ടയര്‍ കമ്പനികള്‍ വിലയിടിച്ചു; റബ്ബര്‍ വില വീണ്ടും കുറയുന്നു

rubber2

തൊടുപുഴ: വന്‍കിട ടയര്‍കമ്പനികള്‍ സംഘടിതമായി വിലയിടിച്ചതോടെ റബ്ബര്‍ മേഖല വീണ്ടും വന്‍പ്രതിസന്ധിയിലേക്ക്. ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില 15 ദിവസത്തിനിടയില്‍ കിലോയ്ക്ക് 13 രൂപ കുറഞ്ഞ് 131 രൂപയായി. റബ്ബര്‍ ബോര്‍ഡ് നിശ്ചയിച്ച ഈ വില നല്‍കാന്‍ പോലും കമ്പനികള്‍ ഏതാനും ദിവസമായി തയ്യാറാകുന്നില്ല. അടുത്ത ദിവസങ്ങളില്‍ വില 125ലും താഴെപ്പോകുമെന്നാണ് സൂചന.

പ്രമുഖ കമ്പനി പരമാവധി 128 രൂപയാണ് വ്യാഴാഴ്ച പറഞ്ഞത്. മറ്റ് കമ്പനികളെല്ലാം സംഘടിതമായി മാറിനില്‍ക്കുകയാണ്. വിദേശത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ കിട്ടുന്ന ക്രമ്പ് റബ്ബറിന്റെ വിലയില്‍ ഇവിടെനിന്ന് റബ്ബര്‍ കിട്ടാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്.

ഓണമാകുന്നതോടെ കര്‍ഷകന്‍ കിട്ടുന്ന വിലയ്ക്ക് റബ്ബര്‍ വില്‍ക്കുമെന്ന പ്രതീക്ഷയിലാണിവര്‍. ഇതോടെ വാങ്ങിയ വിലയ്ക്കു പോലും വില്‍ക്കാനാകാതെ വന്‍കിടചെറുകിട വ്യാപാരികളും പ്രതിസന്ധിയിലായി. കോടികളുടെ നഷ്ടമാണ് ഇതുണ്ടാക്കുക.

ആഗസ്ത് ഒമ്പതു വരെ ആര്‍.എസ്.എസ്.നാല് ഇനത്തിന് കിലോയ്ക്ക് 144രൂപയായിരുന്നു വില. വ്യാഴാഴ്ച ഒറ്റയടിക്കു മൂന്നു രൂപ കുറഞ്ഞ് 131രൂപയായി.

രണ്ടാഴ്ചയായി ദിവസേന ചെറുതായി വില കുറയുകയായിരുന്നു. എന്നാല്‍ കമ്പനികള്‍ സംഘടിതമായി മാറിനിന്നതോടെ വില പെട്ടെന്ന് കൂപ്പുകുത്തി. ടാപ്പിങ് സീസണ്‍ ആരംഭിച്ചതോടെ റബ്ബര്‍ വിപണിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.

ടാപ്പിങ് ഇല്ലാതിരുന്ന മഴക്കാലത്ത് റബ്ബര്‍ബോര്‍ഡ് പ്രഖ്യാപിച്ച വിലയേക്കാള്‍ ഒന്നോ രണ്ടോ രൂപ അധികം നല്‍കാന്‍ തയ്യാറായവരാണ് രണ്ടാഴ്ചയ്ക്കിടെ മലക്കംമറിഞ്ഞിരിക്കുന്നത്.

അന്താരാഷ്ട്ര വിലയിലുണ്ടായ കുറവാണ് ഇവിടുത്തെ വിലക്കുറവിന് കാരണമെന്ന് പറയാനാകില്ല. ആഗസ്ത് ഒന്നിന് ബാങ്കോക്ക് വിപണിയില്‍ ഇന്ത്യയിലെ ആര്‍.എസ്.എസ്.നാലിന് തുല്യമായ ആര്‍.എസ്.എസ്.മൂന്നിന് 119രൂപയായിരുന്നു വില.അപ്പോള്‍ ഇന്ത്യയില്‍ വില 144രൂപയായിരുന്നു.

ഒമ്പതാം തിയ്യതി അന്താരാഷ്ട്ര വില 119 ആയപ്പോഴും ഇന്ത്യയില്‍ വിലയിലെ വിലയില്‍ മാറ്റമുണ്ടായില്ല. പിന്നീടാണ് വില കുത്തനെ കുറഞ്ഞുതുടങ്ങിയത്. 22ന് ബാങ്കോക്ക് വില 112ല്‍ തുടരുമ്പോള്‍ ഇവിടെ വില 136രൂപയായി കുറഞ്ഞു. വ്യാഴാഴ്ചയത് 131രൂപയാകുകയായിരുന്നു. ബാങ്കോക്ക് വില ഇപ്പോള്‍ 107രൂപയാണ്.

You must be logged in to post a comment Login