സാക്ഷികളാണ് കേസിലുള്ളത്.

എത്രയും വേഗം തിരിച്ചറിയല്‍ പരേഡ് നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ശനിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. കാക്കനാട് ജില്ലാ ജയിലിനു സമീപം പ്രവര്‍ത്തിക്കുന്ന കുന്നുംപുറം മജിസ്‌ട്രേട്ട് കോടതിക്കാണ് നിര്‍ദേശം നല്‍കിയത്.

മധ്യമേഖലാ ജയില്‍ ഡിഐജി കെ. രാധാകൃഷ്ണന്‍ ശനിയാഴ്ച രാത്രി ജയിലിലെത്തി സുരക്ഷ വിലയിരുത്തിയിരുന്നു. അമീറുല്‍ ഇസ്‌ലാം ഇന്നലെയും ജയിലില്‍ സാധാരണ പോലെയായിരുന്നു. ഭാഷ വശമില്ലാത്തതിനാലാകണം ജയില്‍ ഉദ്യോഗസ്ഥരോട് അധിക സംസാരമില്ല.

You must be logged in to post a comment Login