ജീവിതത്തോട് അതൃപ്തി ഫെയ്‌സ്ബുക്കിനോട് തൃപ്തി

ഫെയ്‌സ്ബുക്കാണ് പുതുതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടിുകാരന്‍.പ്രിയപ്പെട്ടവരുമായി ചാറ്റ് ചെയ്തും പോസ്റ്റുകളില്‍ കമന്റ് ചെയ്തും ലൈക്ക് നല്‍കിയും ഇവര്‍ പടവെട്ടുന്നത് സമയത്തോട് തന്നെയാണ്.ഫെയ്‌സ് ബുക്കില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന് തമാശയാക്കി പറയാമെങ്കിലും അതൊരു സത്യം തന്നെയാണ്.കഞ്ഞിക്ക് ഉപ്പില്ലെങ്കിലും വേണ്ടില്ല നെറ്റും ഫെയ്‌സ്ബുക്കുമില്ലെങ്കില്‍ യുവതലമുറയ്ക്ക് ഓര്‍ക്കാനേ വയ്യ.എന്നാല്‍ ഒന്നു ശ്രദ്ധിക്കൂ.ഫെയ്‌സ്ബുക്കിനെ വിട്ടു പിരിയാന്‍ കഴിയാത്തവര്‍ ജീവിതത്തില്‍ അതൃപ്തരായിരിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ അസൂയ, മാനസിക പിരിമുറുക്കം, ഒറ്റപ്പെടല്‍, നിരാശ എന്നിവ സാധാരണമാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ നിന്നും തെളിഞ്ഞിരുന്നു എന്നാല്‍ ഫെയ്‌സ്ബുക്കിനോട് കൂടുതല്‍ അഭിനിവേശം കാണിക്കുന്നവരില്‍ ഇവ കൂടുന്നതായാണ് പുതിയ പഠനം പറയുന്നത്.

fbമിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഏതന്‍ ക്രോസും ബെല്‍ജിയത്തിലെ ലിയോവന്‍ യൂണിവേഴ്‌സിറ്റിയിലെ ഫിലിപ്പി വെര്‍ഡിയനും നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.പബ്ലിക് ലൈബ്രറി ഓഫ് സയന്‍സാണ് ഇരുവരുടെയും ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏറെക്കാലമായി ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് വരുന്ന ആളുകളില്‍ ഉണ്ടാകുന്ന വികാര ഭേദങ്ങള്‍ പഠിച്ചാണ് ഗവേഷകര്‍ പുതിയ നിഗമനത്തിലെത്തിയത്.ഇതിനായി വിവധ മേഖലയില്‍പ്പെട്ട ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെ കണ്ടെത്തുകയും അവരെ പഠനത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് പഠനകാലയളവിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ജീവിതത്തിലുള്ള സംതൃപ്തിയും ഇവര്‍ നിരീക്ഷണ വിധേയമാക്കി. ഇതിനൊടുവിലാണ് ഫെയ്‌സ്ബുക്ക് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സംതൃപ്തി കുറഞ്ഞു വരുന്നുണ്ടെന്ന് തെളിഞ്ഞത്.

You must be logged in to post a comment Login