ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി; ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി. ഏപ്രില്‍ രണ്ടിന് നേരിട്ട് ഹാജരാകണമെന്നാണ് ജേക്കബ് തോമസിന് ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ട് ജഡ്ജിമാരെക്കുറിച്ച് ജേക്കബ് തോമസ് നടത്തിയ പരാമര്‍ശത്തിലാണ് നടപടി.

ഹൈക്കോടതി ജഡ്‌ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു എന്നിവർക്കെതിരെയാണ് ജേക്കബ് തോമസ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഹൈക്കോടതിയിൽ നിന്ന് തനിക്കെതിരെ തുടർച്ചയായി പരാമർശമുണ്ടാകുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലൻസ് കമ്മീഷണർക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജേക്കബ് തോമസ് പരാതി നൽകിയിരുന്നു. സർക്കാരിനെതിരായ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഷനിലുള്ള ജേക്കബ് തോമസ് വകുപ്പ് തല അന്വേഷണവും നേരിടുകയാണ്. ഇതിനിടെയാണ് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി നൽകിയത്.

എന്നാൽ പാറ്റൂർ ഭൂമിയിടപാടിൽ അഴിമതിയാരോപിച്ചുള്ള വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഊഹാപോഹങ്ങളും തെറ്റായ പ്രസ്‌താവനകളും ആധാരമാക്കിയുള്ള എഫ്.ഐ.ആർ റദ്ദാക്കാതെ തരമില്ലെന്നാണ് കോടതി വിലയിരുത്തിയത്.

കോടതിയിൽ വിശദീകരണം നൽകാതെ സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസത്തിന് മുതിർന്നതിന് മുൻ വിജിലൻസ് ഡയറക്‌ടർ കൂടിയായിരുന്ന ജേക്കബ് തോമസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജേക്കബ് തോമസിനെ അച്ചടക്കത്തിന്റെ പാഠം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും കോടതി അഭിപ്രായപ്പെട്ടിരുന്നു.

You must be logged in to post a comment Login