ജീവനാണോ ജീവനമാണോ വലുത്?

ജീവനാണോ ജീവനമാണോ വലുത്’എന്നത് ഇന്ന് വളരെ അര്‍ത്ഥമുള്ള ചോദ്യമാണ്. മാധ്യമങ്ങളില്‍ കൂടി ധാരാളം അഴിമതികളെപ്പറ്റി നാം കേള്‍ക്കുന്നുണ്ട്. അഴിമതിയും വാതുവയ്പ്പും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും എല്ലാം ഇന്നയുടെ സാധാരണ സംഭവങ്ങളാണ്; ഇന്നത്തെ സംസ്‌കാരത്തിന്റെ ഭാഗമായി പരിണമിച്ചിരിക്കയാണ് എന്ന് തോന്നിപ്പോവുന്നു. സാധാരണക്കാരന്റൈ അസ്തിത്വത്തേയും സ്വാതന്ത്ര്യത്തേയുമാണ് വേദനിപ്പിക്കുകയും വ്രണപ്പെടുത്തുകയും  ഇല്ലാതാക്കുകയും ചെയ്യുന്നത് എന്ന സത്യം മറക്കരുത്. സാധാരണക്കാരന് ഇന്ന് ഏതൊരു കാര്യമെങ്കിലും ചെയ്തുകിട്ടണമെങ്കില്‍ കൈക്കൂലി കൊടുത്തേ സാധിക്കയുള്ളൂ. കാര്യകൃത്യനിര്‍വഹണത്തിന് വേണ്ടി നിയോഗിക്കപ്പെട്ടവര്‍, അവരുടെ കസേരയ്ക്കനുയോജ്യമായി സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവര്‍, അവരുടെ ജോലി ചെയ്യുന്നതല്ലേ അഭികാമ്യവും സന്തോഷവും. മറിച്ച്, ഇത്രയും കിട്ടിയെങ്കിലേ ഫയല്‍ നീക്കൂ… ഒപ്പിടൂ… എന്നെല്ലാം ശഠിച്ചാല്‍ അതിന്റെ  മാന്യത എന്താണ്? ഇരിക്കുന്ന കസേരയുടെ മഹത്വം കൂട്ടുകയാണോ, അതോ താഴ്ത്തുകയാണോ?.

discipline-of-prayer-the copyവ്യവസായ കുംഭകോണങ്ങളെയും ഖനന കുംഭകോണങ്ങളെയും കുറിച്ച് നാം കേള്‍ക്കുന്നുണ്ട്. വ്യവസായികളും ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും കൂടി ചേര്‍ന്നുള്ള സംരംഭങ്ങളാണിത്. അല്പസമയം കൊണ്ട് കൂടുതല്‍ പണം ആശ്രിതര്‍ക്ക്  ഉണ്ടാക്കികൊടുക്കുകയാണ്. പരിണിതഫലമായി അതിന്റെ പ്രത്യാഘാതവും സാധാരണക്കാരിലേക്കാണ് എത്തുന്നത്. പത്തു കൊടുക്കേണ്ടിടത്ത് അവര്‍ നൂറോ ആയിരമോ കൊടുക്കേണ്ടിവരുന്നു. ന്യായമായി പെരുമാറുമ്പോള്‍ സാധാരണക്കാരുടെ ഭാരങ്ങളെ ഇല്ലാതാക്കുവാന്‍ സാധിക്കും. അതല്ലേ ഉത്തമം; അഭികാമ്യം. വ്യവസായികള്‍ക്ക്ക നിശ്ചിത ലാഭം ലഭിക്കണം. അത്യാവശ്യമാണ്. സാധാരണക്കാരന്റെ കഴുത്തറുത്തോ അവന്റെ കീശയറുത്തോ അധികാരസീമയിലുള്ളവരും അവരുടെ ആശ്രിതരും അമിത പണം ഉണ്ടാക്കുന്നത് സമൂഹത്തില്‍ ദോഷം മാത്രമേ ചെയ്കയുള്ളൂ. ലാഭരീതി, മുറുക്കുന്ന വെറ്റിലയില്‍ ചുണ്ണാമ്പു തേക്കുന്നതിനു തുല്യമാകണം എന്ന് പറയാറുണ്ട്. അമിതമായാല്‍ വാ പൊള്ളും’എന്നതുപോലെ അമിതലാഭം സാധാരണക്കാരനെ കൂടുതല്‍ ഭാരപ്പെടുത്തും; തര്‍ക്കമില്ല.
മാച്ച്ഫിക്‌സിംഗ് ഇന്ന് സര്‍വസാധാരണയായിട്ടുള്ള ഒരു പ്രവണതയായി മാറിക്കഴിഞ്ഞു. കളി ആസ്വാദകര്‍ തമാശ കാണാന്‍ വന്നിരിക്കുന്നവരാണ് എന്ന് കരുതരുത്. അത് ഭാവിയില്‍ ദോഷം ചെയ്യും. കളിയുടെ മൂല്യം ഇല്ലാതായിത്തീരും. കളിക്കുന്നവരുടെ പ്രാഗത്ഭ്യം ഇല്ലാതായിത്തീരുന്നതുപോലെ അവരുടെ കഴിവുകളും തനിമയും നഷ്ടമാകും; സുതാര്യത ഇല്ലാതാകും. ഒന്ന് ചിന്തിച്ചുനോക്കൂ. അമിതമായി കിട്ടുന്ന പണം എവിടെയാണ് പോവുക… മദ്യത്തിലേക്കും വേശ്യാവൃത്തിയിലേക്കും അവിഹിത ബന്ധത്തിലേക്കും അധോലോകസംസര്‍ഗത്തിലേക്കും അപമര്യാദയിലേക്കും അപകീര്‍ത്തിയിലേക്കും ദുര്‍നടപ്പിലേക്കുമല്ലേ നയിക്കുന്നത്. ആദര്‍ശമുള്ള ജീവിതമാണ് വിശിഷ്ടമായിത്തീരുന്നത്. അവിഹിതമായി പണമുണ്ടാക്കി സ്വാര്‍ത്ഥതയെ താലോലിക്കുന്നതിലല്ല; പിന്നെയോ, ഓരോ ജീവിതവും സഹജീവികള്‍ക്ക് സന്തോഷവും കരുതലും നല്‍കുന്നതിലൂടെയാണ് ജീവിതം ധന്യമാകുന്നത്. പണത്തിനു മീതെ സര്‍വേശ്വരന്‍ ഉണ്ടെന്നു ഓര്‍ക്കുന്നത് നല്ലതാണ്.

ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിന്റെ കൂട്ടുകാര്‍ അദ്ദേഹത്തെ ജയിലില്‍ നിന്ന് കോഴ കൊടുത്തു മോചിപ്പിക്കാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വിസമ്മതിക്കുകയും താനും തന്റെ കുടുംബവും അപകീര്‍ത്തിയില്‍ ജീവിക്കുന്നതിനേക്കാള്‍ ധീരനായി മരിക്കുന്നതാണ് ഉത്തമമെന്നു ദൃഢമായി പ്രതിവചിക്കുകയും ചെയ്തു. രാമായണം എന്ന ശ്രേഷ്ഠഗ്രന്ഥത്തിന്റെ ഉപജ്ഞാതാവായ വാത്മീകി അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതത്തെ മുഴുവനായും നിരാകരിച്ചു ധാര്‍മികജീവിതത്തിന് സ്വയം സമര്‍പ്പിച്ചതിനാലാണ് ആദരണനീയനായ ഒരു മുനിശ്രേഷ്ഠനായത്. ഹിപ്പോയിലെ സെന്റ് അഗസ്തീനോസ് എന്ന പാശ്ചാത്യ ബിഷപ്പും തന്റെ ദുസ്വഭാവങ്ങളെയെല്ലാം ഉപേക്ഷിച്ച് യേശുവിന്റെ പഠിപ്പിക്കലിനെ മുഴുവനായും ഉള്‍ക്കൊണ്ടുകൊണ്ടുള്ള വ്യത്യസ്തമായ ജീവിതം സമര്‍പ്പിച്ചതിനാലാണ് അദ്ദേഹം ജനഹൃദയങ്ങളില്‍ ഇന്നും നിറഞ്ഞുനില്ക്കുന്നത്. നാം സാധാരണതലത്തില്‍ നിന്നും ഉന്നതങ്ങളിലേക്ക് മുന്നേറുമ്പോള്‍ മൂല്യ ചൂഷണം ഉണ്ടാകാതെ ധാര്‍മികതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സത്യത്തിനും, നീതിക്കും സമൂഹത്തിന്റെ ശ്രേഷ്ഠതയ്ക്കും മഹത്വത്തിനുമായി നിലകൊള്ളുന്നവരായി, എന്നും പ്രകാശവും ആദര്‍ശവും പകര്‍ന്നുനല്കുന്നവരായി പരിണമിക്കും. സാമൂഹികവും ദാര്‍ശനികവും സാമ്പത്തികവും രാഷ്ട്രീയവും ഔദ്യോഗികവുമായ ജീവിതം പൊതുനന്മയ്ക്കായും ഔന്നത്യത്തിനായും പ്രയോജനപ്പെടുത്തണം.

മാതൃകാപരമായ ജീവിതവും സമീപനവും നമ്മെ നാളെയുടെ വാഗ്ദാനമായി വിലയിരുത്തും. തിന്നതും കുടിച്ചതും ആസ്വദിച്ചതും സമ്പാദിച്ചതും ഒന്നുമല്ല, പിന്നെയോ നമ്മിലുള്ള നന്മയുടെ അംശങ്ങള്‍,  സല്‍കര്‍മങ്ങള്‍, സത്ഭാവങ്ങള്‍, സത്ചിന്തകള്‍, സത്ബന്ധങ്ങള്‍, സത്ജീവിതം എന്നിവയാണ് ഒരുവനെ മാന്യനാക്കുന്നതും വലുതാക്കുന്നതും. കൂടാതെ ഒരു വ്യക്തി തന്റെ ശ്രേഷ്ഠതയ്ക്കും, കുടുംബത്തിന്റെയും  സമൂഹത്തിന്റെയും ഔന്നത്യത്തിനായും, രാഷ്ട്രത്തിന്റെ  ശ്രേഷ്ഠതയ്ക്കും പുരോഗതിക്കുമായി നിലകൊള്ളുമ്പോഴാണ് ജീവിതത്തിന് അര്‍ത്ഥം  കണ്ടെത്താന്‍ കഴിയുന്നത്. .

 

 

You must be logged in to post a comment Login