ജീവിത ഗന്ധമുള്ള ഗന്ധവാഹിനികള്‍

ഡോ. പി. സരസ്വതി

പൂവ് സൗന്ദര്യമാണ്, പ്രണയമാണ്, ഭക്തിയാണ്, മോക്ഷമാണ്, ജീവിതമാണ്; മരണമാണ്, ദ്വന്ദവികാരങ്ങളുടെ സമ്മിശ്രമാണത്. അകന്നും അടുത്തും വീക്ഷിച്ചാല്‍ പൂവിന്റെ ഇതള്‍ ആടിക്കളിക്കുന്നതുപോലെ വിടരുകയും കൂമ്പുകയും ചെയ്യുന്നതുപോലെ അസ്ഥിരമായൊരു അസ്തിത്വം അതിനുണ്ട്. ശരിക്കും പ്രകൃതിപോലെ, മനുഷ്യജീവിതം പോലെ. ഒരു ദേശത്തിന്റെയോ സമൂഹത്തിന്റെയോ ഒരു കാലത്തിന്റെയോ സ്വന്തമാണ് പൂവ് എന്നു പറയാനാവില്ല. സാര്‍വ്വകാലികവും സാര്‍വ്വ ലൗകീകവുമാണത്. ഭാവനയിലും യാഥാര്‍ത്ഥ്യത്തിലും വിതറികിടക്കുന്ന പൂവിതളുകളുടെ ധര്‍മ്മത്തിനു മാത്രം ചിലപ്പോഴൊക്കെ വ്യത്യാസവും വൈവിധ്യവും കാണുന്നു. എന്തുകൊണ്ടാണത്? മനുഷ്യന്റെ ദര്‍ശനത്തിലുള്ള രുചിഭേദം പൂവിനെ താലോലിക്കുന്നതിലും ആരാധിക്കുന്നതിലും വ്യതിരിക്തത പുലര്‍ത്തുന്നതാവാം. ‘പുഷ്പസ്യധാരണം കാന്തിവര്‍ദ്ധനം കാമകാരകം രാജശ്രീവര്‍ദ്ധ കഞ്ചൈവ പാപഗ്രഹവിനാശനം’ എന്ന ആപ്തവാക്യം മുന്‍ പറഞ്ഞതിനെ സാധൂകരിക്കുന്നു. ഒരു പൂ തരുമെങ്കിലൊരു പൂക്കാലം തരാമെന്ന വാഗ്ദാനത്തിന്റെ വശ്യത പേര്‍ത്തും പേര്‍ത്തും ചിന്തിക്കുമ്പോള്‍ മനസ്സിന്റെ അഗാധതയില്‍ സുഗന്ധപൂരിതമായൊരു രോമാഞ്ചം പൂക്കുന്നില്ലേ?
കേവല മനുഷ്യനില്‍ നിന്ന് പ്രകൃതിയുടെ നിഗൂഢതകളിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍ പൂവില്‍ വിടരുന്നത് മാതൃത്വമാണ്. മുലപ്പാലുപോലെ തേന്‍ കിനിയുന്നു. ഇതിഹാസങ്ങളോട് ചേര്‍ത്തുവെയ്ക്കുമ്പോഴാണ് പൂവിന്റെ മഹത്വം അമ്മത്തമാണെന്ന് അനുഭവമാകുന്നത്. നമ്മുടെ സംസ്‌കാരത്തില്‍, ചിന്താഗതിയില്‍, ആചാര വിശ്വാസങ്ങളില്‍. ആദിമാതാവിന്റെ രൂപം ജലജന്യമായ പൂവില്‍ പിറവി കൊള്ളുന്നതാണല്ലോ. പരാശക്തിക്കും ലക്ഷ്മിക്കും സരസ്വതിക്കും ഇരിപ്പിടവും ജന്മത്തവും പുഷ്പമാണ്. സ്രഷ്ടാവ് സംഭൂതനാകുന്നത് താമരയില്‍, താമരയോ വിഷ്ണുവിന്റെ നാഭിയില്‍. പൂവപ്പോള്‍ ജീവാംശമാകുന്നു എന്നത് നിഷേധിക്കാനിവിടെ കഴിയുമോ? കുറച്ചു കൂടി ഗഹനമായ ചിന്തയില്‍ ഉരുത്തിരിയുന്ന സത്യം സൃഷ്ടിയുടെ പൊരുളായ കാമത്തിന് ഉദ്ദീപ ശക്തിയേറ്റുന്നത് പൂവാണെന്ന് വരുന്നു. കരിമ്പിന്‍ വില്ലില്‍ തൊടുന്ന പഞ്ചസുമങ്ങളല്ലേ കാമദേവന്റെ ആയുധം. മാദക ഗന്ധവും മദിപ്പിക്കുന്ന മധുരവും നിറഞ്ഞു തുളുമ്പുന്ന അഞ്ചു പൂക്കള്‍ക്ക് സൃഷ്ടിയുടെ ചേരുവയാകാന്‍ കഴിയുന്നു. ഒപ്പം മറ്റുചില പൂക്കളാകട്ടെ മോക്ഷത്തിനായി അര്‍ച്ചിക്കപ്പെടുകയും ചെയ്യുന്നു. മനസ്സിനെയും ആത്മാവിനെയും ഔദ്ധത്യത്തോടെ സമീപിക്കാന്‍ പൂവിനെ കഴിഞ്ഞിട്ടുള്ളൂ, കഴിയുകയുമുള്ളൂ. വൈരുദ്ധ്യത്മാകമായ ഇത്തരം സംയോജനങ്ങളാണ് ഭാരതീയ ചിന്തകളെ രസകരവും ഗൂഢവുമാക്കുന്നത്.
പൂവിന്റെ മണം മത്തുപിടിപ്പിച്ച വണ്ടുകളുടെ ആര്‍ത്തിയോടുള്ള മുരള്‍ച്ച സൈ്വര്യം കെടുത്തിയപ്പോഴാണല്ലോ ദുര്‍വ്വാസാവ് ഇന്ദ്രന് നല്‍കിയ വിശിഷ്ട പുഷ്പഹാരം ഐരാവതം വലിച്ചെടുത്ത് ചവുട്ടിയരച്ചതും തുടര്‍ന്നുള്ള ശാപവും ദേവക്ഷയവും പാലാഴി മഥനവും ഓര്‍ക്കുക. വെറുമൊരു കഥ ,ഐതീഹ്യം എന്നൊക്കെ വിചാരിച്ചാലും ദേവാസുര ബന്ധത്തിന്റെ പുതിയ മാനങ്ങള്‍ തീര്‍ത്തതും ഒരു പുനഃസൃഷ്ടിയുടെ സൗന്ദര്യാത്മകത അനുഭവവേദ്യമായതും പൂവിന്റെ ഇടപെടല്‍ തന്നെ. പുരാണങ്ങള്‍ പൂവിനെ ഉത്തമമായി കാണുന്നുണ്ട്. തുളസി പവിത്രതയുടെ പര്യായമാവുന്നതും കൈതപ്പൂവ് പൂജക്കെടുക്കാത്ത പൂവാകുന്നതും ചരാചര സൃഷ്ടിയുടെ കേവല ഒരുക്കൂട്ടലുകളാണ്. സത്യഭാമയ്ക്കായി പാരിജാതം തേടിപ്പോയ ശ്രീകൃഷ്ണനും പാഞ്ചാലിക്കായി കല്യാണ സൗഗന്ധികം കൊണ്ടുവരുവാന്‍ പുറപ്പെട്ട ഭീമസേനനും പ്രണയികളുടെ ഉദാത്ത രൂപങ്ങളാകുന്നത് പൂവെന്ന മാധ്യമത്തിലൂടെയാണ്. യക്ഷഗന്ധര്‍വ്വ കാമലീലകള്‍ക്ക് ഉന്മാദം ചേര്‍ക്കുന്ന പാലപ്പൂവിന്റെ ഗന്ധവും മരണത്തിന്റെ ഊഷരത പരത്തുന്ന എരിക്കിന്റെ മണവും ജീവിതത്തിന്റെ രണ്ടറ്റങ്ങളെ പ്രതിനിധീകരിക്കുന്ന രമണീയ സങ്കല്പം തന്നെ. അല്ല അതൊരു ഹൃദയഹാരിയായ അനുഭവം തന്നെ. കാട്ടിലെ നിലാവായ വനജ്യോത്സനയെ മറക്കാമോ? പൂത്ത കടമ്പും ഗോപികമാരും നിറഞ്ഞു നില്‍ക്കുകയല്ലേ മനസ്സില്‍ ?ദേശസംബന്ധയായി പൂമണം വിവേചിച്ച് പറയുകയാണെങ്കില്‍ ഉത്തരേന്ത്യയേക്കാള്‍ ഏറെ ദക്ഷിണേന്ത്യയിലാണ് പൂക്കളുടെ വര്‍ണ്ണരാജി.
