ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍; പുല്‍വാമ ഭീകരാക്രമണവുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി സൂചന

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ സജ്ജദ് ഖാന്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസിലെ സ്‌പെഷല്‍ സെല്ലാണ് വ്യാഴാഴ്ച രാത്രി സജ്ജദ് ഖാനെ പിടികൂടിയത്. പുല്‍വാമ ഭീകരാക്രമണവുമായി ഇയാള്‍ക്ക് ബന്ധമുള്ളതായാണ് വിവരം.

ചെങ്കോട്ടയ്ക്കു സമീപത്തുനിന്നാണ് സജ്ജദ് ഖാനെ പൊലീസ് പിടികൂടിയത്. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സുത്രധാരനായ മുദ്ദസിര്‍ അഹമ്മദ് ഖാന്റെ അടുത്ത അനുയായിയാണ് സജ്ജദ് ഖാന്‍. മാര്‍ച്ച് 11ന് കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മുദ്ദസിര്‍ അഹമ്മദിനെ സൈന്യം വധിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനുശേഷമാണ് സജ്ജദ് ഖാന്‍ ഡല്‍ഹിയിലെത്തിയത്. വസ്ത്രവ്യാപാരിയായാണ് ഇയാള്‍ ഡല്‍ഹിയില്‍ കഴിഞ്ഞിരുന്നത്. സജ്ജദ് ഖാനെ പിടികൂടാനായതോടെ പുല്‍വാമ ഭീകരാക്രമണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

You must be logged in to post a comment Login