ഞാന്‍ എന്നും ഇരയുടെ പക്ഷത്താണ്

  • പി. ജിംഷാര്‍/ ജിഫിന്‍ ജോര്‍ജ്

പടച്ചവനെക്കുറിച്ച് പുസ്തകമെഴുതിയതിന്റെ പേരില്‍ എഴുത്തുകാരന് മര്‍ദ്ദനമേറ്റ വാര്‍ത്ത തെല്ലമ്പരപ്പോടെയാണ് കേരളീയ സമൂഹം കേട്ടത്. ‘പടച്ചവന്റെ ചിത്ര പ്രദര്‍ശശനം’എന്ന പേരില്‍ കഥാസമാഹാരം എഴുതിയ ജിംഷാര്‍ എന്ന യുവ എഴുത്തകാരനെ ”നീ പടച്ചവനെക്കുറിച്ച് പുസ്തകം എഴുതുമല്ലേ” എന്നു ചോദിച്ചാണ് യുവാക്കളടങ്ങുന്ന സംഘം പാലക്കാട് കുറ്റനാട്ടെ കൂനംമൂച്ചി സെന്ററില്‍ വച്ചു കഴിഞ്ഞമാസം മര്‍ദ്ദിച്ച് അവശനാക്കിയത്. മതത്തെയും വ്യവസ്ഥാപിത ഘടനയെയും എതിര്‍ത്ത് രചനകള്‍ എഴുതിയതിന്റെ പേരില്‍ പീഢയേറ്റുവാങ്ങിയ എഴുത്തുകാര്‍ ഏറെയാണ് . സല്‍മാന്‍ റുഷ്ദിയും തസ്ലീമ നസ്‌റിനും മുതല്‍ പെരുമാള്‍ മുരുകന്‍ വരെ നീളുന്നുണ്ട് ആ നിര .ഇപ്പോള്‍ സംസ്‌കാര സമ്പന്നവും മതേതരവുമായ കൊച്ചുകേരളത്തിലും ജിംഷാറെന്ന കഥാകരന് മര്‍ദ്ദനമേറ്റിരിക്കുന്നു. ഫണ്ടമെന്റലിസവും തീവ്രവാദവും നമ്മുടെ കാല്‍ചുവട്ടിലാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ജിംഷാറിനു കിട്ടിയ തല്ല് മലയാളിയുടെ പുരോഗമന ചിന്തകള്‍ക്കേറ്റ അടിയാണ്.

page.pmd

? ജിംഷാറിനു മര്‍ദ്ദനമേറ്റ സംഭവത്തിനു ശേഷം ഊരാളി മാര്‍ട്ടിനും സുഹൃത്തുകളും, ഡി.െൈവ. എഫ്. ഐയും പ്രതിഷേധം സംഘടിപ്പിച്ചു. താങ്കളെ എപ്രകാരമാണ് പൊതുസമൂഹം നോക്കിക്കാണുന്നത്. അവരുടെ പ്രതികരണമെന്താണ്? പൊതുസമൂഹത്തിനു കൃത്യമായ ജാഗ്രതയുണ്ട്. ജമാ അത്ത് ഇസ്‌ലാമിയിയുടെയോ മറ്റു മുസ്ലിം സംഘടനകളുടെയോ സ്വത്വവാദങ്ങള്‍ മുന്നോട്ടുവെക്കുന്നവര്‍ പോലും പല രീതിയില്‍ സംഭവത്തെ അപലപിക്കുകയാണ്. ‘അവന്‍ അള്ളാവിനെ വെല്ലുവിളിക്കുന്നു’ എന്നുള്ള രീതിയില്‍ വിഷയത്തെ സമീപിച്ച പ്രാദേശികമായ തലത്തില്‍, മതവാദം വേരുന്നീയ സംഘടനയുടെ അപ്പര്‍ഹാന്‍ഡില്‍ ഭാഗത്തുനിന്നുണ്ടായ ആക്രമണം മാത്രമാണിത് ; അല്ലാതെ നാട്ടിലെ എല്ലാ ആളുകളും മതമൗലീകവാദത്തിന്റെ പിടയിലാണെന്നോ അത്തരം സ്വാധീനമുള്ള പ്രദേശമാണെന്നോ വിലയിരുത്തല്‍ എനിക്കില്ല. സംഭവശേഷം എനിക്കു കിട്ടിയ ഐക്യപ്പെടലും സാന്ത്വനങ്ങളും വളരെ നല്ലരീതിയില്‍ തന്നെ ആയിരുന്നു. അപ്പോള്‍ തീര്‍ച്ചയായും ഇത് ഒരൊറ്റപ്പെട്ട കാര്യമായിട്ടാണ് എനിക്കു തോന്നുന്നത്. ഒറ്റപ്പെട്ടു പോയവര്‍ഗ്ഗീയവാദികളാണത് ചെയ്തത,് അല്ലാതെ മലയാൡയുടെ അല്ലെങ്കില്‍ ഇസ്ലാംപൊതുസമൂഹമല്ല.