ചെണ്ടുമല്ലി പൂക്കള്‍ തലയില്‍ ചൂടിയ ദ്രാവിഡ സൗന്ദര്യം കണ്ണിന് കുളിര്‍മ്മയല്ലോ. പിച്ചിയും കനകാംബരവും തലയില്‍ ചൂടിയ ബ്രാഹ്മണ പെണ്‍കുട്ടിയുടെ അഴക് ആരെയാണ് ആകര്‍ഷിക്കാത്തത്. മുല്ലപ്പൂ ചൂടിയ മലയാളിയായ ബാല്യ കൗമാര യൗവ്വന വാര്‍ദ്ധക്യങ്ങള്‍ അകറ്റി നിറുത്താന്‍ കഴിയുമോ. ചെമ്പകം മെടഞ്ഞിട്ട മുടിയില്‍ പിന്നിയൂര്‍ന്ന കൗമാരത്തിന്റെ കലാ തിളക്കം ശ്രദ്ധേയമല്ലേ? തെച്ചിപൂ ചൂടിയ നാടന്‍ പെണ്ണ് മനസ്സിലെ കിന്നാരമല്ലേ? എന്തിനേറെ പൂ ചൂടുന്ന മൃഗം ഇങ്ങ് കേരളത്തിന്റെ മാത്രം സ്വന്തമല്ലോ. ചെമ്പരത്തിയും കോളാമ്പിയും കോര്‍ത്ത ചുവപ്പും മഞ്ഞയും ചേര്‍ന്ന മായികമായ സൗന്ദര്യം പോത്തിനെ അണിയിച്ച കേരളീയന്റെ കുസൃതി പോത്തോട്ട ചടങ്ങില്‍ പ്രസിദ്ധമാണല്ലോ. ഇങ്ങനെ പൂക്കള്‍ കോള്‍മയിര്‍ക്കൊള്ളിക്കുമ്പോള്‍ ഓമനമുഖം കോമള താമരപൂവാകുന്നതില്‍ ഒട്ടും അതിശയോക്തിയില്ലല്ലോ.
ഋതുക്കളുടെ മാറി മാറി വരുന്ന ചിരികളില്‍ തോഴിയായി പൂക്കളല്ലേ ഉള്ളത്. വിചിത്രമെന്ന് പറയട്ടെ പൂവിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ സമൂഹം കേരളീയരാണ്. ഓരോ ആഘോഷത്തിനും നിറക്കൂട്ടുകളുടെ ചേതോഹരമായ ശബളിമയാണ് കലാകാര മനസ്സുള്ള നമ്മള്‍ ഒരുക്കിവെക്കുന്നത്. പൂവിന്റെ സാന്നിധ്യമില്ലാത്ത ആചാരാനുഷ്ഠാനങ്ങള്‍ നമുക്കില്ല തന്നെ. സ്ത്രീയുടെ മന്ദഹാസത്തിനും പിണക്കത്തിനും നുണക്കുഴിക്കും മൂക്കിനും കണ്ണിനും പൂ പ്രതീകമാകുന്നു. സ്ത്രീ സഹധര്‍മ്മിണിയാവുമ്പോള്‍ പൂവ് സഹശീലയാവുന്നു. ലൈംഗീകാവയങ്ങള്‍ പോലും പൂവിനോടുപമിക്കുന്ന കാവ്യഭാവനയും നമുക്കുണ്ടല്ലോ .ചെമ്പക ഗന്ധവും മുല്ലപ്പൂ പല്ലും നീലോല്പന്ന നയനവും സൗന്ദര്യത്തിന്റെ ഉപമകളാണല്ലോ. അങ്ങനെ പൂവെന്നുള്ളത് സുഖദമായ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാകുന്നു. ജീവനില്‍ തുടങ്ങി ഒടുങ്ങുന്ന പൂ സാമീപ്യം.
