ടാന്‍സാനിയന്‍ യുവതിയെ വിവസ്ത്രയാക്കി മര്‍ദിച്ച സംഭവം; പ്രതിഷേധം ശക്തം

21കാരിയെ ആക്രമിച്ച ജനക്കൂട്ടം ഇവരുടെ വിവസ്ത്രയാക്കുകയും ഒപ്പമുണ്ടായിരുന്നവരെ മര്‍ദിക്കുകയും ചെയ്തു. രണ്ടു പെണ്‍കുട്ടികളടക്കം ഏഴുപേരായിരുന്നു കാറിലുണ്ടായിരുന്നത്.


tanzanian

 

ബംഗളുരു: ബംഗളുരുവില്‍ ടാന്‍സാനിയന്‍ യുവതിയെ വിവസ്ത്രയാക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ക്കു നേര്‍ക്ക് നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നതായും ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചതെന്നും ഓള്‍ ആഫ്രിക്കന്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നിയമോപദേഷ്ടാവ് ബോസ്‌കോ കവീസി ആരോപിച്ചു. സംഭവത്തെക്കുറിച്ച് ന്യൂഡല്‍ഹിയിലെ ടാന്‍സാനിയന്‍ എംബസി കേന്ദ്ര സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ബംഗളുരു ആചാര്യ കോളേജില്‍ ബിബിഎ വിദ്യാര്‍ഥിയായ ടാന്‍സാനിയന്‍ യുവതിക്കും സഹപാഠികള്‍ക്കും നേര്‍ക്ക് ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. അക്രമം നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഒരു സുഡാന്‍ പൗരന്‍ ഓടിച്ച കാര്‍ ഇടിച്ച് പ്രദേശവാസിയായ ഒരു യുവതി മരിച്ചിരുന്നു. ഇതേതുടര്‍ന്ന് അപകടസ്ഥലത്ത് കൂടിനിന്ന ആളുകള്‍ക്കിടയിലേക്കു വാഹനമോടിച്ചെത്തിയ പെണ്‍കുട്ടിയെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ സുഡാന്‍ പൗരന്റെ സുഹൃത്താണു ടാന്‍സാനിയന്‍ യുവതി എന്നു തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.

21കാരിയെ ആക്രമിച്ച ജനക്കൂട്ടം ഇവരുടെ വിവസ്ത്രയാക്കുകയും ഒപ്പമുണ്ടായിരുന്നവരെ മര്‍ദിക്കുകയും ചെയ്തു. രണ്ടു പെണ്‍കുട്ടികളടക്കം ഏഴുപേരായിരുന്നു കാറിലുണ്ടായിരുന്നത്. തനിക്ക് അപകടത്തെകുറിച്ച് ഒന്നുമറിയില്ലെന്ന യുവതിയുടെ വാദം ജനക്കൂട്ടം ചെവിക്കൊണ്ടില്ല. യുവതിയെ വഴിയലൂടെ നഗ്നയാക്കി നടത്തിയ ജനക്കൂട്ടം ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് തീയിടുകയും ചെയ്തു. ഇതിനിടെ ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ വീണ്ടും ജനക്കൂട്ടം വലിച്ചു പുറത്തിട്ടു മര്‍ദിച്ചു.

തുടര്‍ന്ന്, ആക്രമണത്തിനിരയായ യുവതി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും കേസെടുക്കാന്‍ തയാറായില്ലെന്നു റിപ്പോര്‍ട്ടുണ്ട്. അപകടമുണ്ടാക്കിയ സുഡാന്‍ പൗരനെ സ്റ്റേഷനില്‍ എത്തിച്ചാല്‍ മാത്രമേ കേസെടുക്കു എന്നാണു പോലീസ് നിലപാട് സ്വീകരിച്ചതെന്നും നിയമോപദേഷ്ടാവ് ബോസ്‌കോ കവീസി ആരോപിച്ചു. അപകടത്തിന് ഉത്തരവാദിയായ സുഡാന്‍ പൗരന്‍ ജനക്കൂട്ടത്തിന്റെയും പോലീസിന്റെയും കൈയിലുണ്ടായിരുന്നെന്നും പിന്നെന്തിനാണ് യുവതിയെ മര്‍ദിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ആക്രമണം വിവാദമായതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login