ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയർമാനാക്കാമെന്ന് ജോസഫ്; ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ജോസ് കെ മാണി

സി.എഫ് തോമസിനെ കേരള കോൺഗ്രസ് (എം) ചെയർമാനും ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയർമാനുമാക്കിയുള്ള ഒത്തുതീർപ്പിന് പി.ജെ ജോസഫിന്റെ നീക്കം. സി.എഫ് തോമസ് ചെയർമാനാകുന്നതിൽ എതിർപ്പില്ലെന്നും ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് അംഗീകരിക്കാമെന്നും പിജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. പി.ജെ ജോസഫ് നിയമസഭാ കക്ഷി നേതാവാകും. എന്നാൽ ജോസഫിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി ജോസ് കെ മാണി രംഗത്തെത്തി. ചെയർമാനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന നിലപാടിൽ തങ്ങൾ ഉറച്ച് നിൽക്കുകയാണ്. വ്യവസ്ഥാപിതമായ രീതിയിലാണ് സ്ഥാനമാനങ്ങൾ തീരുമാനിക്കേണ്ടത്. പരസ്യ വേദികളിലല്ല സ്ഥാനമാനങ്ങൾ പ്രഖ്യാപിക്കേണ്ടതെന്നും ജോസ് കെ മാണി വ്യക്തമാക്കി. ജോസഫിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകളെ തള്ളി ജോസ് കെ മാണി വിഭാഗം എംഎൽഎ റോഷി അഗസ്റ്റിനും രംഗത്തെത്തി. സമവായ നീക്കങ്ങൾ നടക്കുന്നതിനിടെ വ്യവസ്ഥകൾ പരസ്യപ്പെടുത്തിയത് ശരിയായില്ലെന്നും ചെയർമാൻ സ്ഥാനം ലഭിക്കണമെന്ന നിലപാടിൽ തങ്ങൾ ഉറച്ച് നിൽക്കുന്നതായും റോഷി അഗസ്റ്റിൻ പറഞ്ഞു.

സമവായം പരസ്യ പ്രസ്താവനയിലൂടെ നടത്തുകയല്ല വേണ്ടത്. മറിച്ച് ഒന്നിച്ചിരുന്ന് തീരുമാനമെടുക്കണം. സമവായം സാധ്യമായില്ലെങ്കിൽ ചെയർമാനെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് നടത്തണമെന്നും റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസിൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി വിട്ടു വീഴ്ചയ്ക്ക് തയ്യാറല്ലെന്ന് നേരത്തെ ഇരുപക്ഷവും നിലപാടെടുത്തിരുന്നു. മധ്യസ്ഥർ ഇടപെട്ട് നടത്തിയ ചർച്ചകളും പരാജയപ്പെട്ടിരുന്നു. സംസ്ഥാന കമ്മിറ്റിയോഗം വിളിക്കണമെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രധാന ആവശ്യം. എന്നാൽ സമവായം ഉണ്ടാകാതെ സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്നാണ് പി.ജെ ജോസഫിന്റെ നിലപാട്.

You must be logged in to post a comment Login