ജോളിയെയും റോയിയെയും അറിയില്ല: കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ

ജോളിയെയും റോയിയെയും അറിയില്ല എന്ന് കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ. അങ്ങനെ ഒരാൾ വന്നതായി ഓർമയില്ലെന്നും തകിട് പൂജിച്ചു കൊടുക്കാറുണ്ടെന്നും അതിനകത്തു ഭസ്മം ആണന്നും എന്നാൽ അത് കലക്കി കുടിക്കാൻ ആവശ്യപ്പെടാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ക്രൈം ബ്രാഞ്ച് എന്ന് പറഞ്ഞു രണ്ട് തവണ വിളിച്ചിരുന്നുവെന്നും എന്നാൽ എന്താണ് കാര്യം എന്ന് പറഞ്ഞില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. തട്ടിപ്പ് കാൾ ആണെന്ന് കരുതി അവഗണിച്ചു. കേസ് അന്വേഷണവുമായി സഹകരിക്കും എന്നും കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ പറഞ്ഞു.

കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിക്കുമ്പോൾ ശരീരത്തിൽ തകിട് ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞിരുന്നു. ഇതേപറ്റി വിശദമായി അന്വേഷിക്കാനാണ് പൊലിസിന്റെ തീരുമാനം. കട്ടപ്പനയിലെ ഒരു ജ്യോത്സ്യനാണ് തകിട് നൽകിയതെന്നായിരുന്നു വിവരം. ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. തകിടിലൂടെ വിഷം അകത്ത് ചെല്ലാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

തകിട് നൽകിയ ജ്യോത്സ്യന്റെ വിലാസവും ഒരു പൊതിയിൽ എന്തോ പൊടിയും റോയി ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കോടഞ്ചേരി പൊലീസ് വസ്തുക്കൾ ശേഖരിച്ചിരുന്നവെങ്കിലും പിന്നീട് ജോളിക്ക് മടക്കി നൽകിയിരുന്നു.

അതേസമയം, ജോളി ചില ചരടുകൾ ഉപയോഗിച്ചിരുന്നതായുള്ള ഭർത്താവ് ഷാജു സൂചന നൽകിയിരുന്നു. കൈയിൽ ചരടുകൾ കണ്ടതായി ഓർക്കുന്നുണ്ട്. എന്തിനാണെന്ന് ചോദിച്ചില്ല. ചോദിച്ചാൽ തന്നെ വ്യക്തമായുള്ള മറുപടിയായിരിക്കില്ല ലഭിക്കുക. ജോളി ഏതെങ്കിലും മന്ത്രവാദിയേയോ ജ്യോത്സ്യനേയോ കണ്ടതായി അറിയില്ലെന്നും ഷാജു കൂട്ടിച്ചേർത്തു.

You must be logged in to post a comment Login