ജിസിഡിഎ നിരത്തുന്ന വാദഗതികൾ അവാസ്തവം; തെളിവുകളുമായി ബ്ലാസ്റ്റേഴ്സ് അധികൃതർ

കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ ജിസിഡിഎ നിരത്തുന്ന വാദഗതികൾ വാസ്തവത്തിന് നിരക്കാത്തതെന്ന് ക്ലബ് അധികൃതർ. നാലാം സീസണിന് ശേഷം സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ജിസിഡിഎ കണക്കാക്കിയ തുക 53ലക്ഷമാണ്. ഇതിൽ 24ലക്ഷം രൂപ ജിസിഡിഎക്ക് നൽകി. ശേഷമുള്ള അറ്റകുറ്റപ്പണികൾക്കായി ജിസിഡിഎ നൽകിയ എസ്റ്റിമേറ്റ് തുക യഥാർത്ഥ എസ്റ്റിമേറ്റ് തുകയെക്കാൾ ഭീമമായതിനാൽ (28.7ലക്ഷം) ബാക്കിയുള്ള അറ്റകുറ്റപണികൾ ക്ലബ്ബ് നേരിട്ട് നടത്തി സ്റ്റേഡിയം ഉപയോഗയോഗ്യമാക്കി. എന്നിട്ടും പണം നൽകാനുണ്ടെന്ന വാദഗതി വാസ്തവങ്ങൾക്ക് നിരക്കാത്തതാണെന്ന് ക്ലബ് അധികൃതർ പറയുന്നു.

അഞ്ചാം സീസണ് ശേഷം ജിസിഡിഎ മെയ്ന്റനൻസ് തുക കണക്കാക്കിയപ്പോൾ നാലാം സീസണ് ശേഷം അറ്റകുറ്റപ്പണികൾക്ക് ജിസിഡിഎ ആവശ്യപ്പെട്ട തുകയും ചേർത്താണ് ആകെ കണക്കാക്കിയത്. ആ തുകയാണ് കെബിഎഫ്‌സി ജിസിഡിഎ ക്ക് നൽകാൻ ഉണ്ടെന്ന് ജിസിഡിഎ അവകാശപ്പെടുന്ന 48.89ലക്ഷം. നാലാം സീസണിന് ശേഷം സ്റ്റേഡിയം കെബിഎഫ്‌സി സ്റ്റേഡിയം മെയിന്റനൻസ് നടത്തിയിട്ടും പണം നൽകാൻ ഉണ്ടെന്ന വാദമാണ് ജിസിഡിഎ ഉയർത്തുന്നത്.

മാത്രമല്ല ഐഎസ്എല്ലിന്റെ ആറാം സീസണിലേക്കായി സ്റ്റേഡിയം ക്ലബ്ബിന് വിട്ടുനൽകേണ്ട ദിവസമായ ഒക്ടോബർ 1ന് 2ദിവസം മുൻപ് മാത്രമാണ് ജിസിഡിഎ ഡാമേജ് റിപ്പോർട്ട്‌ നൽകിയത് എന്നതും ബ്ലാസ്റ്റേഴ്‌സ് ചൂണ്ടികാട്ടുന്നു . തുടർന്ന് ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ, ഇലക്ട്രിക്കൽ എന്നിവയിലെ കേടുപാടുകൾ ക്ലബ്ബ് അറ്റകുറ്റപണികൾ നടത്തി ഉപയോഗയോഗ്യമാക്കി.

വെള്ളം, വൈദ്യുതി, പാർക്കിംഗ് എന്നിവക്കായി ജിസിഡിഎ കണക്കാക്കിയ 11.79ലക്ഷം രൂപ മാത്രമാണ് ക്ലബ്ബ് ജിസിഡിഎ ക്ക് നൽകാനായി ഉള്ളത്. അത് നൽകാൻ ക്ലബ് തയ്യാറുമാണ്.