ദീര്‍ഘസുമംഗലിത്വത്തിനായി പെണ്ണ് നോല്‍ക്കുന്ന തിരുവാതിര നോമ്പിന് ദശപുഷ്പം ചൂടണം. പാടത്തും പറമ്പിലും സമൃദ്ധമായി നില്‍ക്കുന്ന ചെടികള്‍ ഇലകളെപ്പോലും പൂവാക്കുന്ന വ്രതശുദ്ധി. കളങ്കമില്ലാത്ത മനസ്സും മേനിയും അഹന്തയോടെ കാത്തുസൂക്ഷിക്കുന്ന പെണ്ണിന്റെ സാര്‍വ്വ ഭഗമത്വ പൂ ധാരണത്തില്‍. ദശപുഷ്പങ്ങള്‍ ഓരോ ദേവീ ദേവന്മാരെ പ്രതിനിധീകരിക്കുന്നു. ഇഹത്തിലും പരത്തിലും പൂവിനു സാര്‍ത്ഥകത്വമുണ്ട്. അതല്ലേ ഏകാദശി നോല്‍ക്കുന്നതിന് തുളസിതീര്‍ത്ഥം ആചാരമാകുന്നത്. വിഷുവിനാകട്ടെ പൊട്ടിച്ചിരിക്കുന്ന കര്‍ണ്ണികാരപ്പൂ(കൊന്ന)വാണ് താരം. ഒരു വര്‍ഷത്തെ സൗഭാഗ്യം ഈ മണപൂവിന്റെ മനോഹാരിതയില്‍ ഒരുക്കുന്നു നമ്മള്‍. എന്നാല്‍ സ്ത്രീയുടെ നെറ്റിയിലെ പൊട്ടിനെ അനുസ്മരിപ്പിക്കുമാറ് മുറ്റത്ത് വട്ടത്തില്‍ കളമൊരുക്കി ഓണം ആഘോഷിക്കുന്നു നമ്മള്‍. നിറക്കൂട്ടിന്റെ അഭഗവും അലൗകീകവും അദമ്യവുമായ ചാരുത ഓണത്തെ ഓര്‍മ്മിപ്പിക്കുന്നതു മുഴുവന്‍ പൂക്കളാണ്. നാടും നാട്ടാരും തോപ്പും തോട്ടവും തിമിര്‍ത്ത് പൂക്കള്‍ ചൊരിയുമ്പോള്‍ മറക്കാതെ ഓര്‍ക്കേണ്ട ഒന്നുണ്ട്. പ്രകൃതിയൊരുക്കിയ പൂക്കള്‍ക്കു പോലും പ്രത്യേകമൊരു സാംസ്‌കാരിക പാരമ്പര്യമുണ്ട്.