? വിശ്വാസത്തിനെ വ്രണപ്പെടുത്തുന്നതിന്റെ പേരിലാണ് ജിംഷാര്‍ ആക്രമിക്കപ്പെട്ടത്. സത്യത്തില്‍ താങ്കളൊരു വിശ്വാസിയാണോ. ആദ്യസമാഹാരമായ ‘ദൈവം വല നെയ്യുകയാണ്’ അടക്കമുള്ളതിന്‍ വിശ്വാസം പ്രമേയമായ ചിന്തകളും കഥാ തന്തുക്കളും വരുന്നുണ്ട്. ലോകത്തില്‍ വിവിധ പ്രദേശത്ത് വിവിധ തരത്തിലുള്ള ഇസ്ലാമുണ്ട്. ഉഗാണ്ടയിലെ ഇസ്ലാമല്ല കേരളത്തിലെ ഇസ്ലാം, അതല്ല കാശ്മീരിലെ ഇസ്ലാം. ഓരോ പ്രദേശത്തിനും അനുസരിച്ച് ഇസ്ലാമില്‍ തന്നെ വ്യത്യാസമുണ്ട്. ഉള്ള ഇസ്ലാം, തന്നെ പ്രാദേശികമായ ഉള്‍പ്പോരുകളാല്‍ സങ്കീര്‍ണ്ണമാണ് . അപ്പോള്‍ത്തന്നെ ഇസ്ലാമിന്റെ ആത്മീയത അന്വേഷണാത്മകമാണ്. ദൈവമെന്നു പറയുന്നത് എന്നെ സംബന്ധിച്ച് ഞാനെഴുതുമ്പോള്‍ ദൈവത്തിനു സമമാകുന്ന ഒരാളാണ.് കാരണം അയാളൊരു ക്രിയേറ്ററാവുകയാണ്.

ദൈവമെന്നു പറയുന്ന സങ്കല്പം തന്നെ ഒന്നിനെ സൃഷ്ടിക്കുകയും സംഹരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിലാണ് . ഒരു ഫിക്ഷന്‍ ആരംഭിക്കുമ്പോള്‍ അല്ലെങ്കില്‍ ഞാനൊരു കഥ പറയുമ്പോള്‍, എന്നോടൊപ്പം നില്‍ക്കുന്ന, കഥയില്‍ നില്‍ക്കുന്ന ഒരാളെയും ഒരു കൂട്ടം ആളുകളെയും ഒരു പ്രശ്‌നത്തിലൂടെ കടത്തിവിടുകയും പരിണാമമുണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രക്രീയ അവിടെ നടക്കുന്നു. അപ്പോള്‍ ദൈവത്തിനു തുല്യമാകുന്ന ഒരു പ്രക്രീയയിലൂടെ കടന്നുപോകുമ്പോള്‍ തന്നെ എനിക്കൊരു പ്രശ്‌നം പങ്കുവെക്കാനും കാപ്പി ഷെയര്‍ ചെയ്യാനും കഴിയാവുന്ന ചങ്ങാതിയാണ് ദൈവം. ഞാനും ദൈവവും കൂടി വഴക്കടിക്കാം, സ്‌നേഹിക്കാം, അടിയുണ്ടാക്കാം, ചിലപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു കടപ്പുറത്തു കൂടി നടക്കാനിറങ്ങാം അത് മറ്റൊരാള്‍ ശ്രദ്ധിക്കേണ്ട കാര്യമല്ല.

