ജോസഫിനെ തഴഞ്ഞ് മാണി; കോട്ടയത്ത് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ തന്നെ; കടുത്ത അമര്‍ഷം അറിയിച്ച് പി.ജെ ജോസഫ്; തീരുമാനം പ്രവര്‍ത്തകരുടെ വികാരം മാനിച്ചെന്ന് മാണി

 


കോട്ടയം: പി ജെ ജോസഫ് വിഭാഗത്തിന് തന്നെ സീറ്റ് വിട്ടുകൊടുക്കുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച ശേഷം മാണി വിഭാഗത്തിലെ തോമസ് ചാഴികാടനെ യുഡിഫ് സ്ഥാനാര്‍ഥിയാക്കി കേരള കോണ്‍ഗ്രസ്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ മീഡിയ കോര്‍ഡിനേറ്റര്‍ വഴി വാര്‍ത്താക്കുറിപ്പിറക്കിയാണ് ഈ സുപ്രധാന തീരുമാനം മാണി പ്രഖ്യാപിച്ചത്.ഒഴിവാക്കിയ കാര്യം ജോസഫിനെയും മാണി അറിയിച്ചു. ഇതേ തുടര്‍ന്ന് തൊടുപുഴയിലെ വീട്ടില്‍ ജോസഫ് അടിയന്തരയോഗം ചേര്‍ന്നു. മുന്‍മന്ത്രിമാരായ മോന്‍സ് ജോസഫും ടി യു കുരുവിളയും പങ്കെടുത്തു.

ജോസഫ് വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. മുന്‍ ഏറ്റുമാനൂര്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍.

അതേസമയം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ പി ജെ ജോസഫ് രംഗത്തെത്തി. നീതിപൂര്‍വമായ തീരുമാനമല്ല പാര്‍ട്ടി എടുത്തത്. കേട്ടുകേള്‍വിയില്ലാത്ത വിധമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. അവഗണിച്ചതില്‍ കടുത്ത അമര്‍ഷമുണ്ട്. തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷ. യുഡിഎഫുമായി കൂടിയാലോചിച്ച് തുടര്‍തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ജോസഫ് പറഞ്ഞു.

രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയപ്പോള്‍ സ്വാഭാവികമായും അടുത്ത ഊഴം ലഭിക്കാന്‍ എന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് അര്‍ഹതയുണ്ട്. സ്റ്റിയറിങ് കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാന പ്രകാരമല്ല, കോട്ടയം ജില്ലയിലെ നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് എന്നെ തഴഞ്ഞത്. ജില്ല മാറി മത്സരിക്കരുതെന്ന മാനദണ്ഡം എനിക്കുമാത്രം ബാധകമാക്കിയതും അംഗീകരിക്കില്ല. നേരത്തെ റോഷി അഗസ്റ്റിന്‍ ജില്ല മാറി മത്സരിച്ച ചരിത്രമുണ്ടെന്നും ജോസഫ് പറഞ്ഞു.

മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായം പോലും പാലിച്ചില്ല. ജില്ല മാറി മത്സരിക്കുമെന്ന പാര്‍ട്ടിയുടെ അഭിപ്രായം അംഗീകരിക്കാനാകില്ല.എല്ലാവരുടെയും അഭിപ്രായം അവഗണിച്ചാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം.യുഡിഎഫുമായി യോജിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ ഡല്‍ഹിയിലാണ്. അവരെത്തിയ ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പി.ജെ ജോസഫ് പറഞ്ഞു.

അതേസമയം, പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന് ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പട്ടികയിലിടം പിടിച്ചവരുമായി ഒറ്റക്കൊറ്റയ്ക്ക് സംസാരിച്ചു. ഒടുവില്‍ അനിശ്ചിതത്വത്തിന് വിരാമമിട്ട് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് മാണി പറഞ്ഞു.

You must be logged in to post a comment Login