ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഉത്തരവാദിത്തം ഇനി കായിക വകുപ്പിന്; കായിക രംഗത്തോട് താല്‍പര്യമുള്ള അധ്യാപകര്‍ക്ക് മാത്രം നിയമനമെന്ന് മന്ത്രി

 

തിരുവനന്തപുരം: ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇനി കായിക വകുപ്പിന്. വിദ്യാഭ്യാസ ഭരണച്ചുമതല കൂടി കായിക വകുപ്പിന് കൈമാറും. വകുപ്പ് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കായിക രംഗത്തോട് താല്‍പര്യമുള്ള അധ്യാപകര്‍ക്ക് മാത്രം നിയമനമെന്ന് കായികമന്ത്രി അറിയിച്ചു. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പരിശീലന സൗകര്യങ്ങള്‍ വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്കൂളിലെ ഭക്ഷ്യ വിഷബാധയില്‍ പ്രിന്‍സിപ്പലിനെ  സ്ഥലംമാറ്റിയിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീപിനെ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്ക് സ്ഥലം മാറ്റിയത്. സ്‌കൂളില്‍ തുടര്‍ച്ചയായി ഉണ്ടായ ഭക്ഷ്യവിഷബാധ ആസൂത്രിതമാണെന്ന്  സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം.

സ്‌കൂളിലെ ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍ തന്നെ മായം ചേര്‍ക്കുന്നതായി സംശയമുണ്ടെന്നും ഭക്ഷ്യവിഷബാധയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.

സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ കുട്ടികളെ കൊണ്ട് തന്നെ പ്രിന്‍സിപ്പല്‍ മായം കലര്‍ത്തുന്നെന്ന സംശയവും സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രകടിപ്പിച്ചിരുന്നു. വിഷബാധയുണ്ടായി നിമിഷങ്ങള്‍ക്കകം ഭക്ഷണം നശിപ്പിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് വെള്ളം മാത്രമാണ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയയ്ക്കാനായത്. പിരിച്ചുവിട്ട ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീപില്‍ നിന്ന് അടുത്തദിവസം മൊഴിയെടുക്കും. ഹോസ്റ്റലില്‍ നൂറിലേറെ കുട്ടികളുണ്ടെങ്കിലും മുപ്പതോളം പേര്‍ക്കേ ഭക്ഷ്യവിഷബാധയേറ്റിട്ടുള്ളൂ. ഒരു വിഭാഗം കുട്ടികള്‍ ഭക്ഷണം കഴിക്കാതിരുന്നതും സംശയകരമാണെന്ന് പൊലീസ് പറയുന്നു. കുട്ടികളെക്കൊണ്ട് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതായി സംശയമുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.

പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, പി.ടി.എ, മാനേജ്‌മെന്റ്, ജീവനക്കാര്‍ എന്നിവരെല്ലാം തമ്മില്‍ ചേരിതിരിവുണ്ട്. ഏറ്റവുമൊടുവില്‍ ഭക്ഷ്യവിഷബാധയുണ്ടായ ശേഷം 15 ഹോസ്റ്റല്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.

You must be logged in to post a comment Login