‘ഞാന്‍ വായ തുറന്നാല്‍, രാജ്യം കിടുങ്ങും’: നേതൃത്വത്തെ ലക്ഷ്യമിട്ട് ദാവൂദുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച ബിജെപി നേതാവ്

ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വസതിയില്‍ നിന്നും ഏക്‌നാഥ് ഖഡ്‌സെക്ക് നിരന്തരം ഫോണ്‍കോളുകള്‍ വരാറുണ്ടെന്ന വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

khadse

ന്യൂഡല്‍ഹി: താന്‍ വായ തുറന്നാല്‍ രാജ്യം മുഴുവന്‍ കിടുങ്ങുമെന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ടെലിഫോണില്‍ ബന്ധപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെ. ജാലഗണിലെ സ്വന്തം മണ്ഡലത്തില്‍ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഏക്‌നാഥിന്റെ പരാമര്‍ശം. ‘ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ രാജിവെച്ചെങ്കിലും ഞാന്‍ വായ തുറന്നാല്‍ ഈ രാജ്യം തന്നെ കിടുങ്ങും’ – എന്നായിരുന്നു ഏക്‌നാഥിന്റെ വാക്കുകള്‍.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ ലക്ഷ്യമിട്ടും ഏക്‌നാഥ് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയുമായുള്ള ബിജെപി സഖ്യം അവസാനിപ്പിക്കാന്‍ താനാണ് മുന്‍കൈ എടുത്തത്. സഖ്യം ഉപേക്ഷിച്ചില്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രി ശിവസേനാ നേതാവാകുമായിരുന്നു. സഖ്യം അവസാനിപ്പിക്കാനുള്ള തന്റെ ഇടപെടല്‍ കാരണമാണ് മുഖ്യമന്ത്രി സ്ഥാനത്ത് ബിജെപി നേതാവ് ഇരിക്കുന്നതെന്നും ഏ്ക്‌നാഥ് പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ വസതിയില്‍ നിന്നും ഏക്‌നാഥ് ഖഡ്‌സെക്ക് നിരന്തരം ഫോണ്‍കോളുകള്‍ വരാറുണ്ടെന്ന വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ദാവൂദുമായുള്ള ഫോണ്‍ വിളി ആരോപണത്തിന് പുറമെ അനധികൃത ഭൂമി തട്ടിപ്പും ഖഡ്‌സെയുടെ രാജിയ്ക്ക് കാരണമായിരുന്നു. 30 കോടി രൂപയുടെ സര്‍ക്കാര്‍ ഭൂമി 4 കോടി രൂപക്ക് ഭാര്യക്കും മകനും ചുളുവിലക്ക് സര്‍ക്കാര്‍ ഭൂമി മറിച്ചുനല്‍കിയെന്നാണ് അരോപണം.

You must be logged in to post a comment Login