ജെഎന്‍യു ഐക്യദാര്‍ഢ്യം: കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണവീഡിയോയില്‍നിന്ന് ദീപിക പുറത്ത്


ജെഎന്‍യു ഐക്യദാര്‍ഢ്യം: കേന്ദ്രസര്‍ക്കാരിന്റെ പ്രചാരണവീഡിയോയില്‍നിന്ന് ദീപിക പുറത്ത്

ന്യൂഡല്‍ഹി: ജെഎന്‍യു
സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സമരത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്
പങ്കെടുത്ത ബോളിവുഡ് നടി ദീപിക പദുകോണിന്റെ പരസ്യചിത്രം
കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര നൈപുണ്യ വികസനമന്ത്രാലയത്തിന്റെ
സ്‌കില്‍ ഇന്ത്യയ്ക്കുവേണ്ടിയുള്ള പ്രമോഷണല്‍ വീഡിയോ ആണ് പിന്‍വലിച്ചതെന്ന്
ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. ആസിഡ് ആക്രണത്തിന്
ഇരയായവരെക്കുറിച്ചും സ്‌കില്‍ ഇന്ത്യയെക്കുറിച്ചും ദീപിക
സംസാരിക്കുന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. സ്‌കില്‍
ഇന്ത്യയ്ക്കുവേണ്ടി ദീപിക പദുകോണിന്റെ വീഡിയോ ബുധനാഴ്ചയാണ് റിലീസ് ചെയ്തത്.
എന്നാല്‍, ചൊവ്വാഴ്ച രാത്രി ദീപിക ജെഎന്‍യുവില്‍ സമരം ചെയ്ത
വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ വീഡിയോ
പിന്‍വലിക്കുകയായിരുന്നു.

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തില്‍
ഉള്‍പ്പടെ ഈ പ്രമോഷണല്‍ വീഡിയോ പ്രചാരണത്തിന് നല്‍കിയിരുന്നു. ഇതും
പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ വീഡിയ
ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കും വിലയിരുത്തലിനും വേണ്ടി
മാറ്റിവച്ചിരിക്കുകയാണെന്നാണ് കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന്റെ
വിശദീകരണം. ദീപികയുമായി സ്‌കില്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക കരാര്‍
ഒന്നുമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സ്‌കില്‍ ഇന്ത്യയ്ക്ക്
വേണ്ടി വിവിധ സിനിമാ പ്രവര്‍ത്തകരില്‍നിന്നും മാധ്യമങ്ങളില്‍നിന്നും
പ്രചാരണസാധ്യതകള്‍ ആരാഞ്ഞിരുന്നു. ദീപികയുടെ പുതിയ ചിത്രത്തിന്റെ
നിര്‍മാതാക്കളും സിനിമയുമായി ബന്ധപ്പെട്ട് സ്‌കില്‍ ഇന്ത്യയുടെ
പ്രചാരണത്തിനായി സമീപിച്ചിരുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍
വ്യക്തമാക്കി.

45 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന വീഡിയോയില്‍ എല്ലാ
പൗരന്‍മാര്‍ക്കും തുല്യ അവകാശങ്ങള്‍ ലഭിക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ചാണ് ദീപിക സംസാരിക്കുന്നത്. ദീപികയുടെ പുതിയ സിനിമയായ
ചാപ്കില്‍ ഒരു ആസിഡ് ആക്രണത്തിന്റെ ഇരയായാണ് അവര്‍ അഭിനയിക്കുന്നത്.
അതിന്റെ പശ്ചാത്തലത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായവരെക്കുറിച്ചും
വീഡിയോയില്‍ പറയുന്നുണ്ട്. പ്രമോഷണല്‍ വീഡിയോ റിലീസ് ചെയ്യുന്നതിന് മുമ്പ്
ദീപിക ആസിഡ് ആക്രമണത്തിന് ഇരയായവരുമായി കൂടിക്കാഴ്ച നടത്തിയതിനെ നൈപുണ്യ
വികസനമന്ത്രാലയം അഭിനന്ദിച്ചിരുന്നു.

You must be logged in to post a comment Login