കൊല്ലം: മസ്കറ്റില്‍ യുവതികളെ എത്തിച്ച് പെണ്‍വാണിഭം നടത്തി പിടിയിലായ സംഘത്തില്‍ കൂടുതല്‍ യുവതികള്‍ അകപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. ഇവരില്‍ അധികവും കിളികൊല്ലൂര്‍ കല്ലുതാഴം, ചാമ്പക്കുളം പ്രദേശവാസികളാണെന്നാണ് സൂചന. ഒമാനില്‍ വീട്ടുവേല വാഗ്ദാനംചെയ്ത് പെണ്‍വാണിഭത്തിന് പ്രേരിപ്പിക്കുകയും ഒത്താശ നല്‍കുകയും ചെയ്ത കേസില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ കിളിക്കൊല്ലൂര്‍ പോലീസ് അറസ്റ്റ്ചെയ്തിരുന്നു പേരൂര്‍ കുറ്റിച്ചിറ റഹിയാനത്ത് മന്‍സിലില്‍ റഹിയാനത്ത് (35), സൗഹാര്‍ദ നഗര്‍ വരാലുവിളചിറയില് രമാവതി (40), കണ്ണൂര്‍ തളിപ്പറമ്പ് ക്യാറ്റൂര്കാരന് വീട്ടില്‍ അസനാമന്സിലില് അഷറഫ് (50) എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡില്‍ ആയത്.
ചാത്തിനാംകുളം സ്വദേശിയായ യുവതിയെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 30-ന് ഒമാനിലെ മസ്കറ്റിലെത്തിച്ച് ഇവര്‍ പെണ്‍വാണിഭ സംഘത്തിന് കൈമാറിയിരുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായ യുവതിക്ക് 13,000 രൂപ കൊടുത്തശേഷം 33,000 രൂപയുടെ വിമാനടിക്കറ്റ് എടുത്തുകൊടുത്താണ് മസ്കറ്റിലെത്തിച്ചത്. യുവതിയെ രാത്രി ഒന്നും മൂന്നും പ്രതികളുടെ ഫ്ളാറ്റില്‍ താമസിപ്പിച്ചു.
അടുത്ത ദിവസം ജോലിക്കെന്നുപറഞ്ഞ് പെണ്‍വാണിഭ സംഘത്തിന് കൈമാറുകയായിരുന്നു. എന്നാല്‍ ആപത്ത് മനസിലാക്കിയ യുവതി അവിടെനിന്ന് ഒരു മലയാളിയുടെ സഹായത്തോടെ രക്ഷപെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. തുടര്‍ന്ന് യുവതി വിവരം നാട്ടിലുള്ള ഭര്‍ത്താവിനെയും ബന്ധുക്കളെയും അറിയിച്ചു. ഇവരുടെ മക്കള്‍ കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ദേബേഷ്കുമാര്‍ ബഹ്റയ്ക്ക് പരാതി നല്കി. കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് കിളിക്കൊല്ലൂര്‍ പോലീസ് അന്വേഷണം നടത്തിയത്.
യുവതിയ്ക്ക് പണവും വിമാന ടിക്കറ്റും നല്‍കിയത് രമാവതിയാണ്. റഹിയാനത്ത് രണ്ടു കുട്ടികളുടെ മാതാവാണ്. ഭര്‍ത്താവ് 2009-ല്‍ മരിച്ചു.
തുടര്‍ന്ന് മസ്കറ്റിലെത്തിയ ഇവര്‍ തളിപ്പറമ്പ് സ്വദേശിയെ വിവാഹം കഴിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇയാളോടൊപ്പം മസ്കറ്റില്‍ കഴിഞ്ഞുവരുകയാണ്. അഷറഫിന് തളിപ്പറമ്പില്‍ ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. കല്ലുംതാഴം, ചാമ്പക്കളം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും കൂടുതല്‍ സ്ത്രീകള്‍ ചതിയില്‍ വീണിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് റഹിയാനത്ത് വന്‍ സാമ്പത്തിക വളര്‍ച്ചയാണ് നേടിയത്. റഹിയാനത്തും അഷറഫും നാട്ടിലെത്തിയ രഹസ്യവിവരം സിറ്റിപോലീസ് കമ്മിഷണര്‍ക്ക് ലഭിച്ചു. കൊല്ലം എ.സി.പി: ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശാനുസരണം ഇരവിപുരം സി.ഐ: അമ്മിണിക്കുട്ടന്റെ നേതൃത്വത്തില്‍ കിളിക്കൊല്ലൂര്‍ എസ്.ഐ: എസ്. ജയകൃഷ്ണന്, അഡിഷണല്‍ എസ്.ഐ: എം. ഷഹീര്‍, ഗ്രേഡ് എസ്.ഐ: ചന്ദ്രബാബു, എ.എസ്.ഐ: വിജയന്‍പിള്ള, സി.പി.ഒമാരായ മനു, ഷിഹാബ്, വനിതാ സി.പി.ഒമാരായ അനിത, സജില തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
You must be logged in to post a comment Login