ദൈവത്തെ മാത്രമല്ല, എന്തിനെയും അധികാര ബിംബമാക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഒരു അധികാര ബിംബത്തോടും വലിയ പ്രതിപത്തിയുമില്ല. ഇപ്പോള്‍ ഞാന്‍ നിനക്കു തുല്യനാണ്, നീയെനിക്കു തുല്യനാണ്. അവിടെ തുല്യതയുടെ ഒരു താദാത്മ്യപ്പെടല്‍ ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവവും ഞാന്‍ അന്വേഷിക്കുന്നയാളാണ് കണ്ടുമുട്ടിയാല്‍ കൊള്ളാമായിരുന്നു.
?ഭൂപടത്തില്‍ നിന്ന് കുഴിച്ചെടുത്ത കുറിപ്പുകളെന്നെ ഡിസി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥത്തില്‍ മലബാറിലെ ഇസ്ലാം മതത്തിന്റെ വളര്‍ച്ചയാണല്ലോ പറയുന്നത്.

ഭൂപടത്തില്‍ നിന്ന് കുഴിച്ചെടുത്ത കുറിപ്പുകള്‍ സീമന്തിനി ദേവിയെന്ന മിത്തില്‍ നിന്ന് അവര്‍ അബൂട്ടി മൂപ്പരെന്ന സൂഫിയെ പ്രണയിക്കുന്ന, പിന്നീട് 1921 ലെ മലബാര്‍ കലാപം മുതല്‍ സ്വാതന്ത്ര്യസമരം, അടിയന്തരാവസ്ഥ, ബാബറി മസജീദ്് തകര്‍ക്കല്‍ എന്നിവയ്ക്കു ശേഷം സീമന്തിനി ദേവിക്കും അബൂട്ടി മൂപ്പര്‍ക്കും എന്തു സംഭവിച്ചു എന്നതിലൂടെ ഒരു മുത്തശ്ശിക്കഥയ്ക്ക് ഉത്തരം തേടുന്ന രീതിയിലാണ് നോവല്‍. നാല്‍പ്പത് ചെറുകഥകള്‍ അടങ്ങിയ നാല്‍പ്പത് കുറിപ്പുകളാണ് നോവലിലുളളത്. ഞാനെന്റെ ബാല്യകൗമാരം ചിലവഴിച്ച കൂനംമൂച്ചിയിലെ അയല്‍ക്കുന്ന് ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയ പ്രാദേശിക ചരിത്രമാണത്. ആ ചരിത്രത്തില്‍ സംഭവിച്ച കഥയും കാലവും യാഥാര്‍ത്ഥ്യവുമാണ്. ചിലത് കൂട്ടിച്ചേര്‍ത്തു. മൊത്തത്തില്‍ ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ ആണത്. ചിലത് അട്ടര്‍ ഫിക്ഷന്‍ ആണ്. പൂര്‍ണ്ണമായും ഫിക്ഷന്റെ സ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ടുള്ള ഇടപെടല്‍ ആണത്. പൂര്‍ണ്ണമായ ഫിക്ഷന്റെ സ്വാതന്ത്യത്തില്‍ എന്റെ നാടിന്റെ സാംസ്‌കാരിക ഭൂമികയിലൂടെ ഞാന്‍ നടത്തിയ അന്വേഷണം ശരിയാണെന്നു എനിക്കു ചവിട്ടു കിട്ടിയതിലൂടെ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമെന്ന സെമറ്റിക് മതം, മാലിക് ദിനും കൂട്ടരും വന്നിട്ടും, ചേരമാന്‍ പെരുമാളിന്റെ മക്കയില്‍ ചെന്നുള്ള മതം മാറ്റവും പന്തലായനി വഴിയുള്ള വ്യാപാര ബന്ധങ്ങളും നോക്കുമ്പോള്‍ കേരളത്തിലെ കീഴാളരും ഈഴവരുമായിട്ട് കൊടുക്കല്‍ -വാങ്ങല്‍ നടന്നിട്ടുണ്ട്. അതായത് എന്റെ ഉമ്മൂമ്മാന്റെ ഉമ്മാന്റെ പേരും വേരും അന്വേഷിച്ചപോയാല്‍ അവരുടെ പേര് ചക്കിയെന്നോ ഭര്‍ത്താവിന്റെ പേര് കോരനെന്നോ ആയിരിക്കും. ഇത്തരം ഒരവസ്ഥയില്‍ എങ്ങനെയാണ് ബാബറി മസ്ജീദ് തകര്‍ക്കപ്പെടുമ്പോള്‍ ഇതൊക്കെ റദ്ദ് ചെയ്യപ്പെടുന്നത് എന്നുള്ള ഒരു വായനയായിരുന്നു നോവല്‍ മുന്നോട്ട് വച്ചത്.

