‘ജൂതനി’ൽ നിന്ന് റിമയെ ഒഴിവാക്കി; സൗബിന് നായികയായെത്തുന്നത് മംമ്ത

പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധേയമായ ചിത്രം ജൂതനിൽ നിന്നും ആദ്യം നായികയായി നിശ്ചയിച്ചിരുന്ന റിമ കല്ലിങ്കലിനെ മാറ്റിയതായി റിപ്പോര്‍ട്ട്. പകരം ചിത്രത്തിൽ സൗബിൻ്റെ നായികയായി എത്തുന്നത് മംമ്ത മോഹൻദാസാണ്. പതിനാല് വര്‍ഷങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ഭദ്രൻ മടങ്ങിയെത്തുന്നു എന്ന വലിയ പ്രത്യേകതയാണ് ചിത്രത്തിൻ്റെ പ്രഖ്യാപന വേളയിൽ ഏറെ ശ്രദ്ധേയമായിരുന്നത്. സൗബിൻ ഷാഹിറിനൊപ്പം ജോജു ജോര്‍ജ്ജാണ് മറ്റു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

എസ്. സുരേഷ് ബാബുവാണ് ജൂതന് തിരക്കഥ എഴുതുന്നത്. ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥൻ എസ് ആണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ അതി മനോഹര ഗാനങ്ങൾ സമ്മാനിച്ച സുഷിൻ ശ്യാമാണ് ജൂതനിലെ ഗാനങ്ങൾ ഒരുക്കുന്നത് എന്നതാണ് ശ്രദ്ധേയം. ചിത്രത്തിന് കലാസംവിധാനം നിര്‍വ്വഹിക്കുന്നത് ബംഗ്ലാൻ ആണ്. ചിത്രത്തിൻ്റെ വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സമീറ സനീഷാണ്. 2005ൽ റിലീസ് ചെയ്ത മോഹൻലാൽ നായകനായ ഉടയോനാണ് ഭദ്രൻ സംവിധാനം ചെയ്ത് അവസാനമായി റിലീസിന് എത്തിയ ചിത്രം.

കുമ്പളങ്ങി നൈറ്റ്സ്, അമ്പിളി, വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൌബിൻ്റേതായി ഒരുങ്ങുന്ന ചിത്രം ഡിസൂസയാണ്. ഈ ചിത്രത്തിലാണ് താരമിപ്പോൾ അഭിനയിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിൻ്റെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ യുവതാരം സൗബിനും ഭദ്രനും ജോസഫിലൂടെ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ ജോജു ജോര്‍ജ്ജും ഒന്നിക്കുമ്പോൾ ആരാധകര്‍ക്ക് ചിത്രത്തിന്മേലുള്ള പ്രതീക്ഷ വാനോളമാണ്.

അതേസമയം ജൂതനിലേക്ക് അഭിനേതാക്കളെ തേടുകയാണ് അണിയറ പ്രവർത്തകരിപ്പോൾ. മിസൈൽ ജോജുവിൻ്റെ ഒരേ ഒരു മകനായി അഭിനയിക്കാൻ 4-5 വയസ്സു പ്രായമുള്ള എക്സ്ട്രാ സ്മാർട്ടായ ആൺകുട്ടിയെയും ഈ ഓ സൗബിൻ്റെ കുട്ടിക്കാലം അവതരിപ്പിക്കാൻ 4-5 വയസ്സു പ്രായമുള്ള ഒരു ആൺകുട്ടിയെയുമാണ് ചിത്രത്തിലേക്ക് ആവശ്യമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. നൂറു വയസ്സോ അടുത്തോ പ്രായം തോന്നിക്കുന്ന ടിപ്പിക്കൽ ജൂത സ്ത്രീ എന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീയെയുമാണ് ആവശ്യം.

You must be logged in to post a comment Login