ജിഷ വധക്കേസ്; ഡിഎന്‍എ ഫലം പുറത്ത് വന്നു; ആരുമായി യോജിക്കുന്നില്ല

jisha
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായി ഡിഎന്‍എ ഫലം. ജിഷയുടെ ചുരിദാറില്‍ നിന്ന് ലഭിച്ച ഉമിനീരിന്റെ അംശത്തിന്റെ ഡിഎന്‍എ ഫലമാണ് പുറത്തുവന്നത്. നിലവില്‍ കസ്റ്റഡിയിലിരിക്കുന്ന ആരുമായി ഡിഎന്‍എ ഫലം യോജിക്കുന്നില്ല. ഒടുവില്‍ സംശയിച്ച ഇതര സംസ്ഥാന തൊഴിലാളിക്കും പങ്കില്ല. ഫോറന്‍സിക് ലാബിലും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് പരിശോധന നടത്തിയത്.

അതേസമയം, പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയ കടിയേറ്റ പാടുകള്‍ക്ക് യോജിച്ച ദന്തഘടനയുള്ളയാളെ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാളെ കൂടുതല്‍ ശാസ്ത്രിയ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ അന്വേഷണസംഘം ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന് മുന്‍പ് തിടുക്കത്തില്‍ പ്രതിയെ പ്രഖ്യാപിക്കാന്‍ കഴിയില്ല എന്നാണ് പൊലീസ് നേതൃത്വത്തിന്റെ നിലപാട്.

മാരകമായ ഒട്ടേറെ മുറിവുകള്‍ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. കത്തി അടക്കം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുണ്ടായവ. എന്നാല്‍ ഈ ആയുധങ്ങളില്‍ ഒരെണ്ണം പോലും കണ്ടെത്താനായില്ല. ഇതോടെയാണ് കടിയേറ്റ പാടുകള്‍ മുന്‍നിര്‍!ത്തി അന്വേഷിച്ചത്. പല്ലുകള്‍ക്കിടയില്‍ അസാധാരണ വിടവുള്ളയാളാണ് കടിച്ചതെന്ന് മൃതദേഹത്തിന്റെ ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.

തുടര്‍ന്ന് ബെംഗ്ലൂരൂവില്‍ നിന്നുള്ള ഫൊറന്‍സിക് ഒഡന്റോളജിസ്റ്റിന്റെ സഹായം തേടി, ഈ ദന്തഘടന വികസിപ്പിച്ച് പല്ലുകളുടെ മാതൃക അന്വേഷണസംഘം ഉണ്ടാക്കി. ഇത് വച്ചുള്ള പരിശോധനയാണ് ഇപ്പോള്‍ ഇതര സംസ്ഥാനക്കാരനില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ കുറ്റം ഇയാള്‍ നിഷേധിച്ചിട്ടുണ്ട്.

You must be logged in to post a comment Login