ജൈവവളത്തിന് ശീമക്കൊന്ന

ജൈവവളക്ഷാമം ഒരു പരിധിവരെയെങ്കിലും പരിഹരിക്കാന്‍ കൃഷിക്കാര്‍ പച്ചില വളച്ചെടികള്‍ നട്ടുവളര്‍ത്തേണ്ടതാണ്. കേരളത്തില്‍ വിജയകരമായി നട്ടുവളര്‍ത്താവുന്നതും പയറുവര്‍ഗത്തില്‍പെട്ടതും ധാരാളം പച്ചില ഉല്‍പാദിപ്പിക്കുന്നതുമായ ഒരു നല്ല പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന.

കൃഷിസ്ഥലങ്ങളുടെ അരികുകള്‍, കൃഷി ചെയ്യാതെ ഇട്ടിരിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ശീമക്കൊന്ന നട്ടുപിടിപ്പിക്കാവുന്നതാണ്. വിത്തു പാകി ഉല്‍പാദിപ്പിക്കുന്ന തൈകള്‍ നട്ടോ, കമ്പുകള്‍ മുറിച്ചുനട്ടോ ശീമക്കൊന്ന കൃഷിചെയ്യാം. നടീല്‍ വസ്തുവായി വിത്തു കിളിര്‍പ്പിച്ചുണ്ടാക്കുന്ന തൈകളാണ് ഉപയോഗിക്കുന്നതെങ്കില്‍ നല്ല മഴ കിട്ടുന്ന സമയത്തുവേണം നടേണ്ടത്.

കമ്പുകളാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നതെങ്കില്‍ കാലവര്‍ഷം വരുന്നു എന്നു വിളിച്ചറിയിക്കുന്ന ഏതാനും മഴകള്‍ കിട്ടിയതിനു ശേഷമോ അല്ലെങ്കില്‍ കാലവര്‍ഷത്തില്‍ കാഠിന്യം കുറഞ്ഞിരിക്കുന്ന ഓഗസ്റ്റ് മാസത്തിലോ നടാവുന്നതാണ്. കമ്പുകള്‍ ഒരടി താഴ്ത്തി നടണം. നട്ട കമ്പുകള്‍ ചരിയാതെയും വീണുപോകാതെയും ഇരിക്കാന്‍ ചുവട്ടിലുള്ള മണ്ണ് നന്നായി ഉറപ്പിക്കണം. കമ്പുകള്‍ പിടിച്ചു കിട്ടിയാല്‍ മൂന്നാമത്തെ വര്‍ഷം മുതല്‍, വര്‍ഷം രണ്ടു പ്രാവശ്യം ഇലകള്‍ ശേഖരിക്കാം. ഓരോ മരത്തില്‍ നിന്നും ഒരു പ്രാവശ്യം പതിനഞ്ച് കിലോഗ്രാം പച്ചിലവളം ലഭിക്കും. ശീമക്കൊന്നയുടെ ഇലയില്‍ നൈട്രജന്റെ അളവ് രണ്ടുമുതല്‍ മൂന്നു ശതമാനം വരെയാണ്. തെങ്ങിന്‍ തോട്ടങ്ങളുടെ അരികുകളില്‍ ഇവ നട്ടുപിടിപ്പിച്ചാല്‍ ഓരോ വര്‍ഷവും തെങ്ങുകള്‍ക്ക് ആവശ്യമായി വരുന്ന പച്ചിലവളം അവയില്‍ നിന്നും ലഭിക്കും.

You must be logged in to post a comment Login