ജീവിതത്തില്‍ ഏറ്റവും വെറുപ്പുളവാക്കിയ കമന്റ് ഏതാണ്; ഐശ്വര്യയുടെ മറുപടി ഇമ്രാന്‍ ഹാഷ്മിക്കുള്ള തിരിച്ചടി കൂടിയാണ് (വീഡിയോ)

മുംബൈ: രണ്ട് പതിറ്റാണ്ടുകളായി ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി ഐശ്വര്യ റായി. ഇത്രയും നീണ്ട കരിയറിനിടെ നിരവധി വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് ഐശ്വര്യ ജീവന്‍ നല്‍കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഐശ്വര്യ സജീവമാണ്.

നിരവധി പേര്‍ ഐശ്വര്യയുടെ അഭിനയത്തെ പുകഴ്ത്തിയിരുന്നെങ്കിലും ഇമ്രാന്‍ ഹാഷ്മിക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇമ്രാന്‍ ഹാഷ്മി ഐശ്വര്യയുടെ അഭിനയത്തെ ഇകഴ്ത്തി അഭിപ്രായം പറഞ്ഞിരുന്നത്. നാല് വര്‍ഷം മുമ്പ് ഇമ്രാന്‍ ഹാഷ്മി പറഞ്ഞ കാര്യം എന്നാല്‍ ഐശ്വര്യ മറന്നിട്ടില്ല. കളേഴ്‌സ് ടിവിയിലെ ഫേമസ്ലി ഫിലിം ഫെയര്‍ സീസണ്‍ 2വില്‍ വെച്ചാണ് ഐശ്വര്യ ഇമ്രാന്‍ ഹാഷ്മിയുടെ ആ പഴയ അഭിപ്രായം ഓര്‍ത്തെടുത്തത്.

റാപിഡ് ഫയര്‍ റൗണ്ടില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഐശ്വര്യ. ‘ജീവിതത്തില്‍ നിങ്ങളെ കുറിച്ച് കേട്ട ഏറ്റവും വെറുപ്പുളവാക്കുന്ന കമന്റ് എന്തായിരുന്നു’ എന്നാണ് അവതാരകന്‍ ചോദിച്ചത്. ‘ഫെയ്ക്ക് എന്നും പ്ലാസ്റ്റിക് എന്നും’ ആയിരുന്നു ഐശ്വര്യയുടെ മറുപടി.

2014ല്‍ ‘കോഫി വിത്ത് കരണ്‍’ പരിപാടിയില്‍ ആയിരുന്നു ഇമ്രാന്‍ ഹാഷ്മി ഐശ്വര്യയെ കുറിച്ച് പരാമര്‍ശിച്ചത്. ‘ഐശ്വര്യ പ്ലാസ്റ്റിക് ആണ്’ എന്ന് അദ്ദേഹം അന്ന് പറഞ്ഞത് വിവാദമായി മാറിയിരുന്നു. എന്നാല്‍ പിന്നീട് പരാമര്‍ശത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. പരിപാടി തടസ്സം കൂടാതെ പോവാനാണ് അതിന്റെ സ്വഭാവത്തിലുളള കമന്റ് പറഞ്ഞതെന്നായിരുന്നു ഇമ്രാന്‍ ഹാഷ്മിയുടെ വിശദീകരണം. ഇതിന് ശേഷം 2017ല്‍ ‘ബാദ്ഷാഹു’ എന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയാവാന്‍ ഐശ്വര്യ റായിക്ക് ക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ അന്ന് പിന്മാറി.

You must be logged in to post a comment Login