? ഇനി ഇന്ത്യയില്‍ ഇസ്ലാമിക മതമൗലികവാദത്തിന്റെ ഭാവിയെന്താണ്? കേരളത്തിനെ സംബന്ധിച്ചും.
ഇവിടെ എന്നെ ചവിട്ടിയിട്ടു പോയവര്‍ക്കു അറിയാത്ത കാര്യമുണ്ട്. രാജ്യത്ത് ഇസ്ലാമിക മതമൗലികവാദം കുറവാണ്. പ്രശ്‌നമതല്ല, കൃത്യമായി പറഞ്ഞാല്‍ അധികാര ഫാസിസം ,അതായത് ബി.ജെ.പിയുടെയോ, സംഘപരിവാറിന്റെയോ നേതൃത്വത്തില്‍ നടത്തുന്ന തീവ്രഹൈന്ദവ ദേശീയത മുന്‍നിര്‍ത്തിക്കൊണ്ടുണ്ടാവുന്ന അധികാര ഫാസിസമുണ്ട്. ഒരു സ്റ്റേറ്റ് ടെററിസമുണ്ട്. അതിനു പല കാലത്ത് പല രീതിയിലുള്ള ഇരകളുണ്ട്. അത്തരം ഇരകളെ അഡ്രസ്സ് ചെയ്യാന്‍ പല കാലത്തും പല രീതിയിലും ശ്രമം നടക്കുകയും ഇത്തരം നിലപാടുകളെടുക്കുന്ന ചെറുപ്പക്കാരെപ്പോലും ഫണ്ടമെന്റലിസ്റ്റകളെന്നും ക്വട്ടേഷന്‍ സംഘങ്ങളായ അന്തകാമികളെന്നും വിളിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു.
പല ന്യൂനപക്ഷ പ്രശ്‌നങ്ങളിലും ഇടപെടുന്ന ആളാണ് ഞാന്‍. സ്വത്വരാഷട്രീയത്തിന്റെ പ്രതിസന്ധികളെടുക്കാം. ഞാനെഴുതിയ കഥയുടെ സ്‌ക്രിപ്റ്റില്‍ മൂന്നു കഥാപാത്രങ്ങളും മുസ്ലീങ്ങളാണ് എന്ന പേരില്‍ സിനിമയെടുക്കാതെ പോയവരുണ്ട്. മുസ്ലീം ഐഡന്റിയും പൊളിറ്റിക്‌സും സംസാരിക്കുന്നു എന്നതാണ് കാരണം. ഭാഷാസമരത്തില്‍ പങ്കെടുത്ത മൂന്നു മുസ്ലീം ചെറുപ്പക്കാരെ വെടിവെച്ചുകൊന്നതിനെ ആസ്പദമാക്കി ഞാനെഴുതിയ ‘പടച്ചവന്റെ ചിത്രപ്രദര്‍ശന’ത്തിലെ ‘മുണ്ടന്‍ പറമ്പിലെ ചെങ്കൊടി കണ്ട ബദ്ദുറുദ്ദീന്‍’ എന്ന കഥ സ്വത്വരാഷ്ട്രീയത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട്. അറബിക് , ഉറുദു, സംസ്‌കൃതം എന്നീ ഭാഷകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആ യുവാക്കള്‍ 1980 ല്‍ സമരം നടത്തിയത്.
ഇത്തരത്തില്‍ സ്വത്വരാഷ്ട്രീയം തീവ്രമായി നിലകൊള്ളുമ്പോള്‍, പീഡിതവര്‍ഗ്ഗങ്ങളെ ഒന്നിപ്പിക്കാന്‍ ദളിത്, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വരുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്തരമൊരു പ്രശ്‌നത്തിന് ക്രിയാത്മകമായി പ്രവര്‍ത്തിച്ചു പരിഹാരം കാണേണ്ടതുണ്ട.് ഒരു സൃഷ്ടികാരനും കലാകാരനുമെന്ന നിലയില്‍ എന്റേതായ ആശയവും ആശങ്കയും പ്രകടിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. കുറച്ചുപേര്‍ ചവിട്ടിക്കൂട്ടിയതുകൊണ്ട് ഒരു വലിയ സ്വത്വരാഷ്ട്രീയത്തെയും അതിന്റെ സാധ്യതകളെയും തള്ളിക്കളയാനാവില്ല. ചില നേരങ്ങളില്‍ ഇസ്ലാമിക സ്വത്വരാഷ്ട്രീയത്തെ തള്ളിക്കളയേണ്ടിവരും അത്രമാത്രം.

