ഞാന്‍ കണ്ട നോത്ര്ദാം കത്തീഡ്രല്‍

ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്

ചരിത്രാന്വേഷിയായ സഞ്ചാരിയുടെ നോത്രദാം ഓര്‍മ്മകളിലൂടെ…
കതീഡ്രലിന്റെ ചിലഭാഗങ്ങള്‍ കത്തിയമര്‍ന്നിരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ നടുക്കമാണുണ്ടായത്. ഇപ്പോള്‍ കത്തിയമര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുമായിരിക്കാം.. പക്ഷെ തീ വിഴുങ്ങിയ ചില യഥാര്‍ത്ഥ ചരിത്രാവശേഷിപ്പുകള്‍ക്ക് സത്യത്തില്‍ എന്താണ് സംഭവിച്ചിരിക്കുക എന്ന ആകുലതയോട് കൂടിയാണ് ഇക്കഴിഞ്ഞ സന്ദര്‍ശനത്തിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വീണ്ടുംമറിച്ചു നോക്കിയത്.
യേശുവിനെ കുരിശിലേറ്റുന്നതിന് മുമ്പ്, ശത്രുക്കള്‍ അണിയിച്ചിരുന്നു എന്ന് കരുതുന്ന മുള്‍ക്കിരീടം ഒരു തിരുശേഷിപ്പായി ഈ കത്തീഡ്രലിലാണ് സൂക്ഷിച്ചു വെച്ചിട്ടുള്ളത്. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികള്‍ സന്ദര്‍ശനത്തിനെത്തുന്ന പള്ളിയും പരിസരവും കത്തോലിക്ക വിശ്വാസികളുടെ പ്രര്‍ത്ഥനാ നിരതമായകാഴ്ചകളെക്കൊണ്ട് കൂടി നിറവാര്‍ന്നതാണ്.
ജര്‍മന്‍ പട്ടണമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ്, ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലേക്ക് ബസ് പിടിച്ചത്. പത്ത് മണിക്കൂറോളംയാത്ര ചെയ്യാനുണ്ട്. 40 യൂറോകൊടുത്ത് ടിക്കറ്റെടുത്ത്, അരിച്ചിറങ്ങുന്ന മഞ്ഞിനെയുംകൂടെക്കൂട്ടിയാണ് ‘ഫ്‌ളിക്‌സ് ബസ്സി’ന്റെ വിന്‍ഡോ സീറ്റില്‍ ഇരിപ്പിടമുറപ്പിച്ചത്. പുറത്തെ കാഴ്ച മാത്രമല്ല, ബസ്സിനകത്തെ വൈഫൈയും മിനിബാറുമടക്കമുള്ള എല്ലാ ആഡംബരസൗകര്യങ്ങളും കാരണം, യൂറോപ്പില്‍ഏത് രാജ്യങ്ങളിലും എത്ര മണിക്കൂര്‍ വേണമെങ്കിലും മുഷിപ്പില്ലാതെ യാത്ര ചെയ്യാം. എക്‌സ്പ്രസ്സ് ഹൈവേയിലൂടെയുള്ള യാത്രയായതിനാല്‍, സ്പീഡിന്റെ ആഘാതങ്ങള്‍ അറിയാന്‍ പോലും സാധിക്കില്ല.
വൈകുന്നേരം, പാരീസ് നഗരത്തിലേക്ക് പ്രവേശിച്ചുതുടങ്ങിയപ്പോള്‍ തന്നെ, കാഴ്ചയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ തെരുവുകളിലും ചുമരുകളിലും യൂറോപ്പിന്റെ മുഴുവന്‍ സാംസ്‌കാരികതയും അടിച്ചുവാരിക്കൂട്ടിയത് അനുഭവപ്പെടാന്‍ തുടങ്ങുക സ്വാഭാവികമാണ്. ഓണ്‍ലൈനിലൂടെ ഹോട്ടല്‍മുറി ബുക്ക് ചെയ്തിട്ടുണ്ട്. റൂമിലെത്തി ഒന്ന് ഫ്രഷ് ആയി രാത്രി മുഴുവന്‍ തെരുവുകളില്‍ അലഞ്ഞു തിരിയണം.
