ജെയ്റോ റോഡ്രിഗസ് ദീർഘകാലം പുറത്തിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലുള്ള മത്സരത്തിൽ പരുക്കേറ്റ ജെയ്റോ റോഡ്രിഗസ് ദീർഘകാലം പുറത്തിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. ജെയ്റോക്ക് പകരം പുതിയൊരു താരത്തെ ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ക്ലബ് അറിയിച്ചു.

ജെയ്റോയുടെ ചികിത്സാ ചെലവുകൾ ക്ലബ് തന്നെ വഹിക്കും. അദ്ദേഹം വേഗത്തിൽ സുഖപ്പെടട്ടെ എന്ന ആശംസയും പോസ്റ്റിലൂടെ ക്ലബ് അറിയിക്കുന്നു.

ഒഡീഷക്കെതിരെ കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ജെയ്റോ റോഡ്രിഗസ് പരുക്കേറ്റ് മടങ്ങിയിരുന്നു. സന്ദേശ് ജിങ്കൻ നേരത്തെ പരിക്കേറ്റ് പുറത്തായതിനാൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ദുർബലമായിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്റോക്കും പരിക്കേറ്റത്.

സീസണിലെ ആദ്യ ഷെഡ്യൂൾ അവസാനിക്കുമ്പോൾ നാലു മത്സരങ്ങളിൽ നിന്ന് നാലു പോയിൻ്റുമായി കേരളം ഏഴാമതാണ്. ഒരു ജയവും ഒരു സമനിലയും രണ്ട് തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.

ജിങ്കാനും ജെയ്റോയ്ക്കുമൊപ്പം മറ്റൊരു പ്രതിരോധ താരം ജിയാനി സൂയിവർലൂണിനും മിഡ്ഫീൽഡർ മരിയോ ആർക്കസിനും പരുക്കാണ്. മലയാളി താരം അർജുൻ ജയരാജ് പരുക്കിനെത്തുടർന്ന് ടീമിൽ ഉൾപ്പെട്ടിരുന്നില്ല.

ഐഎസ്എല്ലിൽ ഇപ്പോൾ ഇൻ്റർനാഷണൽ ബ്രേക്കാണ്. ഈ മാസം 23നാണ് സീസൺ പുനരാരംഭിക്കുക.

You must be logged in to post a comment Login