? ജിംഷാറിന്റെ എഴുത്തും ജീവിത പരിസരവും കെട്ടുപിണഞ്ഞു കിടക്കുകയാണ് എപ്പോഴും. ഇതുവരെയുള്ള ജീവിതത്തെക്കുറിച്ചും എഴുത്തിനെകുറിച്ചും
വീട്ടില്‍ ഉമ്മയും അനിയനും അനിയത്തിയുമാണ് ഉള്ളത്. ഉപ്പ, കടബാധ്യത മൂലം ആത്മഹത്യ ചെയ്തു. വല്ലാത്ത ഷോക്കായിരുന്നു അത്. കൂനംമൂച്ചിയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും പടിഞ്ഞാറങ്ങാടി മൈനോരിറ്റി കോളേജില്‍ നിന്നു ഡിഗ്രിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ നിന്നു എം.സിജെയും പൂര്‍ത്തിയാക്കി പിജി പഠനകാലത്ത് വര്‍ത്തമാനം പത്രത്തില്‍ പത്രപ്രവര്‍ത്തകനായിരുന്നു. ഡിഗ്രി കാലഘട്ടത്തില്‍ ‘ദൈവം വല നെയ്യുകയാണ്’ എന്ന കഥാസമാഹാരവും ഷോട്ട് ഫിലീമുകളും ചെയ്തിരുന്നു. പത്രത്തിലെ ജോലിവിട്ടാണ് വിമലിന്റെ ‘എന്നു നിന്റെ മൊയ്തീന്റെ ‘അസിസന്റായി പ്രവര്‍ത്തിച്ചത്. പിന്നീട് ‘ഒരു മുറൈവന്ത് പാത്തായ’ എന്ന ചിത്രത്തിലും സഹസംവിധായകനായി .സിനിമയുമായി ബന്ധപ്പെട്ട് സ്‌ക്രിപ്റ്റിന്റെ ഡിടിപിയും മറ്റും ചെയ്ത് ജീവിച്ചുപോകുന്നു. സിനിമയുടെയും സാഹിത്യത്തിന്റെയും രംഗത്ത് നില്‍ക്കാന്‍ ശ്രമിക്കുന്നു. ഡിസിയുടെ നോവല്‍ മത്സരത്തിലാണ് പ്രസിദ്ധീകരിക്കാനായി തിരഞ്ഞെടുത്ത ഗ്രന്ഥങ്ങളില്‍ ഞാനെഴുതിയ ‘ഭൂപടത്തില്‍ നിന്നു കുഴിച്ചെടുത്ത കുറിപ്പുകള്‍’ തെരഞ്ഞെടുത്ത് കവിതക്കുള്ള അയ്യപ്പപ്പണിക്കര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ദേശവും ഞാന്‍ ജിവിക്കുന്ന ജീവിതവും ചേര്‍ന്നുണ്ടായതാണ് എന്റെ കഥകള്‍. പക്ഷെ എന്റെ ഗ്രാമമായ കൂനംമൂച്ചി എനിക്കത്ര വിശുദ്ധമാക്കപ്പെട്ട ഇടമൊന്നുമല്ല. തൊണ്ണുറുകളുടെ തുടക്കത്തില്‍ എനിക്കു മൂന്നോ നാലോ വയസ്സു കാണും, ഉപ്പായുടെ അനിയനുണ്ടായിരുന്നു, ഇലക്ട്രീഷ്യനായിരുന്നു .സ്ഥലത്തെ അറിയപ്പെടുന്നൊരു കോണ്‍ഗ്രസ് നേതാവായിരുന്നു. രാത്രി വീട്ടില്‍ നിന്നു ആള്‍ ടി.വി നേരെയാക്കുവാന്‍ പോയി. അടുത്ത ദിവസം ആളെ കണ്ടത് കിണറ്റില്‍ മരിച്ചു കിടക്കുന്നതായിട്ടാണ്. അക്കാലത്ത് വിവാദമായ കേസ് ഇതുവരെ തെളിയിക്കാനായിട്ടില്ല. ആ ക്യാരക്ടറിനെ മിത്തിക്കലായി അവതരിപ്പിക്കാനാണ് പുതുതായും നോവലിലെ ശ്രമം.