വിക്തര്‍ യൂഗോയുടെ ലോകപ്രശസ്ത ക്ലാസിക്ക് ആയ ‘നോത്ര് ദാമിലെ കൂനന്‍’ എന്ന നോവലിലൂടെ, വര്‍ഷങ്ങള്‍ക്ക് മുമ്പെ, ചങ്ങാത്തം കൂടിയ നോത്ര്ദാമിന്റെ മണമറിയണം.. കൂനന്റെ സുവിശേഷങ്ങള്‍ പങ്കിട്ട മണ്ണിനെ നേരിട്ട് സ്പര്‍ശിക്കണം..വീഞ്ഞൊഴുകുന്ന രാത്രിസത്രങ്ങളില്‍ എസ്മറാള്‍ഡയുടെ അര്‍ദ്ധ നഗ്നനൃത്തം കാണണം.. തെരുവുറങ്ങുമ്പോള്‍ മാത്രം തിരിച്ച് താമസ സ്ഥലത്തെത്തി, ഒരല്പ്പം ഉറങ്ങിയശേഷം, പിറ്റേന്ന് വാസ്തുവിദ്യയിലെ ലോകവിസ്മയങ്ങളില്‍ ഒന്നായ കത്തീഡ്രല്‍ സന്ദര്‍ശിക്കണം..
മൂന്ന് ദിവസമാണ് ഫ്രാന്‍സ് സന്ദര്‍ശനത്തിനായി പ്ലാന്‍ ചെയ്തിട്ടുള്ളത്..യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനമായ പാരീസ് കണ്ട് തീര്‍ക്കാന്‍ തന്നെ ഒരാഴ്ചക്ക് മുകളില്‍ സമയംവേണം. ലൂവ്ര് മ്യൂസിയവും എയ്ഫല്‍ ഗോപുരവും അടക്കമുള്ള പലതും ലിസ്റ്റുണ്ട്. ഒടുവില്‍ ഡയാനാ രാജകുമാരി അപകടത്തില്‍പെട്ട് കൊല്ലപ്പെട്ട, ബ്രിഡ്ജിനോട് തീര്‍ത്ത, ഫ്‌ളെയിം ഓഫ് ലിബര്‍ട്ടി സ്മാരകം സന്ദര്‍ശിച്ച് ഏതാനും കണ്ണീര്‍പ്പൂക്കള്‍ സമ്മാനിക്കണം..
മെട്രൊയില്‍ കയറിയാണ്, കാലത്ത് തന്നെ കതീഡ്രലിലെത്തിയത്. മധ്യകാല ഗോഥിക് വാസ്തുശില്പമാതൃകയില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണിതുടങ്ങി, നൂറു വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ ഈ ദേവാലയം സ്ഥിതിചെയ്യുന്നത് കൊണ്ടായിരിക്കാം, ഈ സ്ഥലത്തിന് ‘പാരീസിലെ ഞങ്ങളുടെ വനിത’ (ഛൗൃ ഘമറ്യ ീള ജമൃശ)െ എന്നര്‍ത്ഥം വരുന്ന നോത്ര് ദാം എന്ന പേര് വന്നിട്ടുണ്ടാകുക.
ഫ്രഞ്ച് കലാരൂപങ്ങളുടെ മിശ്രണംകൂടി നടത്തി, വിശുദ്ധ കന്യാമറിയത്തിന് വേണ്ടി പവിത്രീകരിച്ച് പണിത പള്ളിയാണിത്. റോസ് നിറത്തിലുള്ള ജനാലകളും, ആടിയുലഞ്ഞ് നില്ക്കുന്ന മുട്ടുതൂണുകളും ഉപഭിത്തികളും, റോമന്‍ മാതൃകയിലുള്ള കൊത്തുപണി അലങ്കാരങ്ങളുമാണ് ഒരാളെ ഈ കതീഡ്രലിലേക്ക് ആദ്യം ആകര്‍ഷിക്കുക.