ആഹാരവും കളിയും ആയി ഓണത്തെ വ്യാഖ്യാനിക്കുമ്പോള്‍ അതിനിടയില്‍ കൂടി കാണാവുന്ന ശൈവ വൈഷ്ണവ ദര്‍ശനത്തിന്റെ ഒരു ചരട് കാണാതെ പോകരുത്. ഈ ബന്ധം ഉറപ്പിക്കുന്നതാകട്ടെ പൂക്കളാണ്. ആസുരവും ദൈവീകവും നേര്‍ക്കു നേര്‍ വരുന്ന ഓണം. വാമനനനും മാവേലിയും ( മഹാബലി) നേര്‍ക്കുനേര്‍. ഈ ദ്വിത ശക്തിയാണല്ലോ ഓണത്തിന്റെ മര്‍മ്മം. ഇത്തിരി കൂടി ആഴത്തില്‍ കടന്നു ചിന്തിച്ചാല്‍ ബ്രാഹ്മണ്യവും അബ്രാഹ്മണ്യവും ആര്യനും ദ്രാവിഡനും വൈഷ്ണവനും ശൈവവും ഇതാണ് ഓണത്തിന്റെ നേര്‍ചിത്രം. ആചാരങ്ങള്‍ ശ്രദ്ധിക്കൂ അപ്പോഴിതു വ്യക്തമാകും. വിഷ്ണു സങ്കല്പത്തില്‍ തൃക്കാക്കരയപ്പന് ,ആഘോഷത്തിലെ നൃത്ത ചൂവടുകളുമായി വരുന്ന ശിവഭൂതങ്ങള്‍. ( കുമ്മാട്ടിയെന്നും ഓണപൊട്ടനെന്നും, കുറത്തി- കുറവന്‍ എന്നും ഈ നൃത്ത സംഘങ്ങളെ പേരിട്ടു വിളിക്കുന്നു). ഓണത്തിലെ പൂവുകള്‍ക്കും സവിശേഷതകളുണ്ട്. മുക്കുറ്റി, തുമ്പ, തേര്‍പൂവ്( ആറുമാസചെടി, ലക്ഷ്മി പൂചെടി, സീതാചെടി എന്നീ പേരുകളില്‍ ഇതറിയപ്പെടുന്നുണ്ട്).
കര്‍ക്കിടകമാസത്തില്‍ മുക്കൂറ്റി തൈ ഞെരടി ചാറെടുത്ത് നെററിയില്‍ തൊടുന്ന ആചാരമുണ്ടല്ലോ. ശ്രീഭഗവതിയാണ് മുക്കൂറ്റി. തുമ്പയാകട്ടെ ശിവപ്രിയയാണ്. ( ശ്വാസം വലിച്ചു കിടക്കുന്ന ആളിന് വേഗത്തില്‍ മരണം സംഭവിച്ച് മോക്ഷപ്രാപ്തിയില്‍ ലഭിക്കാന്‍ ശിവന് തുമ്പപൂ മാല നേരാറുണ്ട്) തുളസിയും തേര്‍പൂവും വൈഷ്ണവമാണ്. ഈ നാലു പൂക്കളും നാന്മുഖനായ ബ്രഹ്മധിനെ പോലെ ഓണത്തിന് ഒരുമിക്കുന്നു. തൃക്കാക്കരയപ്പന് നേദിക്കാനുള്ള അടയെ പൂവട എന്നല്ലേ പറയാറ്. ഈ പൂവടയില്‍ തുമ്പകുടവും തുളസിയിലയും ഇട്ടാണല്ലോ ഉണ്ടാക്കാറ്. തൃക്കാക്കരയപ്പന്റെ മണ്‍പ്രതിമയില്‍ തേര്‍പൂവും വശങ്ങളില്‍ തുമ്പകുടവും കുത്തിനിറുത്താറുണ്ട്. ഇത്തരത്തില്‍ സാംസ്‌കാരികമായ ഒരു പ്രധാന്യം കൂടെ പൂവിന് ഉണ്ട്. ആരാധനയിലും ആഹാരത്തിലും ലയിച്ചു ചേരുന്ന പൂവിന്റെ ശക്തി സാധാരണക്കാരന്റെ ജീവിതത്തിലും നിറഞ്ഞു നില്‍ക്കുന്നു.
