‘ജീപ്പ് കോംപസ്’ നിര്‍മാണം ഇന്ത്യയിലും

jeep-compass-jpg-image-784-410

ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടമൊബീല്‍സി(എഫ് സി എ)ന്റെ പുത്തന്‍ കോംപാക്ട് എസ് യു വിയായ ‘ജീപ് കോംപസ്’ പുണെയ്ക്കടുത്ത് രഞ്ജന്‍ഗാവിലുള്ള ശാലയിലും നിര്‍മിക്കാന്‍ കമ്പനി ഒരുങ്ങുന്നു. ആഗോളതലത്തില്‍ ചൈന, ബ്രസീല്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലും ‘2017 ജീപ്പ് കോംപസ്’ നിര്‍മിക്കാന്‍ എഫ് സി എയ്ക്കു പദ്ധതിയുണ്ട്. ആഗോളതലത്തില്‍ തന്നെ സുപ്രധാനവും വളര്‍ച്ചയേറിയതുമായ വിഭാഗത്തിലേക്കാണ് ‘2017 ജീപ്പ് കോംപസ്’ രംഗപ്രവേശം ചെയ്യുന്നതെന്ന് എഫ് സി എ ഗ്ലോബലില്‍ ജീപ്പ് ബ്രാന്‍ഡ് മേധാവിയായ മൈക്ക് മാന്‍ലി അഭിപ്രായപ്പെട്ടു.

ഫോര്‍ ബൈ ഫോര്‍ ഓഫ് റോഡ് ശേഷി, കിടയറ്റ ഓണ്‍ റോഡ് ഡ്രൈവിങ് ഡൈനമിക്‌സ്, ഇന്ധനക്ഷമതയേറിയ പവര്‍ ട്രെയ്ന്‍, അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമെല്ലാം സഹിതമാണ് പ്രീമിയം, യഥാര്‍ഥ ‘ജീപ്പ്’ രൂപകല്‍പ്പനയുടെ പിന്‍ബലമുള്ള ‘2017 കോംപസി’ന്റെ വരവെന്ന് അദ്ദേഹം വിശദീകരിച്ചു. ‘സ്‌മോള്‍ വൈഡ് ആര്‍ക്കിടെക്ചര്‍’ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച ‘കോംപസി’ല്‍ മുന്‍ പിന്‍ സ്ട്രട്ട് സംവിധാനത്തില്‍ ഫ്രീക്വന്‍സി സെലക്ടീവ് ഡാംപിങ് സഹിതം സ്വതന്ത്ര സസ്‌പെന്‍ഷനും കൃത്യതയാര്‍ന്ന ഇലക്ട്രിക് പവര്‍ സ്റ്റീയറിങ്ങും എഫ് സി എ വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത വര്‍ഷം മധ്യത്തോടെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന പ്രതീക്ഷിക്കുന്ന ‘2017 ജീപ്പ് കോംപസ്’ മൂന്നു വകഭേദങ്ങളിലാണു വിപണിയിലുണ്ടാവുക. മൂന്നു പെട്രോളും രണ്ടു ഡീസലുമടക്കം മൊത്തം അഞ്ച് എന്‍ജിന്‍ സാധ്യതകളാണ് ആഗോളതലത്തില്‍ ‘കോംപസി’ല്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പെട്രോളും ഡീസലുമായി ഓരോ പവര്‍ട്രെയ്‌നും മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ സാധ്യതകളുമാണു ലഭ്യമാവുക.

‘കോംപസി’നു പുറമെ ‘ചെറോക്കീ’, ‘ഗ്രാന്‍ഡ് ചെറോക്കീ’, ‘റെനെഗെഡ്’, ‘റാംഗ്ലര്‍’, ‘റാംഗ്ലര്‍ അണ്‍ലിമിറ്റഡ്’ എന്നവിയാണു ജീപ്പ് ശ്രേണിയില്‍ നിലവില്‍ എഫ് സി എ വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. നോര്‍ത്ത് അമേരിക്കയ്ക്കു പുറത്തു വില്‍ക്കുന്ന ‘ജീപ്പു’കള്‍ ലെഫ്റ്റ് ഹാന്‍ഡ്, റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. പെട്രോളിനു പുറമെ ഡീസല്‍ എന്‍ജിന്‍ സഹിതവും വിദേശ വിപണികളില്‍ ‘ജീപ്പ്’ വില്‍പ്പനയ്ക്കുണ്ട്. നിലവില്‍ വിദേശ നിര്‍മിത ‘ജീപ്പ് റാംഗ്ലര്‍’, ‘ജീപ്പ് ഗ്രാന്‍ഡ് ചെറോക്കീ’ എന്നിവ ഇറക്കുമതി വഴിയാണ് എഫ് സി എ ഇന്ത്യയില്‍ വില്‍ക്കുന്നത്.

You must be logged in to post a comment Login