226 അടി ഉയരത്തില്‍, രണ്ട് കൂറ്റന്‍ ഗോപുരങ്ങളോട് കൂടി ആകാശത്തോട് മുട്ടി നില്ക്കുന്ന തരത്തിലാണ് ഈ പള്ളി രൂപകല്പ്പന ചെയ്യപ്പെട്ടിട്ടുള്ളത്. 420 അടി നീളവും 157 അടി വീതിയുമുണ്ട്. പത്ത് മണികള്‍, ഇടക്കിടെ വിശ്വാസികളെ പല ആവശ്യങ്ങള്‍ക്കും ഓര്‍മിപ്പിക്കലിനുമായി, മുഴങ്ങിക്കൊണ്ടെയിരിക്കുംന്നു..അതില്‍ഒന്നിന് 13 ടണ്‍ ആണ് ഭാരം.
യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന കതീഡ്രല്‍, എ.ഡി. 1160 ല്‍, ബിഷപ് മോറിസ്‌ദെസുല്ലിയുടെ കാലഘട്ടത്തിലാണ് പണിതുടങ്ങിയത്. ഏകദേശം എ.ഡി. 1260 ആയപ്പോഴാണ് പൂര്‍ണ്ണമായ രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവില്‍ നടന്ന ഫ്രഞ്ച് വിപ്ലവവും, തുടര്‍ന്നുണ്ടായ നെപ്പോളിയന്റെ അധികാരലബ്ധിയും കൊണ്ട് കതീഡ്രലിന് അതിന്റെ ആത്മീയഭാവം കൈമോശംവന്നത് ഇന്നത്തെ ഫ്രഞ്ച് ക്രിസ്തീയവിശ്വാസികള്‍ ഏറെ ദു:ഖത്തോട് കൂടിയാണ് ഓര്‍ക്കുന്നത്.
നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുത്ത്, ഒരുതിരിച്ചുവരവുമായി ഈ കതീഡ്രല്‍ പിന്നീട് തിളങ്ങാന്‍ കാരണമാകുന്നത് 1831 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട വിക്തര്‍ യൂഗോയുടെ ‘നോത്ര് ദാമിലെകൂനനി’ലൂടെയാണ്. നോവല്‍ വായിച്ച് രസിച്ച ലോകത്തുള്ള നിരവധി വിശ്വാസികള്‍, അറ്റകുറ്റപ്പണികള്‍ നടത്താനുള്ളസംഭാവനകള്‍ നല്കിയുംസന്ദര്‍ശനം കൊണ്ട് ധന്യപ്പെടുത്തിയും ഈ കതീഡ്രലിനെ വീണ്ടും ആഗോള ശ്രദ്ധയില്‍ കൊണ്ടുവന്നു. ക്രിസ്തുവിന് മുമ്പ് ഇവിടെ ജൂപിറ്റര്‍ ദേവനെ ആരാധിക്കാനുള്ള ഒരു ക്ഷേത്രം ഉണ്ടായിന്നുഎന്നൊരു ചരിത്രവുമുണ്ട്.
യേശുവിനെ കുരിശിലേറ്റുന്നതിന് മുമ്പ്, ശത്രുക്കള്‍ അണിയിച്ചിരുന്നു എന്ന് കരുതുന്ന മുള്‍ക്കിരീടം ഒരു തിരുശേഷിപ്പായി ഈ കത്തീഡ്രലിലാണ് സൂക്ഷിച്ചു വെച്ചിട്ടുള്ളത്. ദിനംപ്രതി ആയിരക്കണക്കിന് സഞ്ചാരികള്‍ സന്ദര്‍ശനത്തിനെത്തുന്ന പള്ളിയും പരിസരവും കത്തോലിക്ക വിശ്വാസികളുടെ പ്രര്‍ത്ഥനാ നിരതമായകാഴ്ചകളെക്കൊണ്ട് കൂടി നിറവാര്‍ന്നതാണ്.