കൂനംമൂച്ചിയെന്ന ഗ്രാമം എനിക്കിവിടെ വിശുദ്ധമല്ല. ഉപ്പയുടെ മരണശേഷം വീടു നഷ്ടമായപ്പോള്‍ ഉപ്പയുടെസഹോദരന്മാര്‍ വന്നാണ് കടം കയറിയ വീട് തിരിച്ചു പിടിച്ചു തന്നത്. അതുവരെ തറവാട്ടിലായിരുന്നു താമസം. ഇപ്പോഴെന്റെ കൂടെ കേസിനും മറ്റുമായി സഹകരിക്കുന്നത് നാട്ടിലെ സി.പി.എം. പ്രവര്‍ത്തകരാണ്. ഞാന്‍ സിപിഎം കാരനോ അനുഭാവിയോ അല്ല. എന്നിട്ടും ആ പ്രസ്ഥാനം എന്റെ പ്രശ്‌നത്തില്‍ പുലര്‍ത്തിയ ജാഗ്രതയും വിശാലമനോഭാവവും എനിക്കു താങ്ങാണ് ,തണലാണ്. ഇപ്പോള്‍ എഡിറ്റിങ് നടന്നു കൊണ്ടിരിക്കുന്ന ആകാശം എന്ന നോവലിന്റെ വര്‍ക്കിലാണ്. അത് തിരക്കഥയാക്കാനും നോക്കുന്നു. പടച്ചോന്റെ ചിത്രപ്രദര്‍ശനത്തിന്റെ തിരക്കഥാരൂപമുണ്ട്. ഒരു സിനിമ ചെയ്യുക എന്നുള്ളത് കുറെ കാലമായിട്ടുള്ള ആഗ്രഹമാണ്. ഒന്നുകില്‍ തിരക്കഥാകൃത്തായോ സ്വതന്ത്രസംവിധായകനായോ രംഗത്തു വരാന്‍ ആഗ്രഹിക്കുന്നു.

You must be logged in to post a comment Login