ജീവനക്കാരെ ഭീഷണിപ്പെടുത്തി, ഭക്ഷണവും പണവുമാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍; എത്തിയത് മുഖംമറച്ച്; ദൃശ്യങ്ങള്‍ പുറത്ത്

വയനാട്: വയനാട്ടില്‍ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയ ദൃശ്യങ്ങള്‍ പുറത്ത്. മുഖംമറച്ച രണ്ട് മാവോയിസ്റ്റുകളെ ദൃശ്യങ്ങളില്‍ കാണാം. ഒരാളുടെ കൈയില്‍ തോക്കും ബാഗുമുണ്ട്.

വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് തന്റെ സഹോദരന്‍ സി.പി. ജലീല്‍ തന്നെയെന്ന് ജലീലിന്റെ ജ്യേഷ്ഠനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി. റഷീദ് സ്ഥിരീകരിച്ചു. കമിഴ്ന്നു കിടക്കുന്ന നിലയിലുള്ള ജലീലിന്റെ മൃതദേഹത്തിന്റെ ചിത്രം അദ്ദേഹം തിരിച്ചറിഞ്ഞു. ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരാതിയുണ്ടെന്നും റഷീദ് പറഞ്ഞു.

മൃതദേഹം കാണാന്‍ അനുവദിക്കണമെന്നും ബന്ധുക്കള്‍ക്കു വിട്ടുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസുമായി ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചിട്ടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നും റഷീദ് ആരോപിച്ചു. ജലീലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കല്‍പറ്റയില്‍ എത്തിയിട്ടുണ്ട്.

മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മാവോയിസ്റ്റ് സംഘത്തിലെ മറ്റൊരാള്‍ക്കും വെടിയേറ്റതായി സൂചനയുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെയാണ് ദേശീയപാതയോരത്തെ റിസോര്‍ട്ടില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയത്. റിസോര്‍ട്ട് ജീവനക്കാരോട് പണവും പത്തുപേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും മാവോയിസ്റ്റ് സംഘവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. വൈകാതെ തണ്ടര്‍ബോള്‍ട്ട് സംഘവും സ്ഥലത്തെത്തി.

സമീപത്തെ കാട്ടിലേക്ക് ചിതറിയോടിയ മാവോയിസ്റ്റുകള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നു. രാത്രി വൈകിയും വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

ഏറ്റുമുട്ടലിനെത്തുടര്‍ന്ന് വൈത്തിരിയില്‍ കനത്ത സുരക്ഷയൊരുക്കി. കണ്ണൂര്‍ റേഞ്ച് ഐജി വൈത്തിരിയിലെത്തി. 10 മണിക്ക് മാധ്യമങ്ങളെ കാണും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.

You must be logged in to post a comment Login