കിണുങ്ങുന്ന പെണ്ണിനെ, പൊടുന്നനെ പിണങ്ങി പരിഭവിക്കുന്നവളെ കണ്ണാന്തളിപൂവെന്ന് വിളിക്കുന്നു. മണമില്ലാത്ത എന്നാല്‍ ചന്തമുള്ള മുരിക്കിന്‍ പൂവിനെ സുന്ദരിയാണെങ്കിലും ഒന്നിനും കൊള്ളില്ലാത്തവളോട് ഉപമിക്കുന്നു. എരിക്കിന്‍ പൂവിനെ ശ്മശാന വാസിയായും ശവഗന്ധിയെ മരണമായും കണക്കാക്കുന്നു .ഔഷധപുഷ്പങ്ങളും ധാരാളമുണ്ട്. എന്തിനേറെ പൊട്ടിയെന്നോരു ചന്തമുള്ള പൂവും കൂട്ടത്തിലുണ്ട്. പൂക്കളര്‍പ്പിച്ചാണ് ഭക്തിയും ആദരവും നാം പ്രകടമാക്കാറുണ്ട്. പൂക്കള്‍ക്കുള്ള ഈ ഇടം മറ്റൊന്നിനുമില്ല. ഇണക്കത്തിനും പിണക്കത്തിനും പൂവ്. അവയവങ്ങള്‍ക്കും ശീല ഗുണങ്ങള്‍ക്കും പൂക്കള്‍ പ്രതീകമാക്കുന്നു. സര്‍ഗ്ഗഭാവനയിലും പൂക്കളെതന്നെ രാജ്ഞിയാക്കുന്നു മനുഷ്യന്‍.
‘പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം’. എന്ന കവി മൊഴിയില്‍ വേലിക്കു മാത്രമല്ല മനുഷ്യ മനസ്സിനും വര്‍ണ്ണമേറ്റുന്നു. കുന്നത്തു കൊന്നയും പൂത്തപോലെ എന്നാകുമ്പോള്‍ അന്തരാളത്തിലെവിടെയും പൂത്തിരി കത്തിക്കുന്ന പ്രണയ ഛായ ,ചെമ്പകത്തിന്റെ മദിപ്പിക്കുന്ന ഗന്ധത്തില്‍’ പ്രണയി ഇവിടുണ്ട് തോഴാ’ എന്ന നിശ്വാസ ധാരയില്‍ അനാവൃതമാകുന്നത് പ്രണയത്തിന്റെ അനശ്വരത. ‘മഞ്ഞതെച്ചി പൂങ്കുല പോലെ വന്നു ലളിതേ നീയെന്‍ മുന്നില്‍ ‘എന്നാകുമ്പോഴോ ഗൃഹലക്ഷ്മിയുടെ ഐശ്വര്യം നിറയുന്നു. മുറുക്കി നീട്ടി തുപ്പിയപ്പോള്‍ ചുവന്ന ചെത്തിയും മദന പാരവശ്യത്തിന്റെ നിശാഗന്ധിയും ഭാവന പൂക്കുമ്പോള്‍ തെളിയുന്ന പുഷ്പ ചിത്രങ്ങള്‍. മനുഷ്യ ജീവിതത്തിലെ പ്രണയമായും വൈരാഗ്യമായും പൂക്കള്‍ കടന്നു പോകുന്നു.
പൂവെന്നും സ്‌ത്രൈണമാണെന്ന സത്യം നിഷേധിക്കാനാവില്ല. അമ്മയായകും കുഞ്ഞായും കാമിനിയായും ദേവിയായും പൂ വിരാജിക്കുന്നു. പ്രണയത്തിനും കാമത്തിനും കാമനകള്‍കും പൂവൊരു നിമിത്തമാണ് ജീവിത ബന്ധിയും ജീവിത ഗന്ധിയും ആണ് പൂവ് അതാവാം കവി പോലും പറന്നു വീണ് കിടക്കുന്ന പൂവിന്റെ ദൃശ്യത്തില്‍ നിന്നും കണ്ണേ മടങ്ങുക എന്ന അഗ്‌നിമിത്രന്‍ അശോകത്തെ ചൂണ്ടി പറഞ്ഞല്ലോ( മാളവികാഗ്നിമിത്രം) ‘അശോകം നീ സശോകന്‍ ഞാന്‍ ‘എന്ന്. സത്യമാണ് പൂക്കളെല്ലാം അ ശോകങ്ങളാണ് കാഴ്ചയിലും ഗന്ധത്തിലും സ്പര്‍ശത്തിലും.

 

You must be logged in to post a comment Login