ഐഎസ് എൽ മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപായി ജിസിഡിഎയുമായി കരാറിൽ ഒപ്പിട്ടില്ല എന്നവാദം ഉയർത്തുന്ന ജിസിഡിഎ അതിനുള്ള സാഹചര്യം പരിശോധിക്കണമെന്നും കെബിഎഫ്‌സി ആവശ്യപ്പെട്ടു. അഞ്ചാം സീസണിൽ കെബിഎഫ്‌സി ജിസിഡിഎക്ക് ഓരോകളിക്കും വാടകയിനത്തിൽ നൽകിയിരുന്ന തുക അഞ്ചു ലക്ഷവും നികുതിയുമായിരുന്നു. എന്നാൽ ഈ വർഷം ജിസിഡിഎ യാതൊരു അറിയിപ്പും കൂടാതെ വാടക 20 ശതമാനം വർധിപ്പിച്ചു 6 ലക്ഷമാക്കി മാറ്റി. കുത്തനെയുള്ള വാടക വർദ്ധന ഒഴിവാക്കി അനുഭാവ പൂർവ്വം പരിഗണിക്കണം എന്ന കെബിഎഫ്‌സിയുടെ ആവശ്യത്തിൽ തീരുമാനമാകാത്തതാണ് കരാർ ഒപ്പിടാൻ വൈകുന്നത് എന്നതാണ് യാഥാർഥ്യം.

വാടക ഇനത്തിൽ തീരുമാനം ആകാതെ ഇരുന്നിട്ടും കഴിഞ്ഞ സീസണിലെ വാടക (5 ലക്ഷം)കണക്കാക്കി ക്ലബ്ബ് ഈ കഴിഞ്ഞ രണ്ട് കളികൾക്കായി 10ലക്ഷം രൂപയും നികുതിയും ജിസിഡിഎ ക്ക് നൽകിയിട്ടുണ്ട്. എന്നാൽ 6 ലക്ഷം വീതം 12 ലക്ഷം രൂപയും നികുതിയും ലഭിക്കണമെന്നാണ് ജിസിഡിഎ അവകാശപ്പെടുന്നത്.

ഗോൾ കീപ്പിങ് സെഷൻ, സെലെക്ഷൻ ട്രയൽസ് എന്നിവക്കായി സൗജന്യമായി മൈതാനം വിട്ടുനൽകി എന്നാണ് ജിസിഡിഎ അവകാശപ്പെടുന്നത് എന്നാൽ വർഷം പൂർണമായും മൈതാനത്തിന്റെ മെയ്ന്റനൻസ് നടത്തുന്നത് ക്ലബ്ബാണ്. ഇവ രണ്ടും തികച്ചും നോൺ കൊമേഷ്യൽ ആയ പരിപാടികൾ ആയിരുന്നുവെന്നും കെബിഎഫ്‌സി പറയുന്നു.

ക്ലബ്ബ് മികച്ച രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ പരിപാലിക്കുന്ന മൈതാനത്തിന് 2018ലെ അഞ്ചാം സീസണിൽ ‘ബെസ്റ്റ് പിച്ച് ഇൻ ഇന്ത്യ അവാർഡ്’ ലഭിച്ചതായും കെബിഎഫ്‌സി ചൂണ്ടിക്കാട്ടുന്നു.

സ്റ്റേഡിയത്തിനൊപ്പം കളികളുള്ള ദിനങ്ങളിൽ പാർക്കിംഗ് സ്ഥലം സൗജന്യമായി വിട്ടുനൽകി എന്ന വാദവും തെറ്റാണെന്ന് ക്ലബ്ബ് വ്യക്തമാക്കുന്നു. സൗജന്യമായി സ്റ്റേഡിയത്തോടൊപ്പം ലഭ്യമാക്കേണ്ട പാർക്കിംഗ് സ്ഥലത്തിന് 2.36ലക്ഷം രൂപ നൽകാൻ ജിസിഡിഎ ആവശ്യപെട്ടിട്ടുള്ളത് രേഖകളിൽ വ്യക്തമാണ്.

കോംപ്ലിമെന്ററി പാസുകൾ ആവശ്യപ്പെട്ടിട്ടില്ല എന്ന ജിസിഡിഎ വാദഗതികൾ തെറ്റാണെന്നു രേഖകൾ വ്യക്തമാക്കുന്നുണ്ട്. അഞ്ചാം സീസണിൽ ഒപ്പ് വച്ച ഉടമ്പടിയിൽ ഓരോ ജിസിഡിഎ ജീവനക്കാർക്കും എല്ലാ കളികൾക്കും കളികാണാനുള്ള അവസരവും അവരോടൊപ്പം ഓരോ അതിഥികൾക്ക് പ്രവേശനവും ജിസിഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്. കെബിഎഫ്‌സി 2400 ടിക്കറ്റുകൾ ഈ നിലയിൽ ഓരോ കളികൾക്കും നൽകുന്നുമുണ്ട്.

You must be logged in to post a comment Login