കന്യാമറിയത്തിന്റെ 37 വിവിധരൂപങ്ങള്‍ ഈ കതീഡ്രലില്‍ ഞാനടക്കമുള്ളവരെ എതിരേറ്റു. യേശുവിനെ ഏറ്റിയകുകുരിശിന്റെ ഒരു കഷ്ണവും, തിരുമുറിവുകളുണ്ടാക്കാന്‍ കാരണമായ ആണികളില്‍ ഒരെണ്ണവും ഈ കതീഡ്രലില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. എല്ലാവര്‍ഷവും മെയ് 1ന് ഇവിടേക്ക് ഒരുരുപെയിന്റിങ്ങ് എന്ന നേര്‍ച്ച അര്‍പ്പിക്കുന്ന ഗോള്‍ഡ് സ്മിത്ത്ഗില്‍ഡുകള്‍ സമ്മാനിച്ച പെയിന്റിങ്ങുകള്‍, ഈ പള്ളിയെ പലപ്പോഴും ഒരു മ്യൂസിയമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.
സ്വച്ഛന്ദമായ നിശ്ശബ്ദതയിലൂടെ ചരിത്രവും മിത്തും കൂട്ടിക്കുഴച്ച്, ഓരോ മുറികളിലും അള്‍ത്താര വക്കത്തുംകൗതുകത്തോടെ നടക്കുന്ന സന്ദര്‍ശകനെ മണിക്കൂറുകള്‍ പിടിച്ച് നിര്‍ത്തിയ ശേഷമേ നോത്ര് ദാമിലെ കതീഡ്രല്‍ സ്വതന്ത്രമാക്കൂ.. ലൂവ്ര് മ്യൂസിയത്തിലേക്കും എയ്ഫല്‍ ടവറിലേക്കും എത്താറുള്ളത് കൊണ്ട് തിടുക്കത്തില്‍ പുറത്തേക്കിറങ്ങി, അവിടുത്തെ വിശുദ്ധി നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും, മനസില്ലാ മനസ്സോടെവിടുതല്‍ നേടി.
കതീഡ്രലിന്റെ ചിലഭാഗങ്ങള്‍ കത്തിയമര്‍ന്നിരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ നടുക്കമാണുണ്ടായത്. ഇപ്പോള്‍ കത്തിയമര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മിക്കുമായിരിക്കാം.. പക്ഷെ തീ വിഴുങ്ങിയ ചില യഥാര്‍ത്ഥ ചരിത്രാവശേഷിപ്പുകള്‍ക്ക് സത്യത്തില്‍ എന്താണ് സംഭവിച്ചിരിക്കുക എന്ന ആകുലതയോട് കൂടിയാണ് ഇക്കഴിഞ്ഞ സന്ദര്‍ശനത്തിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വീണ്ടുംമറിച്ചു നോക്കിയത്. പേഴ്‌സണല്‍ ലൈബ്രറിയുടെ പുസ്തകറാക്കില്‍ നിന്നും ഒരുരു കള്ളനെപ്പോലെ ‘നോത്ര് ദാമിലെ കൂനന്‍’ എന്ന പെന്‍ഗ്വിന്‍ പബ്ലിഷ്ഡ്‌കോപ്പി എന്നെ നോക്കി വശീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. – ഒരിക്കല്‍കൂടി, വായനയിലൂടെ അനുഭവിക്കാന്‍ ക്ഷണിച്ചുകൊണ്ട്.

You must be logged in to post a comment Login